പ്രഫഷണല്‍ കോഴ്സിനു പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സ്കോളര്‍ഷിപ്പ് തുകയായ കോടിക്കണക്കിന് രൂപ കേരളത്തിലെ കുട്ടികള്‍ക്ക് വിതരണം ചെയ്തില്ല. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നല്‍കുന്ന മെരിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പിനായി ലഭിച്ച നാലു കോടിയിലധികം രൂപയാണ് എട്ടു മാസമായി കുട്ടികള്‍ക്ക് നല്‍കാതെ സംസ്ഥാന സര്‍ക്കാരിന്റെ അക്കൗണ്ടില്‍ വെറുതെ കിടക്കുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ സ്കോളര്‍ഷിപ്പ് തുകയുടെ രണ്ടാംഗഡു കുട്ടികള്‍ക്ക് വിതരണം ചെയ്തു കഴിഞ്ഞപ്പോഴാണു കേരളത്തിലെ കുട്ടികള്‍ക്ക് സര്‍ക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും വീഴ്ചമൂലം ആദ്യഗഡു പോലും കിട്ടാത്തത്. സ്കോളര്‍ഷിപ്പിനര്‍ഹരായ മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍പ്പെട്ട ന്യൂനപക്ഷ വിദ്യാര്‍ഥികളാണ് ഇതുമൂലം ബുദ്ധി മുട്ടുന്നത്. ഈ സ്കോളര്‍ഷിപ്പിന് അര്‍ഹരായ പലരും ഈ വിവരം അറിഞ്ഞിട്ടില്ല. എന്‍ജിനീയറിംഗ്, മെഡിക്കല്‍ വിഭാഗങ്ങളിലെ പ്രഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന കേരളത്തിലെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 1,469 വിദ്യാര്‍ഥികള്‍ക്കാണു കേന്ദ്രം പ്രതിവര്‍ഷം 30,000 രൂപ വീതം സ്കോളര്‍ഷിപ്പ് നല്‍കുന്നത്. മെരിറ്റിന്റയും കുടുംബത്തിന്റെ വാര്‍ഷിക വരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് സ്കോളര്‍ഷിപ്പിനര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്. കോഴ്സില്‍ പ്രവേശനം ലഭിച്ച രീതി, യോഗ്യതാപരീക്ഷയുടെ മാര്‍ക്ക് തുടങ്ങിയ നിരവധി ഘടകങ്ങള്‍ മെരിറ്റിനായി പരിഗണിക്കും. വാര്‍ഷിക വരുമാനം രണ്ടര ലക്ഷത്തില്‍ കവിയാത്ത കുടുംബങ്ങളിലെ കുട്ടികളായിരിക്കണം അപേക്ഷകര്‍.2007-08 ലെ സ്കോളര്‍ഷിപ്പിനായി അരലക്ഷം അപേക്ഷകരാണ് സംസ്ഥാനത്തുനിന്നുണ്ടായിരു ന്നത്. ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 30,000 രൂപയും വീട്ടില്‍നിന്നു പോയി വരുന്നവര്‍ക്ക് 25,000 രൂപയുമാണു പ്രതിവര്‍ഷം ലഭിക്കുന്നത്. ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക് 10,000 രൂപയും, മറ്റ് കുട്ടികള്‍ക്ക് 5000 രൂപയും വ്യക്തിഗത ചെലവുകള്‍ക്കു നല്‍കും. സ്കോളര്‍ഷിപ്പിലെ 20,000 രൂപ കുട്ടികളുടെ കോളജുകളുടെ അക്കൗണ്ട് നമ്പരിലേക്കാണ് നിക്ഷേപിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ സ്കോളര്‍ഷിപ്പ് തുക മുഴുവനായി കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സംസ്ഥാനത്തിന് നല്‍കി യിരുന്നു. അക്കൗണ്ടന്റ് ജനറല്‍ ഓഫീസ് ഈ തുക ലഭിച്ച ഉടന്‍തന്നെ സംസ്ഥാന സര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പിനായുള്ള അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തിരു ന്നു. സ്കോളര്‍ഷിപ്പിനര്‍ഹരായ പല വിദ്യാര്‍ഥികളും പണം ലഭിക്കാതെ വന്നതിനെ ത്തുടര്‍ന്ന് ബാങ്കില്‍നിന്നു വായ്പയെടുത്ത് ഫീസ് അടച്ചു.കുട്ടികള്‍ പഠിക്കുന്ന കോളജുകളുടെ ബാങ്ക് അക്കൗണ്ട് നമ്പറുകള്‍ തെറ്റായി നല്‍കിയതിനാലാണ് സ്കോളര്‍ഷിപ്പ് നല്‍കാന്‍ കഴിയാതെ പോയതെന്നാണ് ഔദ്യോഗിക വിശദീകരണം. പലരും സഹകരണ ബാങ്കുകളുടെ അക്കൗണ്ട് നമ്പറാണ് നല്‍കിയത്. സഹ.ബാങ്കുകളിലൂടെ തുക നല്‍കരുതെന്നു കേന്ദ്ര നിര്‍ദേശമുണ്ടത്രേ. ഇലക്ട്രോണിക് മണി ട്രാന്‍സ്ഫര്‍ ആയി പണം നല്‍കുന്നതിനാല്‍ കോഡുകള്‍ തെറ്റായി കുട്ടികള്‍ നല്‍കിയതും സ്കോളര്‍ഷിപ്പ് വൈകാന്‍ കാരണമായെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ എട്ടുമാസമായി ട്ടും പ്രശ്നം പരിഹരിക്കാത്തതെന്ത് എന്ന ചോദ്യത്തിന് അധികൃതര്‍ ഉത്തരം നല്‍കുന്നില്ല. സ്കോളര്‍ഷിപ്പ് വിതരണവുമായി ബന്ധപ്പെട്ട് കംപ്യൂട്ടറുകള്‍ വാങ്ങുന്നതിനും ഓഫീസിലെ മറ്റു ചെലവുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ വേറെ പണം നല്‍കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ കുട്ടികളുടെ പേരില്‍ ഡിമാന്റ് ഡ്രാഫ്റ്റായി സ്കോളര്‍ഷിപ്പ് തുക കൈമാറുകയാണു ചെയ്യുന്നത്. എന്നാല്‍, കേരളത്തില്‍ അതിനു സര്‍ക്കാര്‍ അനുമതി നല്‍കിയില്ല.