Monday, November 10, 2008

വാഴ്ത്തപ്പെട്ട ചാവറയച്ചന്‍ നവോത്ഥാന നായകന്‍: കര്‍ദിനാള്‍ സാന്‍ദ്രി

വിദ്യാഭ്യാസം, സംസ്കാരം, മാധ്യമപ്രവര്‍ത്തനം, ആധ്യാത്മികം തുടങ്ങി വിവിധ മേഖലകളുടെ സമഗ്രവളര്‍ച്ചയ്ക്ക്‌ വാഴ്‌ ത്തപ്പെട്ട ചാവറയച്ചനും സി.എം. ഐ സന്യാസസമൂഹവും ചെയ്ത സേവനങ്ങള്‍ എക്കാലവും സ്മരണീയമാണെന്നു പൗരസ്ത്യ തിരുസംഘത്തിന്റെ പ്രീഫെക്ട്‌ കര്‍ദിനാള്‍ ലെയോനാര്‍ഡോ സാന്‍ദ്രി. മാന്നാനത്ത്‌ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചന്റെ കബറിടം സന്ദര്‍ശിച്ച ശേഷം ആശ്രമദേവാലയത്തില്‍ സി.എം.ഐ സഭ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സീറോ മലബാര്‍ സഭ ആഗോളതലത്തില്‍ വിവിധ റീത്തുകള്‍ക്കും വിശ്വാസ സമൂഹങ്ങള്‍ക്കും നല്‍കിവരുന്ന മഹനീയ സേവനങ്ങള്‍ വത്തിക്കാന്‍ ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണു കാണുന്നത്‌. സീറോ മലബാര്‍ സഭയുടെ ചൈതന്യത്തിനും വളര്‍ച്ചയ്ക്കും ചാവറയച്ചനും സി.എം.ഐ സഭയും വഹിച്ച പങ്ക്‌ അതിപ്രധാനമാണ്‌. സഭയുടെ നെടുംതൂണുകളിലൊന്നാണ്‌ ഈ സന്യാസ സമൂഹമെന്നും കര്‍ദിനാള്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ പീഡനമനുഭവിക്കുന്ന വിശ്വാസികളോട്‌ വത്തിക്കാനുള്ള പിന്തുണയും പ്രാര്‍ഥനയും അറിയിക്കണമെന്ന്‌ ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പ പ്രത്യേകം അറിയിച്ചതായി കര്‍ദിനാള്‍ സാന്‍ദ്രി അനുസ്മരിച്ചു. വേദനയനുഭവിക്കുന്ന ഭാരതസഭാമക്കള്‍ക്ക്‌ സഹിക്കാനും ക്ഷമിക്കാനുമുള്ള അനുഗ്രഹം വാഴ്ത്തപ്പെട്ട ചാവറയച്ചന്‍ നല്‍കട്ടെയെന്നും സാന്‍ദ്രി ആശംസിച്ചു.സന്യാസജീവിതത്തിനു കാലോചിതമായ ചൈതന്യം പകര്‍ന്ന പുണ്യചരിതനായിരുന്നു വാഴ്ത്തപ്പെട്ട ചാവറയച്ചനെന്ന്‌ സി.എം.ഐ പ്രിയോര്‍ ജനറാള്‍ ഫാ. ജോസ്‌ പന്തപ്ലാംതൊട്ടിയില്‍ ആമുഖപ്രഭാഷണത്തില്‍ വ്യക്തമാക്കി. കേരളത്തിന്റെ ഇന്നത്തെ വിദ്യാഭ്യാസ സാമൂഹിക മുന്നേറ്റത്തിന്‌ അടിത്തറയിട്ടതു ചാവറയച്ചനാണ്‌. മാന്നാനത്ത്‌ വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ കബറിടവും ആശ്രമദേവാലയവും പൗരസ്ത്യ തിരുസംഘത്തിന്റെ പ്രീഫെക്ട്‌ കര്‍ദിനാള്‍ സാന്‍ദ്രി സന്ദര്‍ശിക്കുന്ന വേള സി.എം.ഐ സഭയ്ക്ക്‌ അഭിമാനത്തിന്റെ നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം, മാര്‍ തോമസ്‌ ചക്യത്ത്‌, മാര്‍ സൈമണ്‍ സ്റ്റോക്ക്‌, സി.എം.ഐ പ്രിയോര്‍ ജനറാള്‍ ഫാ. ജോസ്‌ പന്തപ്ലാംതൊട്ടിയില്‍, ദീപിക ചീഫ്‌ എഡിറ്റര്‍ ഫാ.അലക്സാണ്ടര്‍ പൈകട, പ്രൊവിന്‍ഷ്യല്‍മാരായ ഫാ.സെബാസ്റ്റ്യന്‍ ഇലഞ്ഞിക്കല്‍, റവ.ഡോ. ആന്റണി കരിയില്‍, ഫാ. ടോമി നമ്പ്യാപറമ്പില്‍, ഫാ. ജോണി പനന്തോട്ടം, ഫാ. കുഞ്ചെറിയ പത്തില്‍, മാന്നാനം ആശ്രമം പ്രി യോര്‍ ഫാ. തോമസ്‌ ചൂളപ്പറമ്പില്‍ തുടങ്ങിയവര്‍ ചേര്‍ന്നു കര്‍ദിനാള്‍ സാന്‍ദ്രിയെ സ്വീകരിച്ചു. തോമസ്‌ ചാഴികാടന്‍ എം.എല്‍.എ, വൈസ്‌ ചാന്‍സലര്‍ ഡോ. ജാന്‍സി ജെയിംസ്‌, ദീപിക വൈസ്‌ ചെയര്‍മാന്‍ റവ. ഡോ ജെയിംസ്‌ ഏര്‍ത്തയില്‍, ദീപിക മുന്‍ മാനേജിംഗ്‌ എഡിറ്റര്‍ ഫാ. തോമസ്‌ ഐക്കര തുടങ്ങി ഒട്ടേറെ പ്രമുഖര്‍ സന്നിഹിതരായിരുന്നു. തിരുവനന്തപുരം സെന്റ്‌ ജോസഫ്സ്‌ സി.എം.ഐ പ്രവിശ്യയുടെ പ്രൊവിന്‍ഷ്യല്‍ ഫാ.കുഞ്ചറിയ പത്തില്‍ നന്ദി പറഞ്ഞു.