Monday, November 10, 2008

മാധ്യമങ്ങള്‍ നന്മയുടെയും സത്യത്തിന്റെയും വക്താക്കളാകണം: മാര്‍ പവ്വത്തില്‍

മാധ്യമങ്ങള്‍ നന്മയുടെയും സത്യത്തിന്റെയും സംവാഹകരാകണമെന്ന്‌ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ചെയര്‍മാന്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. ചങ്ങനാശേരി മീഡിയാ വില്ലേജിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സമൂഹ നിര്‍മിതിക്കായി മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കണം. സത്യസന്ധത, നീതി, ധര്‍മം, സമാധാനം എന്നിവയാണ്‌ ജനം ആഗ്രഹിക്കുന്നത്‌. ആ തലത്തില്‍ സമൂഹത്തെ നയിക്കാന്‍ മാധ്യമങ്ങള്‍ മുന്‍കൈയെടുക്കണം - മാര്‍ പവ്വത്തില്‍ അഭിപ്രായപ്പെട്ടു.സെമിനാറില്‍ ഗൗരിദാസന്‍നായര്‍, ബൈജു ചന്ദ്രന്‍, ഫാ.ജോസ്‌ നിലവന്തറ, ഫാ.സെബാസ്റ്റ്യന്‍ പുന്നശേരി എന്നിവര്‍ പ്രസംഗിച്ചു. രാവിലെ ഫോട്ടോ ഗ്രാഫിക്‌ ആനിമേഷന്‍ പ്രദര്‍ശനങ്ങള്‍ മെംബര്‍ ഓഫ്‌ ബ്രിട്ടീഷ്‌ എംബയര്‍ എലൈന്‍ ക്രേവന്‍ ഉദ്ഘാടനംചെയ്തു. ഭാവനകളും ജീവിത യാഥാര്‍ഥ്യങ്ങളും സമന്വയിക്കുന്ന ഫോട്ടോഗ്രഫി, ആനിമേഷന്‍ രംഗങ്ങള്‍ മനുഷ്യചേതനയെ ഉണര്‍ത്തുമെന്നും അത്‌ ജീവിതത്തിന്റെ അഭിഭാജ്യ ഘടകങ്ങളാണെന്നും എലൈന്‍ ക്രേവന്‍ പറഞ്ഞു. ചടങ്ങില്‍ ഫാ.ജോസ്‌ നിലവന്തറ, ഫാ.സെബാസ്റ്റ്യന്‍ പുന്നശേരി, ഫാ.ആന്റണി ഏത്തക്കാട്ട്‌, സ്കറിയാ ജോസ്‌ കാട്ടൂര്‍, ടോമി ഓലിക്കര എന്നിവര്‍ പ്രസംഗിച്ചു. നാളെ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം മീഡിയാ വില്ലേജിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.