Thursday, November 20, 2008

സത്യം തെളിയിക്കപ്പെടണമെന്ന്‌ കെ.സി.ബി.സി ജാഗ്രതാ കമ്മീഷന്‍

സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ സത്യം തെളിയിക്കപ്പെടണമെന്നും ഒരു കാരണവശാലും നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്നും കെ.സി.ബി.സി ഐക്യ- ജാഗ്രതാ കമ്മീഷന്‍ സെക്രട്ടി ഫാ. ജോണി കൊച്ചുപറമ്പില്‍. അറസ്റ്റു ചെയ്തതുകൊണ്ടുമാത്രം ആരും കുറ്റവാളികളാകുന്നില്ല. അതു കോടതിയില്‍ തെളിയിക്കപ്പെടണം. കോടതി കുറ്റക്കാരനാണെന്ന്‌ വിധിച്ച ഫാ. ബെനഡിക്ട്‌ ഓണക്കുളം പിന്നീട്‌ നിരപരാധിയാണെന്നു തെളിയിക്കപ്പെട്ടു. അഭയയുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ കത്തോലിക്കാ സഭ എന്നും ആത്മാര്‍ഥമായി സഹകരിച്ചിട്ടുണ്ട്‌. അഭയയുടെ ഘാതകരെ കണ്ടുപിടിക്കണമെന്നാവശ്യപ്പെട്ട്‌ സഭയിലെ യുവജന സംഘടന സമരം ചെയ്തിട്ടുണ്ട്‌. സത്യം തെളിയിക്കപ്പെടണമെന്ന നിലപാടില്‍ സഭ ഉറച്ചു നില്‍ക്കുന്നു. സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട്‌ രണ്ട്‌ വൈദികരെ മാത്രം കേന്ദ്രീകരിച്ചാണ്‌ അന്വേഷണ സംഘങ്ങള്‍ നീങ്ങിയിരുന്നത്‌. ആരോപണ വിധേയരായ ചിലരെക്കുറിച്ച്‌ അന്വേഷിക്കാന്‍ അന്വേഷണസംഘം ഒരിക്കലും തയാറായിട്ടില്ല. ആ വഴിക്ക്‌ അന്വേഷണം നടത്താത്തതില്‍ സംശയമുണ്ട്‌. നാ ര്‍ക്കോ അനാലിസിസ്‌ ടെസ്റ്റിലും തെളിവു ലഭിച്ചിട്ടില്ല എന്ന്‌ പറഞ്ഞ സി.ബി.ഐ ഇപ്പോള്‍ തിടുക്കത്തില്‍ രണ്ടു വൈദികരെയും ഒരു കന്യാസ്ത്രീയെയും അറസ്റ്റു ചെയ്തത്‌ സംശയം ജനിപ്പിക്കുന്നു. കഴിഞ്ഞ പതിനാറു വര്‍ഷമായി ഈ കേസുമായി ബന്ധപ്പെട്ടു നടന്ന എല്ലാ ബാഹ്യ ഇടപെടലുകളും അന്വേഷണ വിധേയമാക്കണം.- ഫാ. ജോണി കൊച്ചുപറമ്പില്‍ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.