Friday, November 7, 2008

ആലപ്പുഴയോടുള്ള നിഷേധാത്മക സമീപനം മാറ്റണം : കെആര്‍എല്‍സിബിസി

സര്‍ക്കാര്‍ ആലപ്പുഴയുടെ നീതിപൂര്‍വകമായ ആവശ്യങ്ങള്‍ അംഗീകരിക്കാനുള്ള ഇച്ഛാശക്തി കാട്ടണമെന്ന്‌ വരാപ്പുഴ അതിരൂപതാസ്ഥാനത്ത്‌ ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ.ഡാനിയേല്‍ അച്ചാരുപറമ്പില്‍ അധ്യക്ഷനായ (കെആര്‍എല്‍സിബിസി) കേരളാ റീജണ്‍ ലാറ്റിന്‍ കാത്തലിക്‌ ബിഷപ്സ്‌ കൗണ്‍സിലിന്റെ ഇന്നലെ സമാ പിച്ച യോഗം ആവശ്യപ്പെട്ടു. സുനാമി പുനരധിവാസ ഫണ്ട്‌ പൂര്‍ണമായും തീരപ്രദേശത്ത്‌ വിനിയോഗിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ആലപ്പുഴ രൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിനു ബിഷപ്പുമാര്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആലപ്പുഴ രൂപതയുടെ നീതിയുക്തമായ ആവശ്യങ്ങള്‍ നടപ്പിലാക്കണം. തീരദേശ ജനതയുടെ അടിസ്ഥാന വികസന ആവശ്യങ്ങള്‍ ക്കാണ്‌ സുനാമി പുനരധിവാസ ഫണ്ട്‌ വിനിയോഗിക്കേണ്ടത്‌. ആലപ്പുഴയിലെ സമരം സംസ്ഥാനത്തെ മറ്റ്‌ ജില്ലകളിലേക്ക്‌ വ്യാപിപ്പിക്കുന്നതിനെ കുറിച്ച്‌ ആലോചിക്കുന്നതിനും രൂപരേഖ തയാറാക്കുന്നതിനുമായി നവംബര്‍ 11-ന്‌ തിരുവനന്തപുരത്ത്‌ രൂപതാ പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ക്കും. കേരളത്തിലെ തീര പ്രദേശങ്ങളുടെ വികസനത്തിനായി രൂപതകളുടെ നേതൃത്വത്തില്‍ വികസന സമിതികള്‍ക്ക്‌ രൂപം കൊടുക്കുവാനും തീരുമാനിച്ചു. വിഴിഞ്ഞം പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കാതെ അവരെ കുടിയിറക്കരുത്‌. മൂലമ്പിള്ളിയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കുണ്ടായ ദുരന്തം വിഴിഞ്ഞത്ത്‌ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും മെത്രാന്‍ സമിതി ആവശ്യപ്പെട്ടു.യോഗത്തില്‍ കെആര്‍എല്‍സിബിസി പ്രസിഡന്റ്‌ വരാപ്പുഴ ആര്‍ച്ച്‌ ബിഷപ്‌ ഡോ.ഡാനിയേല്‍ അച്ചാരുപറമ്പില്‍ അധ്യക്ഷനായിരുന്നു.ആലപ്പുഴ ബിഷപ്‌ ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴി, കോഴിക്കോട്‌ ബിഷപ്‌ ഡോ.ജോസഫ്‌ കളത്തിപ്പറമ്പില്‍, പുനലൂര്‍ ബിഷപ്‌ ഡോ.ജോസഫ്‌ കരിയില്‍,നെയ്യാറ്റിന്‍കര ബിഷപ്‌ ഡോ.വിന്‍സന്റ്‌ സാമുവല്‍, കോട്ടപ്പുറം ബിഷപ്‌ ഡോ.ഫ്രാന്‍സിസ്‌ കല്ലറക്കല്‍, വിജയപുരം ബിഷപ്‌ ഡോ.സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരി, വരാപ്പുഴ അതിരൂപതാ സഹായ മെത്രാന്‍ ഡോ.ജോസഫ്‌ കാരിക്കശേരി, കൊല്ലം ബിഷപ്‌ ഡോ.സ്റ്റാന്‍ലി റോമന്‍, കണ്ണൂര്‍ ബിഷപ്‌ ഡോ.വര്‍ഗീസ്‌ ചക്കാലയ്ക്കല്‍ എന്നിവരും കെആര്‍എല്‍സിബിസി സെക്രട്ടറി ഫാ.സ്റ്റീഫന്‍ ജി.കുളക്കായത്തിലും യോഗത്തില്‍ പങ്കെടുത്തു