Monday, December 1, 2008

പ്രശ്നം രാഷ്ട്രീയ ബന്ധമുള്ള ക്രിമിനലുകള്‍: ഡോ.റാഫേല്‍ ചീനാത്ത്‌

രാജ്യത്തെ അരക്ഷിതാവസ്ഥയ്ക്കു പിന്നില്‍ രാഷ്ട്രീയ ബന്ധമുള്ള ക്രിമിനലുകളാണെന്ന്‌ ഒറീസയിലെ കട്ടക്‌ -ഭുവനേശ്വര്‍ ആര്‍ച്ച്‌ ബിഷപ്‌ റവ.ഡോ. റാഫേല്‍ ചീനാത്ത്‌. ഒറീസയില്‍ പീഡനത്തിനിരയായ ഫാ. മാത്യു പുതിയിടത്തിന്റെ (സീനിയര്‍) വസതിയിലെത്തിയതായിരുന്നു ഡോ. റാഫേല്‍ ചീനാത്ത്‌.ഒറീസയിലെ ക്രൈസ്തവ സമൂഹം ഇപ്പോഴും ഭയത്തിന്റെ നിഴലിലാണ്‌ ജീവിക്കുന്നത്‌. എല്ലാവരെയും നിര്‍ബന്ധിച്ചു ഹിന്ദുക്കളാക്കാനുള്ള തീവ്രശ്രമമാണ്‌ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്നത്‌. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും അക്രമത്തെക്കുറിച്ചുള്ള അന്വേഷണം ത്വരിതപ്പെടുത്തുന്നതിനു യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ലക്ഷ്മണാനന്ദ സരസ്വതി സ്വാമിയെ കൊലപ്പെടുത്തിയത്‌ നക്സലുകളാണെന്ന്‌ പരസ്യമായി ഏറ്റുപറഞ്ഞിട്ടും കുറ്റം ക്രൈസ്തവരുടെ മേല്‍ ചാര്‍ത്താനുള്ള ശ്രമം രാഷ്ട്രീയ മുതലെടുപ്പാണെന്നും ഡോ. ചീനാത്ത്‌ കുറ്റപ്പെടുത്തി. ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കാത്തതാണ്‌ അക്രമങ്ങള്‍ പെരുകാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ ത്തു.ഫാ. തോമസ്‌ ചെല്ലന്‍തറ, ഫാ. അഗസ്റ്റിന്‍ കരിങ്കുറ്റി എന്നിവരും ഡോ. റാഫേലിനൊപ്പം എത്തിയിരുന്നു. രാവിലെ ഫാ. തോമസ്‌ ചെല്ലന്തറയുടെ തെക്കേമലയിലുള്ള വസതിയിലും ഡോ. റാഫേല്‍ സന്ദ ര്‍ശനം നടത്തിയിരുന്നു. ഉച്ചകഴിഞ്ഞ്‌ ഭരണങ്ങാനം പള്ളിയില്‍ വിശുദ്ധ കുര്‍ബാനയ്ക്കു കാര്‍മികത്വം വഹിക്കുകയും അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ പ്രാര്‍ഥന നടത്തുകയും ചെയ്തു.