മറ്റു മതങ്ങളോടു പുലര്‍ത്തുന്ന ബഹുമാനമാണ് ഇന്ത്യന്‍ ഭരണഘടനയുടെ ചൈതന്യമെന്ന് സുപ്രീംകോടതി ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. പാലാരിവട്ടം പി.ഒ.സിയില്‍ ന്യൂമാന്‍ അസോസിയേഷന്‍ മതനിരപേക്ഷ രാഷ്ട്രത്തില്‍ മതത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതങ്ങളില്‍ വിശ്വസിക്കുന്നതിനും ആചാരാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്നതിനും അത് പ്രഘോഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കിയിട്ടുണ്ട്. ഇതാണ് മറ്റു രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയെ വ്യത്യസ്തമാക്കുന്നത്. മതങ്ങള്‍ പഠിപ്പിക്കുന്ന മൂല്യങ്ങള്‍ വ്യക്തികള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും അങ്ങനെ സമൂഹം നന്നാവുകയും അതിലൂടെ രാഷ്ട്രം പുരോഗതി പ്രാപിക്കുകയും ചെയ്യുക എന്നതാണ് ഇന്ത്യന്‍ ഭരണഘടന ലക്ഷ്യമാക്കുന്നത്. സര്‍ക്കാരുകള്‍ മതങ്ങളോടു പുലര്‍ത്തേണ്ട കാര്യങ്ങള്‍ മാത്രമല്ല ഇന്ത്യന്‍ ഭരണഘടനയില്‍ അനുശാസിക്കുന്നത്. മറിച്ച് ഓരോ പൗരനും മറ്റു മതങ്ങളോട് പുലര്‍ത്തേണ്ട കാര്യങ്ങളും ഭരണഘടന അനുശാസിക്കുന്നുണ്ട്്. ഇത്തരത്തില്‍ വ്യക്തികള്‍ കൂടി മറ്റു മതങ്ങളെ ബഹുമാനിക്കുന്നതിലൂടെ മാത്രമെ ഭരണഘടന ലക്ഷ്യമാക്കുന്ന യഥാര്‍ഥ മതേതരത്വം സാധ്യമാവൂ - അദ്ദേഹം പറഞ്ഞു. കോട്ടപ്പുറം രൂപതാ മെത്രാന്‍ റവ.ഡോ.ഫ്രാന്‍സിസ് കല്ലറക്കല്‍ അധ്യക്ഷത വഹിച്ചു. സ്വാമി പുരന്ദരാനന്ദ, ജസ്റ്റിസ് കെ.പി രാധാകൃഷ്ണ മേനോന്‍, ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍, ഫാ.ഏബ്രഹാം അടപ്പൂര്‍, പ്രസിഡന്റ് അഡ്വ.ജോസഫ് ജെ.തേറാട്ടില്‍, സാബു ജോസ് എന്നിവര്‍ പങ്കെടുത്തു.