Thursday, November 27, 2008

ജില്ലയിലെ കര്‍ഷകരെ രാഷ്ട്രീയക്കാര്‍ കൈയൊഴിഞ്ഞു: മാര്‍ ആനിക്കുഴിക്കാട്ടില്‍

ജില്ലയിലെ കര്‍ഷകരെ രാഷ്ട്രീയക്കാര്‍ കൈയൊഴിഞ്ഞതായി ഇടുക്കി രൂപതാ ബിഷപ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. കര്‍ഷകരുടെ കൈവശഭൂമിക്ക്‌ പട്ടയം നല്‍കുക, സി.എച്ച്‌.ആര്‍ ഭൂമി സംബന്ധിച്ച കേസുകള്‍ കാര്യക്ഷമമായി നടത്തുക, കാര്‍ഷിക വിളകളുടെ വിലയിടിവ്‌ തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ ആറ്‌ കര്‍ഷക സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന മലയോര കര്‍ഷക സംരക്ഷണ വാഹനജാഥയുടെ ഇന്നലത്തെ സമാപനം പാറത്തോട്ടില്‍ ഉദ്ഘാടനംചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു ബിഷപ്‌.കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കുനേരെ മുഖംതിരിച്ചുനില്‍ക്കുന്ന അധികാരികള്‍ ഉദ്യോഗസ്ഥരുടെ ആവശ്യങ്ങള്‍ക്ക്‌ മുന്തിയ പരിഗണന നല്‍കുന്നത്‌ നീതിയല്ല. കര്‍ഷകരുടെ ഭൂമിക്ക്‌ പട്ടയം ലഭിക്കാത്തതിനാല്‍ കുട്ടികളുടെ വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്ക്‌ ബാങ്കില്‍നിന്നും ലോണ്‍ വാങ്ങാന്‍പോലും കഴിയുന്നില്ലെന്ന്‌ ബിഷപ്‌ പറഞ്ഞു.യോഗത്തില്‍ കൊന്നത്തടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.കെ പ്രസാദ്‌ അധ്യക്ഷത വഹിച്ചു. സി.എന്‍ സോമന്‍ രാജന്‍, അബ്ദുള്‍ റഹ്മാന്‍, ബിജു വള്ളോംപുരയിടം, എം.എസ്‌ ബാലന്‍, ഫാ. ജോസഫ്‌ പൗവത്ത്‌, ഒ.ജെ ജോസഫ്‌, ബേബി ചെമ്പരത്തി, അഡ്വ. പോള്‍ ജോസ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.നേരത്തെ ജാഥാ ക്യാപ്റ്റന്‍ മുന്‍ എംഎല്‍എ ജോസ്‌ കുറ്റ്യാനിക്ക്‌ കര്‍ഷകര്‍ സ്വീകരണംനല്‍കി. 22-ന്‌ കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്‌ മാര്‍ മാത്യു അറയ്ക്കലാണ്‌ ജാഥ ഉദ്ഘാടനംചെയ്തത്‌