Monday, November 24, 2008

ഇരു മുന്നണികളും കര്‍ഷകരെ അവഗണിച്ചു: മാര്‍ മാത്യു അറയ്ക്കല്‍

കേരളത്തില്‍ മാറി മാറി അധികാരത്തില്‍ വരുന്ന ഇരു മുന്നണികളും കര്‍ഷകരെ അവഗണിക്കുന്ന നയമാണ്‌ പിന്തുടരുന്നതെന്ന്‌ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. വിവിധ കര്‍ഷക സംഘടനകളുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച മലയോര സംരക്ഷണ ജാഥ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇടുക്കി പാക്കേജു പോലുള്ള പദ്ധതികള്‍ നഷ്ടമാകുമെന്നും മാര്‍ അറയ്ക്കല്‍ കൂട്ടിച്ചേര്‍ത്തു.കേരള കര്‍ഷക ഐക്യവേദി സംസ്ഥാന പ്രസിഡന്റ്‌ സി.എന്‍ സോമരാജന്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ ജാഥ ക്യാപ്റ്റന്‍ ജോസ്‌ കുറ്റിയാനി, മുന്‍ ഗവര്‍ണര്‍ എം.എം ജേക്കബ്‌, വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ പ്രസിഡന്റ്‌ മാരിയില്‍ കൃഷ്ണന്‍നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.കേരള ഐക്യവേദി, ഹൈറേഞ്ച്‌ കര്‍ഷക സംരക്ഷണ സമിതി, ചെറുകിട ഏലം കര്‍ഷക സംരക്ഷണ സമിതി, ഏലം കര്‍ഷക രക്ഷാ സമിതി, മലയോര കര്‍ഷക സംരക്ഷണ സമിതി, കര്‍ഷക സംയുക്ത സമരസമിതി എന്നിവയുടെ ആഭിമുഖ്യത്തിലാണ്‌ ജാഥ നടത്തുന്നത്‌.പട്ടയം നല്‍കുക, കെട്ടിട നിര്‍മാണം സംബന്ധിച്ച അശാസ്ത്രീയ നിയമങ്ങള്‍ പിന്‍വലിക്കുക, ഫാം ടൂറിസത്തിനുള്ള തടസങ്ങള്‍ പിന്‍വലിക്കുക, കുത്തക പാട്ടം പുതുക്കി നല്‍കുക, ഇടുക്കി ജില്ലയിലെ കര്‍ഷകരോടുള്ള വിവേചനവും പീഡനവും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ ജാഥ നടത്തുന്നത്‌.