Monday, October 27, 2008

വിദ്യാഭ്യാസരംഗത്ത്‌ ക്രിസ്ത്യന്‍ മിഷണറിമാരുടെ സേവനം വിലപ്പെട്ടത്‌: മോന്‍സ്‌ ജോസഫ്‌

കേരളത്തിന്റെ വിദ്യാഭ്യാസ വളര്‍ച്ചയ്ക്ക്‌ ക്രിസ്ത്യന്‍ മിഷണറിമാരുടെ സേവനം വിലപ്പെട്ടതായിരുന്നെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി മോന്‍സ്‌ ജോസഫ്‌. മിഷണറിമാരുടെ വിദ്യാഭ്യാസ സംഭാവനകളിലൂടെ വളര്‍ന്ന വിദ്യാഭ്യസരംഗം പൊതുമേഖലയിലൂടെയും സ്വാശ്രയമേഖലയിലൂടെയും സഞ്ചരിച്ച്‌ നാടിന്റെ യശസ്സുയര്‍ത്തിനില്‍കുമ്പോള്‍ പിന്നിട്ടവഴികളെ ചെറുതായികാണിക്കാന്‍ ആരും ശ്രമിക്കരുതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്ട്‌ ഹോളിക്രോസ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്മെന്റ്‌ ആന്‍ഡ്‌ ്‌ ടെക്നോളജിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.വിദ്യാഭ്യാസ രംഗത്ത്‌ പൊതുമേഖലയുടെ പ്രവര്‍ത്തനം വിലപ്പെട്ടതാണെങ്കിലും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍കൊണ്ടുമാത്രം മെച്ചപ്പെട്ട വിദ്യാഭ്യാസ പുരോഗതി കൈവരിക്കാന്‍ നമ്മുടെ സംസ്ഥാനത്തിന്‌ കഴിയില്ല. അതുകൊണ്ടു തന്നെ സ്വാശ്രയ വിദ്യാഭ്യാസരംഗം ശക്തിപ്പെടേണ്ടതും വിദ്യാഭ്യാസ അവശ്യം തന്നെ. എന്നാല്‍ യാതൊരു മാനദണ്ഡങ്ങളുമില്ലതെ മുളച്ചുപൊന്തി വിദ്യാഭ്യാസത്തെ കച്ചവടക്കണ്ണോടെ മാത്രം കാണുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കേണ്ടതും അനിവാര്യമാണെന്ന്‌ മന്ത്രി ചൂണ്ടിക്കാട്ടി.ചടങ്ങില്‍ താമരശേരി രൂപത ബിഷപ്്‌ മാര്‍ പോള്‍ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ധാര്‍മികതയും മൂല്യബോധവുമുള്ള സമൂഹത്തെ വാര്‍ത്തെടുക്കലാവണം വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യമെന്ന്‌ അദ്ദഹം പറഞ്ഞു. ഭാരതത്തിന്റെ മക്കള്‍ എന്ന നിലയില്‍ ജാതിമതഭേദമന്യേ ഏക സഹോദരങ്ങളായി ജീവിക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ നാട്‌ ഇന്ന്‌ അനുഭവിച്ചുകൊണ്ടിരിക്കുന്ന ആപത്തുകളില്‍ നിന്നെല്ലാം ശാശ്വത സമാധാനം കൈവരുമെന്നും ആധുനിക വിദ്യാഭ്യാസമാര്‍ജിക്കുന്ന പുതുതലമുറ അതിനായി പ്രവര്‍ത്തിക്കണമെന്നും ബിഷപ്‌ കൂട്ടിച്ചേര്‍ത്തു.കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ജോയിന്റ്‌ രജിസ്ട്രാര്‍ വേദവ്യാസന്‍, മേയര്‍ എം.ഭാസ്കരന്‍, എ.പ്രദീപ്‌ കുമാര്‍ എംഎല്‍എ, കോര്‍പറേഷന്‍ കൗണ്‍സിലര്‍ യു.ടി രാജന്‍, അഡ്വ. ടി.ജെ വര്‍ക്കി, ഹോളിക്രോസ്‌ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റജീസ്‌ കൊച്ചേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹോളിക്രോസ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഡയരക്ടര്‍ ഷൈനി ജോര്‍ജ്‌ സ്വാഗതവും പ്രിന്‍സിപ്പല്‍ കെ.പി ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു