മാവേലി സ്റ്റോറിനേക്കാള്‍ കൂടുതല്‍ വിദേശ മദ്യശാല തുടങ്ങാന്‍ അനുവാദം കൊടുക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണമെന്നും എവിടെയും ബാര്‍ തുടങ്ങാം എന്ന സ്ഥിതിക്കു മാറ്റം വരുത്തണമെന്നും കേരള പ്രദേശ് മദ്യവിരുദ്ധസമിതി സംസ്ഥാന കമ്മിറ്റിയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.കേരളത്തിലെ ജനങ്ങളില്‍ മദ്യാസക്തി വര്‍ധിപ്പിക്കാന്‍ കാരണം മദ്യനയം ഉദാരമാക്കിയതാണെന്നു യോഗം ചൂണ്ടിക്കാട്ടി. മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുകയും മറുവശത്ത് ഇതിനെതിരേ സര്‍ക്കാര്‍ ചെലവില്‍ ബോധവത്കരണം നടത്തുന്നതു വിരോധാഭാസമാണെന്നും യോഗം വിലയിരുത്തി. മദ്യം, മയക്കുമരുന്ന് എന്നിവയുടെ ദോഷവശങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതിനായി ഒരു പീരിയഡ് നീക്കിവയ്ക്കാന്‍ സംസ്ഥാന വിദ്യാഭ്യാസ കരിക്കുലം കമ്മിറ്റിക്കു നിര്‍ദേശം നല്‍കുക, സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന മദ്യാസക്തി കണക്കിലെടുത്ത് ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ലഹരിവിരുദ്ധ സെന്ററുകളും കൗണ്‍സിലിംഗ് കേന്ദ്രങ്ങളും ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും സമിതി ഉന്നയിച്ചു.യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ. ജോണ്‍ മാടവന ഉദ്ഘാടനം ചെയ്തു. എം.എസ്. മല്‍ക്ക അധ്യക്ഷത വഹിച്ചു. മൗലാന ബഷീര്‍, ഫ്രാന്‍സിസ് പെരുമന, അഡ്വ. ദിലീപ് ചെറിയനാട്ട്, യു. നാരായണന്‍നായര്‍, സ്വാമി നാരായണാനന്ദ, മാത്യു ആല്‍ബിന്‍, ഡോ. ലീലാകുമാരി, എല്‍സമ്മ പോള്‍, കെ.ജി. ഹരിദാസ്, പി.വി. തോമസ് പനയ്ക്കല്‍, ജോണ്‍ കച്ചിറമറ്റം, ഫാ. ഡിക്രൂസ് കണ്ടുമംഗലം എന്നിവര്‍ പ്രസംഗിച്ചു