Tuesday, November 4, 2008

ജീവിതം ക്രൈസ്തവസാക്ഷ്യമാക്കുക: മാര്‍ ജേക്കബ്‌ മനത്തോടത്ത്‌

ജീവിതം ക്രൈസ്തവസാക്ഷ്യമാക്കുന്നവരാണ്‌ യഥാര്‍ഥ ക്രിസ്ത്യാനികളെന്ന്‌ രൂപതാ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ മനത്തോടത്ത്‌ പറഞ്ഞു. യാക്കര ഹോളി ട്രിനിറ്റി ദേവാലയത്തില്‍ വിശുദ്ധ യൂദാ തദേവൂസിന്റെ തിരുനാളിന്റെ സമാപനദിവസമായ ഇന്നലെ നടന്ന വിശുദ്ധ കുര്‍ബാനയില്‍ സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്‌.പ്രാര്‍ഥനകളിലും ശുശ്രൂഷകളിലും മാത്രമായി ക്രൈസ്തവജീവിതം ചുരുങ്ങരുത്‌. ക്രിസ്ത്യാനികളെല്ലാം മാമോദീസ വഴി വിശുദ്ധീകരിക്കപ്പെട്ടവരാണ്‌. എന്നാല്‍ പിന്നീട്‌ ഈ വിശുദ്ധി നഷ്ടപ്പെട്ടുപോകുകയാണ്‌. ഈ വിശുദ്ധി നിലനിര്‍ത്തുന്നവരാണ്‌ വിശുദ്ധന്‍മാര്‍. നമുക്ക്‌ വേണ്ടി ദൈവത്തിങ്കല്‍ മാധ്യസ്ഥം അപേക്ഷിക്കുന്നവരാണ്‌ വിശുദ്ധന്‍മാര്‍. നാം പരിശ്രമിച്ചിട്ട്‌ ലഭിക്കാത്ത കാര്യങ്ങള്‍ വിശുദ്ധരിലൂടെ ദൈവം നമുക്ക്‌ നടത്തിത്തരികയാണ്‌ ചെയ്യുക. മറ്റുള്ളവരോട്‌ കരുണയുള്ള, ദയയുള്ള, ക്ഷമിക്കുന്ന വ്യക്തികളാകാനാണ്‌ നാം പ്രാര്‍ഥിക്കേണ്ടത്‌. വിഷമസന്ധികളില്‍ വീഴുന്നവരെ പ്രാര്‍ഥന വഴി സഹായിക്കുന്ന വിശുദ്ധനാണ്‌ യൂദാ തദേവൂസ്‌. യഥാര്‍ഥ ക്രിസ്തീയ ജീവിതം നയിക്കുമ്പോഴാണ്‌ ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ലഭിക്കുക. ബിഷപ്പ്‌ പറഞ്ഞു. ഫാ. മാര്‍ട്ടിന്‍ കളമ്പാടന്‍, ഫാ. റെജി എന്നിവര്‍ വിശുദ്ധ കുര്‍ബാനയ്ക്ക്‌ സഹകാര്‍മ്മികരായിരുന്നു.നേരത്തെ ഇടവക വികാരി ഫാ. ഡൊമിനിക്‌ ഐപ്പന്‍ പറമ്പിലിന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ ബിഷപ്പിനെ പള്ളിയിലേയ്ക്ക്‌ സ്വീകരിച്ചാനയിച്ചു. വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ്‌ എന്നിവയ്ക്കു ശേഷം പ്രദക്ഷിണവും ഊട്ടുനേര്‍ച്ചയും നടന്നു. ഇന്നലെ നടന്ന ചടങ്ങുകളോടെ കഴിഞ്ഞ പത്തു ദിവസമായി നടന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക്‌ തിരശീല വീണു.