വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമത്തിലുള്ള ലോകത്തിലെ ഏകരൂപതയായ താമരശ്ശേരി രൂപതയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയെ വിശുദ്ധ പദവിയിലേക്കുയര്‍ത്തിയതിന്റെ ഓര്‍മ്മയ്ക്കായി വീടില്ലാത്തവര്‍ക്കായി 101 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് താമരശ്ശേരി രൂപതാ ബിഷപ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി പ്രസ്താവിച്ചു. പുല്ലുരാംപാറ ബഥാനിയ ധ്യാനകേന്ദ്രത്തില്‍ അല്‍ഫോന്‍സാമ്മയുടെ വിശുദ്ധപദവി പ്രഖ്യാപന ആഘോഷത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തിലാണ് ബിഷപ് ഈ പ്രഖ്യാപനം നടത്തിയത്. പൊതുസമ്മേളനം തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ്ജ് വലിയമറ്റം ഉദ്ഘാടനം ചെയ്തു. ദൈവം ആഗോളസഭയ്ക്കു കനിഞ്ഞുനല്‍കിയ അനുഗ്രഹമാണ് വിശുദ്ധ അല്‍ഫോന്‍സാമ്മയെന്ന് അദ്ദേഹം പറഞ്ഞു. സത്യത്തിനു വേണ്ടി നിലകൊള്ളുമ്പോള്‍ സഹനങ്ങളുണ്ടാകും. അത് സഹിഷ്ണുതയോടെ ഏറ്റെടുക്കുമ്പോള്‍ ദൈവകൃപ നമ്മിലേക്കൊഴുകും; അര്‍ച്ച് ബിഷപ് പറഞ്ഞു. ബിഷപ് ഡോ. മാക്സ് വെല്‍ നെറോണ, ഡോ. ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലിത്ത, മാനന്തവാടി ബിഷപ് മാര്‍ ജോസ് പൊരുന്നേടം, വികാരി ജനറല്‍ മോണ്‍ തോമസ് നാഗപറമ്പില്‍, സിസ്റ്റര്‍ മേരിയപ്പ എഫ്.സി.സി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഗസ്റ്റിന്‍ മഠത്തിപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.