Tuesday, November 11, 2008

മലങ്കര കത്തോലിക്കാസഭയുടെ വളര്‍ച്ചയില്‍ അഭിമാനം: കര്‍ദിനാള്‍ സാന്‍ദ്രി

മലങ്കര കത്തോലിക്കാസഭയുടെ അഭിമാനകരമായ വളര്‍ച്ചയിലും, കൂട്ടായ്മയിലും ആഗോള കത്തോലിക്കാസഭയും മാര്‍പാപ്പയും ആഹ്ലാദിക്കുന്നുവെന്ന്‌ പൗരസ്ത്യ തിരുസംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ലെയോനാര്‍ഡോ സാന്‍ദ്രി. മാര്‍പാപ്പയുടെ പ്രതിനിധിയായി മലങ്കരസഭാ സന്ദര്‍ശനത്തിനെത്തിയ കര്‍ദിനാള്‍ സാന്‍ദ്രി, മലങ്കരസഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാബാവ, മലങ്കരസഭയിലെ മെത്രാപ്പോലീത്തമാരായ തോമസ്‌ മാര്‍ കൂറിലോസ്‌, ഗീവര്‍ഗിസ്‌ മാര്‍ തിമോത്തി യോസ്‌, ഗീവര്‍ഗിസ്‌ മാര്‍ ദിവന്ന്യാസിയോസ്‌, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, എബ്രാഹം മാര്‍ യൂലിയോസ്‌, ജോസഫ്‌ മാര്‍ തോമസ്‌, ജേക്കബ്‌ മാര്‍ ബര്‍ണബാസ്‌ എന്നിവര്‍ക്കും സഭയിലെ കോര്‍ എപ്പിസ്കോപ്പമാര്‍, റമ്പാന്മാര്‍, മോണ്‍സിഞ്ഞോര്‍മാര്‍, 101 വൈദികര്‍ എന്നിവര്‍ക്കൊപ്പം അര്‍പ്പിച്ച ദിവ്യബലി മധ്യേ നടത്തിയ പ്രസംഗത്തിലാണ്‌ മലങ്കരസഭയുടെ വളര്‍ച്ചയിലുള്ള ആഗോളസഭയുടെ അഭിമാനവും സന്തോഷവും പങ്കുവച്ചത്‌. “ദൈവജനമേ ആഹ്ലാദിക്കുക, ആര്‍പ്പു വിളിക്കുക” എന്നിങ്ങനെ സങ്കീര്‍ത്തകനെ ഉദ്ധരിച്ചുകൊണ്ട്‌ പറഞ്ഞു തുടങ്ങിയ കര്‍ദിനാള്‍ അതിങ്ങനെ ഭേദപ്പെടുത്തിപ്പറഞ്ഞു: മലങ്കരസഭയേ ആഹ്ലാദിക്കുക.യേശുവാകുന്ന മുന്തിരിച്ചെടിയോടു ചേര്‍ന്നുനില്‍ക്കുന്ന ശാഖയാണ്‌ മലങ്കരസഭ. തായ്ത്തണ്ടോടു ചേര്‍ന്നുനില്‍ക്കുന്നതുകൊണ്ട്‌ വലിയ ഫലങ്ങള്‍ പുറപ്പെടുവിപ്പിക്കുന്നു. ഐക്യത്തിനുവേണ്ടിയുള്ള നാഥന്റെ ആഹ്വാനം സാക്ഷാത്കരിക്കാന്‍ ദൈവദാസനായ മാര്‍ ഈവാനിയോസിനും സഹപ്രവര്‍ത്തകര്‍ക്കും ഏറെ ക്ലേശിക്കേണ്ടി വന്നു. യേശുവിന്റെ ആഹ്വാനങ്ങള്‍ നടപ്പാക്കാണമെങ്കില്‍ വെല്ലുവിളികള്‍ നേരിടാന്‍ നമുക്കാ വണം.1930ലെ പുനരൈക്യത്തിനുശേഷം സഭയ്ക്കു നേതൃത്വം നല്‍കിയ മാര്‍ ഈവാനിയോസ്‌, മാര്‍ ഗ്രിഗോറിയോസ്‌, മാര്‍ ബസേലിയോസ്‌ തിരുമേനിമാരെയും