Friday, November 7, 2008

ഒറീസയില്‍ പീഡനമേല്‍ക്കുന്നവര്‍ ഹൃദയത്തിലുണ്ട്‌ : കര്‍ദിനാള്‍ സാന്‍ദ്രി

ഒറീസയില്‍ പീഡിപ്പിക്ക പ്പെടുന്ന സഭാസമൂഹം തങ്ങളുടെ ഹൃദയത്തിലുണ്ടെന്നു വത്തിക്കാനിലെ പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ തലവന്‍ കര്‍ദിനാള്‍ ലെയനാര്‍ദോ സാന്‍ദ്രി. എറണാകുളം- അങ്കമാലി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ എറണാകുളം സെന്റ്‌ മേരീസ്‌ ബസിലിക്കയില്‍ നല്‍കിയ സ്വീകരണത്തിന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം. “ഒറീസ ഞങ്ങളുടേയും യൂറോപ്പിലെ സകല ജനങ്ങളുടെയും ഹൃദയത്തിലും അധരങ്ങളിലുമുള്ള പേരാണ്‌. അവിടെ പീഡിപ്പിക്കപ്പെടുന്ന സഭയോടൊത്ത്‌ ഞങ്ങളുണ്ട്‌. മതസ്വാതന്ത്ര്യത്തിനു വേണ്ടി ഞാ ന്‍ അഭ്യര്‍ഥിക്കുന്നു. സ്വാതന്ത്ര്യത്തിലും സമാധാനത്തിലും ജീവിക്കാനുള്ള അവകാശമാണ്‌ വേണ്ടത്‌” -അദ്ദേഹം പറഞ്ഞു. വിശ്വാസ പ്രഘോഷണത്തിന്‌ സീറോ മലബാര്‍ സഭ നല്‍കുന്ന പങ്ക്‌ എടുത്തു പറഞ്ഞ കര്‍ദിനാള്‍ സഭയുടെ ഘടനാപരമായ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ തനിക്കാകാവുന്നതു ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു. സീറോ മലബാര്‍ സഭയ്ക്ക്‌ അര്‍ഹമായ പ്രവര്‍ത്തന സ്വാതന്ത്ര്യം ഭാരതം മുഴുവന്‍ നല്‍കണമെന്നും ഇന്ത്യക്കു പുറത്തുള്ള സീറോ- മലബാര്‍ കത്തോലിക്കരുടെ അജപാലനാവകാശം സംരക്ഷിക്കപ്പെടണമെന്നുമുള്ള ബിഷപ്‌ തോമസ്‌ ചക്യത്തിന്റെ അഭ്യര്‍ഥനയ്ക്ക്‌ മറുപടിയായാണ്‌ അദ്ദേഹമിങ്ങനെ പറഞ്ഞത്‌.സീറോ മലബാര്‍ സഭയുടെ പൈതൃകവും വിശ്വാസ പാരമ്പര്യവും ആരാധനാ സ്വാതന്ത്ര്യവും പ്രതിസന്ധി നേരിടുന്നുണ്ടെന്ന്‌ സ്വീകരണ യോഗത്തില്‍ എറണാകുളം- അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ്‌ ചക്യത്ത്‌ പറഞ്ഞു. സഭാ തലവന്‍, മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ സ്ഥാനങ്ങള്‍ വഹിക്കുന്ന കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ ജോലി ഭാരം കുറയ്ക്കാന്‍ എറണാകുളം രൂപതയ്ക്ക്‌ പുതിയ ഇടയനെ നിശ്ചയിക്കണമെന്ന്‌ വൈദിക കൗണ്‍സില്‍ പ്രതിനിധി ഫാ .ജോയ്സ്‌ കൈതക്കോട്ടില്‍ അഭ്യര്‍ഥിച്ചു. സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌, പി.സി സിറിയക്‌ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌ സെന്റ്‌ മേരീസ്‌ ബസിലിക്കയില്‍ നടന്ന പ്രാര്‍ഥനയില്‍ കര്‍ദിനാള്‍ പങ്കെടുത്തു.സിഎംഐ സഭാ പ്രിയോര്‍ ജനറല്‍ ഫാ.ജോസ്‌ പന്തപ്ലാംതൊട്ടിയില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ.ജോസ്‌ വിതയത്തില്‍, വിന്‍സന്‍ഷ്യന്‍ സഭാ സുപ്പീരിയര്‍ ജനറല്‍ ഫാ.വര്‍ഗീസ്‌ പുതുശേരി, സിഎസ്ടി സുപ്പീരിയര്‍ ഫാ.ജോസഫ്‌ ചാത്തനാട്ട്‌, എംസിബിഎസ്‌ സുപ്പീരിയര്‍ ഫാ. ജോര്‍ജ്‌ കിഴക്കേമുറി, സിഎസ്ടി ബ്രദേഴ്സ്‌ സുപ്പീരിയര്‍ ബ്രദര്‍ വര്‍ഗീസ്‌ മഞ്ഞളി , വിവിധ സന്യാസിനീ സമൂഹങ്ങളുടെ സുപ്പീരിയര്‍മാര്‍, കെസിഎസ്‌എല്‍, അല്‍ത്താര ബാലന്മാര്‍ എന്നിവരുടെ പ്രതിനിധികള്‍ കര്‍ദിനാളിന്‌ പൂച്ചെണ്ടുകള്‍ നല്‍കി. ബസിലിക്ക റെക്ടര്‍ ഫാ.ആന്റണി പെരുമായന്‍ , ഫാ.കുര്യാക്കോസ്‌ മുണ്ടാടന്‍, ഫാ.പോള്‍ തേലക്കാട്ട്‌ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി. ഭാരതീയ ഭാഷകളില്‍ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥമായ വര്‍ത്തമാന പുസ്തകത്തിന്റെ കൈയെഴുത്തുപ്രതിയുടേയും പ്രസിദ്ധീകരിച്ച പതിപ്പുകളുടേയും പ്രദര്‍ശനോദ്ഘാടനം സെന്റ്‌ തോമസ്‌ മ്യൂസിയത്തില്‍്‌ കര്‍ദിനാള്‍ സാന്‍ദ്രി നിര്‍വഹിച്ചു.