ലോകത്തിലെ ഏറ്റവും വലിയ നിലവിളക്ക് എന്ന ബഹുമതി സ്വന്തമാക്കിയ കൂത്താട്ടുകുളം ടൗണ്‍പള്ളിയിലെ നിലവിളക്കിന് ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ്സ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്ന് ഏറ്റുവാങ്ങും. ഉച്ചയ്ക്ക് 12-ന് നടക്കുന്ന ചടങ്ങില്‍ തിരുവല്ല മുന്‍ രൂപതാധ്യക്ഷന്‍ ഗീവര്‍ഗീസ് മാര്‍ തീമോത്തിയോസ്, വികാരി ഫാ. സെബാസ്റ്റ്യന്‍ എട്ടുപറയിലിന് സര്‍ട്ടിഫിക്കറ്റ് കൈമാറും. കഴിഞ്ഞ പത്ത് ദിവസമായി പള്ളിയില്‍ നടക്കുന്ന വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാള്‍ ആഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത്. ഇരുപത്തി നാലര അടി ഉയരമുള്ള നിലവിളക്കിന് 6640 കിലോയാണ് ഭാരം. ആയിരത്തൊന്ന് തിരിയുള്ള വിളക്കിന് ഒമ്പത് നിലകളാണുള്ളത്. താഴത്തെ നിലയ്ക്ക് 120 ഇഞ്ചാണ് വ്യാസം. അഞ്ച് വര്‍ഷം മുമ്പ് അന്നത്തെ വികാരി ഫാ. ജോര്‍ജ് വേളൂപ്പറമ്പില്‍ മുന്‍കൈയെടുത്താണ് കൂറ്റന്‍ നിലവിളക്ക് പള്ളിയങ്കണത്തില്‍ സ്ഥാപിച്ചത്. 20 തൊഴിലാളികളുടെ അഞ്ച് മാസം നീണ്ടുനിന്ന അധ്വാനമാണ് 20 ലക്ഷം രൂപ ചെലവില്‍ പണിതീര്‍ത്ത നിലവിളക്കിന് പിന്നില്‍. മാന്നാറിലെ പി.ആര്‍.എം. ലക്ഷ്മണയ്യര്‍ അസോസിയേറ്റ്സിനായിരുന്നു ഇതിന്റെ നിര്‍മാണ ചുമതല. 2003 ഒക്ടോബര്‍ 28-നാണ് നിലവിളക്ക് ആശീര്‍വദിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരെ നിലവിളക്കിന്റെ സൗന്ദര്യം ആകര്‍ഷിക്കുന്നു. പ്രധാന തിരുനാള്‍ ദിവസമായ ഇന്ന് രാവിലെ 10.30-ന് മലങ്കര റീത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന, സന്ദേശം നൊവേന-ഗീവര്‍ഗീസ് മാര്‍ തീമോത്തിയോസ്.രാവിലെ 5.30 മുതല്‍ നെയ്യപ്പ നേര്‍ച്ചവിതരണം ഉണ്ടായിരിക്കും. വിശുദ്ധന്റെ തിരുശേഷിപ്പ് ചുംബിക്കുന്നതിനും അവസരമുണ്ട്. വികാരി ഫാ. സെബാസ്റ്റ്യന്‍ എട്ടുപറയില്‍, കൈക്കാരന്മാരായ ജോസ് പാറപ്പുറത്ത് പുത്തന്‍പുര, ജോര്‍ജ് കണിപറമ്പില്‍, സജി എം. ജോണ്‍ മുട്ടനോലില്‍, ഉലഹന്നന്‍ മേക്കാട്ടില്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും