അതിരൂപതയിലെ രണ്ടു വൈദികരെയും ഒരു കന്യാസ്ത്രീ യെയും അഭയാകേസില്‍ അറസ്റ്റു ചെയ്തതില്‍ ദുരൂഹതയുണ്ടെന്ന് കോട്ടയം അതിരൂപതാ ജാഗ്രതാ സമിതി പ്രസ്താവിച്ചു.16 വര്‍ഷം നിരവധി അന്വേഷണസംഘങ്ങള്‍ ചോദ്യം ചെയ്യലിനും ശാസ്ത്രീയ പരിശോധനകള്‍ക്കും വിധേയമാക്കിയപ്പോള്‍ ആരോപണവിധേയരാവര്‍ക്കെതിരായി യാതൊരുവിധ മൊഴിയും നല്‍കാത്ത യുവാവ് സി.ബി.ഐ കസ്റ്റഡിയില്‍ മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ നിര്‍ണായകമായ മൊഴി കൊടുത്തുവെന്ന് പറയുന്നതില്‍ ഏറെ അസ്വാഭാവികതയുണ്ട്. കോടതിയില്‍ നിശിതമായ വിമര്‍ശനത്തിനു വിധേയമായ സി.ബി.ഐ മുന്‍കൂട്ടി തയാറാക്കിയ ഒരു തിരക്കഥപോലെ എങ്ങനെയും ഈ കേസ് കോടതിയില്‍ എത്തിച്ച് തടിയൂരി മുഖം രക്ഷിക്കുവാനുള്ള നീക്കമാണ് നടത്തിയിരിക്കുന്നതെന്ന് ജാഗ്രതാ സമിതി പറഞ്ഞു. ഈ കേസില്‍ ആരോപണവിധേയരായ ഏതാനും യുവാക്കളെപ്പറ്റി അന്വേഷണം നടത്തണമെന്ന് രൂപതാ വൈദികസമിതി ആവശ്യപ്പെട്ടിട്ടും സി.ബി.ഐ ഒരിക്കല്‍പ്പോലും ഈ ദിശയില്‍ അന്വേഷണം നടത്തിയതായി അറിവില്ല. ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ നിരപരാധികളാണെന്നും ശരിയായ ദിശയില്‍ അന്വേഷണം നടത്തിയാല്‍ യഥാര്‍ഥ ചിത്രം പുറത്തുവരുമെന്നും ജാഗ്രതാസമിതി പറഞ്ഞു.