ജനങ്ങളില്‍നിന്ന് ജനങ്ങള്‍ക്കുവേണ്ടി സേവനം ചെയ്യാന്‍ അഭിഷേകം ചെയ്യപ്പെട്ടവരാണ് വൈദികരെന്ന് പാലക്കാട് രൂപതാ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് പറഞ്ഞു. മംഗലംഡാം സെന്റ് സേവിയേഴ്സ് ഇടവകാംഗമായ ഡീക്കന്‍ ബിജോയ് കൊട്ടേക്കുടിയിലിന്റെ പൗരോഹിത്യ ശുശ്രൂഷയില്‍ തിരുക്കര്‍മങ്ങള്‍ക്കു മധ്യേ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്. ദൈവത്തിനും മനുഷ്യനുമിടയിലെ മധ്യസ്ഥനായ പുരോഹിതന്‍ നല്ല ഇടയനായ കര്‍ത്താവിന്റെ സ്നേഹം മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നവാണ്. മംഗലംഡാം സെന്റ് സേവ്യേഴ്സ് ഇടവകയില്‍നിന്നും അഭിഷേകം ചെയ്യപ്പെടുന്ന ഏഴാമത്തെ വൈദികനാണ് ബിജോയ്.ദൈവത്തിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കുവാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്ക് കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യവും കര്‍ത്താവിന് സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു എന്ന കര്‍ത്താവിന്റെ വാക്ക് അന്വര്‍ഥമാകുന്നത് പുരോഹിതരിലൂടെയാണ്. അഭിഷിക്തനും കുറ്റവും കുറവുകളും ഉണ്ടാകും. എന്നാല്‍ കൃപ അനുസരിച്ച് ജീവിച്ചാല്‍ ദൈവം നിരന്തരം അനുഗ്രഹങ്ങള്‍ വര്‍ഷിക്കും. പുരോഹിതര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ കടപ്പെട്ടവരാണ് ദൈവജനം. വൈദികന്‍ തന്റെ സ്വന്തമല്ല. അവന്‍ എല്ലാവര്‍ക്കും എല്ലാമാകാന്‍ വിളിക്കപ്പെട്ടവനാണ്- ബിഷപ് പറഞ്ഞു.നേരത്തെ ബിഷപ്പിനെയും നിയുക്ത വൈദികനെയും ഇടവകജനങ്ങളും വികാരി ഫാ. ജോസ് കുളമ്പില്‍, അസിസ്റ്റന്റ് വികാരി ഫാ. ജിനോ പുരമഠം എന്നിവരുടെ നേതൃത്വത്തില്‍ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ദേവാലയത്തിലേക്ക് സ്വീകരിച്ചു.പ്രഥമ ദിവ്യബലി അര്‍പ്പണത്തിനുശേഷം സ്നേഹവിരുന്നും ഉണ്ടായിരുന്നു. തിരുക്കര്‍മങ്ങളില്‍ നിരവധി വൈദികരും സിസ്റ്റേഴ്സും അല്‍മായരും പങ്കെടുത്തു.