സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിസാന്ദ്രമായ ചടങ്ങില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചു. സഹനത്തിലൂടെ മനുഷ്യസ്നേഹത്തിന്റെയും വിശുദ്ധിയുടെയും ഔന്നത്യങ്ങള്‍ കീഴടക്കിയ അല്‍ഫോന്‍സാമ്മ ആഗോളതലത്തില്‍ അള്‍ത്താര വണക്കത്തിന് അര്‍ഹയായ വിശുദ്ധയാണെന്ന് മാര്‍പ്പാപ്പ പ്രഖ്യാപിച്ചു. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെ സാക്ഷിനിര്‍ത്തി ഇന്ത്യന്‍ സമയം 1.50 നാണ് അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചത്. മാര്‍പ്പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോര്‍ജ്ജ് വലിയമറ്റം, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസഫ് പൗവ്വത്തില്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ മാത്യു അറക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായി പങ്കെടുത്തു. മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, കര്‍ദ്ദിനാള്‍ ഐവാന്‍ ഡയസ് തുടങ്ങി ഭാരതത്തില്‍ നിന്നുള്ള ഒട്ടേറെ സഭാ പിതാക്കന്മാര്‍ സന്നിഹിതരായിരുന്നു.