ഇപ്പോഴത്തെ കാതോലിക്കാബാവ മാര്‍ ബസേലിയോസ്‌ ക്ലീമിസിനെയും കര്‍ദിനാള്‍ പ്രശംസിച്ചു. മാര്‍പാപ്പയോട്‌ ക്ലീമീസ്‌ ബാവ പുലര്‍ത്തുന്ന വിധേയത്വത്തെ അദ്ദേഹം പ്രശംസിച്ചു. അല്‍ഫോന്‍സാമ്മയുടെ നാമകരണനടപടികളുടെ ഭാഗമായി ഭരണങ്ങാനത്തു നടന്ന ചടങ്ങുകളില്‍ സംബന്ധിക്കുന്നതിന്‌ എത്തിയ കര്‍ദിനാള്‍ മലങ്കരസഭ സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തിയത്‌ സഭയോടുള്ള സ്നേഹത്തിന്റെ അടയാളമാണെന്ന്‌ പൊതുസമ്മേളനത്തില്‍ ആധ്യക്ഷ്യം വഹിച്ച മേജര്‍ ആര്‍ച്ചു ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാബാവ പറഞ്ഞു.1930-ല്‍ അഞ്ചു വിശ്വാസികളുമായി ആരംഭിച്ച മലങ്കരസഭയില്‍ ഇന്ന്‌ അഞ്ചുലക്ഷം വിശ്വാസികളുണ്ട്‌. ആറു രൂപതകളുണ്ട്‌. 1932-ല്‍ സ്ഥാപിതമായ മലങ്കര ഹയരാര്‍ക്കി 2005-ല്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സൂനഹദോസായി.പരിശുദ്ധ സിംഹാസനത്തിന്റെ താത്പര്യവും സഹായവുമാണ്‌ ഈ വളര്‍ച്ചയുടെ പിന്നിലെ യഥാര്‍ത്ഥ ശക്തി. പരിശുദ്ധ പിതാവിനോട്‌ മലങ്കരമക്കള്‍ക്കുള്ള പുത്രസഹജമായ സ്നേഹവും, നിരുപാധികമായുള്ള അനുസരണയും, പ്രാര്‍ത്ഥനാനിര്‍ഭരമനായ പിന്തുണയും കാതോലിക്കബാവ തുറന്നു പ്രഖ്യാപിക്കുകയും ഇക്കാര്യം പാപ്പായെ അറിയിക്കണമെന്ന്‌ കര്‍ദിനാളിനോട്‌ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.ഐക്യത്തിനുള്ള യേശുവിന്റെ വിളിക്കു നല്‍കുന്ന പ്രത്യുത്തരത്തിന്റെ വിജയമാണ്‌ മലങ്കരസഭയെന്ന്‌ സ്വാഗത പ്രസംഗത്തില്‍ തോമസ്‌ മാര്‍ കൂറിലോസ്‌ മെത്രാപ്പോലിത്ത പറഞ്ഞു.700 വൈദികരുടെയും 2000 സന്യാസിനികളുടെയും പ്രതിനിധിയായി കര്‍ദിനാളിനെ അഭിനന്ദിച്ച മോണ്‍. എല്‍ദോ പുത്തന്‍പറമ്പില്‍ സഭയ്ക്കു പാത്രിയാര്‍ക്കല്‍ പദവി നല്‍കണമെന്ന്‌ നിര്‍ദേശിച്ചു. അല്‍മായരുടെ പ്രതിനിധിയായി സംസാരിച്ച ജോണ്‍ മത്തായി, വിദേശങ്ങളിലെ മലങ്കര വിശ്വാസികള്‍ക്കു പാരമ്പര്യമനുസരിച്ചുള്ള ആരാധനക്രമങ്ങള്‍ പാലിക്കുവാന്‍ വേണ്ട കാനോനിക ക്രമീകരണങ്ങള്‍ ഉണ്ടാവണമെന്ന്‌ അഭ്യര്‍ത്ഥിച്ചു.