സീറോ മലബാര്‍ സഭയില്‍ വൈദികര്‍ക്കും അല്‍മായര്‍ക്കും തുല്യമായ പരിഗണനയും സ്ഥാനവുമാണ് എക്കാലത്തും ഉണ്ടായിരുന്നതെന്നും അതു പോഷിപ്പിച്ച് സഭയെ കൂടുതല്‍ ചലനാത്മകമാക്കാനുള്ള കര്‍മപരിപാടികള്‍ സംഘടിപ്പിക്കാനാണ് സീറോ - മലബാര്‍ സഭാ സിനഡ് അല് മായ കമ്മീഷന് രൂപം നല്‍കിയതെന്നും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍.വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അല്‍മായര്‍ക്കായി കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ അല് മായ കമ്മീഷന്‍ വിളിച്ചുചേര്‍ത്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ വര്‍ക്കി വിതയത്തില്‍. കാലങ്ങള്‍ക്കു മുമ്പ് സഭയുടെ പൂര്‍ണ നിയന്ത്രണത്തില്‍ അല്‍മായര്‍ക്ക് വൈദികരോടൊപ്പം തുല്യസ്ഥാനം നല്‍കിയിരുന്നു. ആ വസ്തുതകള്‍ ഗ്രഹിച്ചു കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുവാന്‍ അല്‍മായര്‍ തയാറാകണം. സീറോ - മലബാര്‍ സഭയുടെ കീഴിലുള്ള എല്ലാ അല്‍മായ പ്രസ്ഥാനങ്ങളും ഭക്തസംഘടനകളും ഈ കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങളിലും നിയന്ത്രണത്തിലുമായിരിക്കണം. സഭയുടെ കൂട്ടായ്മയ്ക്ക് അതു കൂടുതല്‍ സഹായകമാകും - മാര്‍ വര്‍ക്കി വിതയത്തില്‍ പറഞ്ഞു. അല്‍മായ കമ്മീഷന്‍ കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശത്തുമുള്ള സീറോ - മലബാര്‍ സഭയിലെ വിശ്വാസ സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനുള്ള കര്‍മപരിപാടികളും ആവിഷ്കരിക്കുമെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ വ്യക്തമാക്കി. അല്‍മായരുടെ ദൗത്യവും വിളിയും എന്ന വിഷയത്തെക്കുറിച്ച് എം.ജി സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ.സിറിയക് തോമസ് പ്രബന്ധം അവതരിപ്പിച്ചു.