Tuesday, October 28, 2008

സഭകള്‍ സഹകരിക്കേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യം: മാര്‍ പവ്വത്തില്‍

സഭകള്‍ ഒന്നാകണമെന്ന യേശുവിന്റെ തീവ്രമായ ആഗ്രഹത്തിന്റെ സാക്ഷാത്കാരമാണ്‌ എക്യുമെനിക്കല്‍ സംരംഭമെന്ന്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. അല്‍ഫോന്‍സാ നാമകരണ ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ വൈകുന്നേരം കുടമാളൂര്‍ മുക്തിമാതാ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന എക്യുമനിക്കല്‍ സമ്മേളനം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭകള്‍ അന്യോന്യം ആക്ഷേ പിക്കാതെ ആശ്ലേഷിക്കുകയും സഹകരിക്കുകയുമാണ്‌ ഇന്നിന്റെ ആവശ്യമെന്ന്‌ മാര്‍ പവ്വത്തില്‍ ചൂണ്ടിക്കാട്ടി. അല്‍ഫോന്‍സാമ്മ കാണിച്ചുതന്ന ആന്തരിക വിശുദ്ധി സമൂഹത്തിന്റെ വിശുദ്ധിയാക്കി മാറ്റണമെന്ന കാര്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.സഹനത്തിലൂടെ മാത്രമേ ദൈവത്തോടും മനുഷ്യരോടുമുള്ള സ്നേഹം സാക്ഷാത്കരിക്കാന്‍ സാധിക്കൂവെന്ന്‌ നിരണം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റോംസ്‌ അഭിപ്രായപ്പെട്ടു. മണ്ണും വെള്ളവുമില്ലാതെ വിഗ്രഹം നിര്‍മിക്കാന്‍ ആവാത്തതുപോലെ സഹനവും ദൈവാശ്രയവുമില്ലാതെ വിശുദ്ധി കൈവരിക്കാനാകില്ല. ലോകത്തിന്റെ വെളിച്ചമായി തീരാന്‍ മദര്‍ തെരേസയും അല്‍ഫോന്‍സാമ്മയും വിളിക്കപ്പെട്ടതുപോലെ നമുക്കും ദൈവദത്തമായ വിളിയുണ്ട്‌. വരള്‍ച്ച, അന്ധകാരം, ഏകാന്തത എന്നിവ ആന്തരിക വിശുദ്ധിയിലേക്ക്‌ നയിക്കു ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലുഷിതമായ ഈ ലോകം തരുന്ന വേദനിപ്പിക്കുന്ന ഓര്‍മകള്‍ക്കിടയില്‍ സാന്ത്വനമേകുന്ന ഓര്‍മകളാണ്‌ വിശുദ്ധര്‍ നമുക്ക്‌ സമ്മാനിക്കുന്നതെന്ന്‌ മാര്‍ത്തോമ്മ സഭയുടെ റാന്നി നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ്‌ മാര്‍ അത്തനേഷ്യസ്‌ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. യേശുവിന്റെ അന്ത്യത്താഴവും കാലുകഴുകല്‍ ശുശ്രൂഷയും അത്തരം ഓര്‍മകളാണ്‌ സമ്മാനിക്കുന്നത്‌. അശാന്തി നിറഞ്ഞ ഇന്നത്തെ ലോകത്തില്‍ ആഹ്ലാദത്തിന്റെയും ആശ്വാസത്തിന്റെ സന്ദേശമാണ്‌ ഇക്കഴിഞ്ഞ ഒക്ടോബര്‍ 12 പങ്കുവച്ചത്‌.ഇന്നത്തെ കാലഘട്ടത്തിന്‌ കരുണാമയനായ ദൈവം നല്‍കിയ ദിവ്യ സമ്മാനമാണ്‌ വിശുദ്ധ അല്‍ ഫോന്‍സാമ്മയെന്ന്‌ യാക്കോബായ സുറിയാനി കോഴിക്കോട്‌ ഭദ്രാസനാധിപന്‍ പൗലോസ്‌ മാര്‍ ഐറേനിയോസ്‌ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.ദൈവത്തോട്‌ ശിശുഭാവവും അയല്‍ക്കാരോട്‌ മാതൃഭാവവും തന്നോടുതന്നെ ന്യായാധിപ ഭാവവും പുലര്‍ത്തിയ വിശുദ്ധയാണ്‌ അല്‍ഫോന്‍സാമ്മയെന്ന്‌ സി.എസ്‌.ഐ ബിഷപ്‌ റവ. സാം മാത്യു അഭിപ്രായപ്പെട്ടു. വികാരി ഫാ.ജോര്‍ജ്‌ കൂടത്തില്‍ സ്വാഗതവും പ്രഫ.മാത്യു ഉലകംതറ നന്ദിയും പറഞ്ഞു