രാഷ്ട്രീയക്കാരും അവരുടെ പിന്നാലെ നടക്കുന്ന ചില മാധ്യമങ്ങളും ചേര്‍ന്നു ജനാധിപത്യസംസ്കാരം തകര്‍ക്കുകയാണോ എന്നു നാം ചോദിക്കേണ്ടിയിരിക്കുന്നു. അക്രമപ്രവര്‍ത്തനങ്ങള്‍ എല്ലാസീമകളേയും മറികടന്നു വളരുകയാണ്. മുന്‍പറഞ്ഞവര്‍ തങ്ങളുടെ പക്ഷത്തുള്ളവരുടെ അക്രമത്തിനും ബലപ്രയോഗത്തിനും കൂട്ടുനില്‍ക്കുകയും അവയെ നീതീകരിക്കാന്‍ ശ്രമിക്കുകയുമാണ്. അക്രമത്തിന്റെ ഭീകരരൂപം കാട്ടുന്നവരെ നീതിപീഠത്തിനു മുമ്പില്‍കൊണ്ടുവരാന്‍ ശ്രമിക്കാതെ, അവരെ രാഷ്ട്രീയ മുതലെടുപ്പില്‍ കരുക്കളാക്കുകയാണ്. ഭരണകക്ഷിയുടെ പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് നിയമവാഴ്ച തകര്‍ക്കാന്‍ യാതൊരു കൂസലുമില്ല. കൈക്കൂലിയെന്നുപറഞ്ഞു ഒരു പഞ്ചായത്താഫീസറെ നാല്‍ക്കാലിമൃഗത്തെപ്പോലെ മരത്തില്‍ കെട്ടിയിട്ട് ശിക്ഷിക്കുന്ന വാര്‍ത്ത ഈയിടയ്ക്കു പത്രത്തില്‍ വായിച്ചല്ലോ. പോലിസ് സ്റ്റേഷന്‍ ആക്രമിച്ചു പ്രതികളെ മോചിപ്പിക്കുക സാധാരണ സംഭവമായിട്ടുണ്ട്. ഇങ്ങനെ പാര്‍ട്ടി അണികള്‍ നിയമങ്ങള്‍ കൈയിലെടുത്ത് മനുഷ്യാവകാശങ്ങള്‍ കാറ്റില്‍ പറത്തിയാല്‍ ജനാധിപത്യത്തിന് എങ്ങനെ നിലനില്‍പ്പുണ്ടാകും? ഇവിടുത്തെ ബുദ്ധിജീവികളെന്നു കരുതുന്നവര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഇതൊന്നും പ്രശ്നമല്ല. എല്ലാ രംഗങ്ങളിലും അഴിമതി അപകടകരമായ രീതിയില്‍ നടക്കുകയാണ്. അതും അവരുടെ ദൃഷ്ടിയില്‍ വലിയ പ്രശ്നമല്ല.ഈയിടെ ഒരു പത്രം ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന നാലു തൂണുകളുടെ ചിത്രം വരച്ചുകാട്ടുകയുണ്ടായി. അതില്‍ മാധ്യമങ്ങളെ ഒരു വന്‍തൂണായാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍, അന്നത്തെ പത്രത്തില്‍തന്നെ ഒരുകേസില്‍ ആരോപണവിധേയരായവരെ കുറ്റക്കാരായി വിധിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും റിപ്പോര്‍ട്ടുകളുമാണ് കണ്ടത്. ഇതിലെന്താണ് നീതിബോധം? ഇതിലെന്താണ് ജനാധിപത്യശൈലി? ജനാധിപത്യത്തിന്റെ ഒരു സുപ്രധാന സങ്കല്‍പ്പം ഒരാള്‍ കുറ്റക്കാരനാണെന്നു തെളിവുകളുടെ അടിസ്ഥാനത്തില്‍ നിസംശയം സ്ഥാപിക്കാത്തിടത്തോളം അയാളെ നിരപരാധിയായി കണക്കാക്കണമെന്നതാണ്. അതിനാലാണ് നിഷ്പക്ഷമായ ഒരു ജുഡീഷ്യറി വേണമെന്നു പറയുന്നത്. പക്ഷേ, ജുഡീഷ്യറിയുടെ റോള്‍ മാധ്യമങ്ങള്‍ കൈയേറിയാലോ? കോടതികള്‍ വേണ്ടവിധത്തില്‍ വിചാരണചെയ്യുകയും തെളിവുകള്‍ വിലയിരുത്തുകയും ചെയ്യാതെ മാധ്യമങ്ങള്‍ വിധിപ്രഖ്യാപനം നടത്തുന്നതും വ്യക്തിഹത്യനടത്തുന്നതും ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നതും ഇന്നു കേരളത്തില്‍ സാധാരണമായിക്കഴിഞ്ഞു. ഇതാണോ നീതി? ഇതാണോ ജനാധിപത്യം? കോടതികളെപ്പോലും സ്വാധീനിക്കുക ലക്ഷ്യംവച്ച് മാധ്യമങ്ങള്‍ വിധിതീര്‍പ്പെഴുതുന്നത് എന്തു മര്യാദ? ഇവിടത്തെ പല മാധ്യമങ്ങളുടേയും തനിനിറവും വര്‍ഗീയതയുമെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ മറനീക്കി പുറത്തുവരികയായിരുന്നു. എന്താണിവിടെ നടന്നത്? അഭയാക്കേസ് എന്നുപറയുന്ന പ്രചാരണപരിപാടി തുടങ്ങിയ നാള്‍ മുതല്‍ അന്വേഷണത്തിനു സഹായിച്ചവരാണു കോട്ടയം അതിരൂപതയും ആരോപണവിധേയരായവരും. എങ്കിലും അവര്‍ കുറ്റക്കാരാണെന്നു വരുത്തിത്തീര്‍ക്കാന്‍ മാധ്യമങ്ങള്‍ കഴിഞ്ഞ 16 വര്‍ഷക്കാലമായി കൊണ്ടുപിടിച്ചു ശ്രമിക്കുകയായിരുന്നല്ലോ. ഇത്രകാലം കുറ്റാന്വേഷകരെല്ലാം തെളിവില്ല എന്നു പറഞ്ഞു തള്ളിക്കളഞ്ഞ ഒരു കേസ് നിലനിര്‍ത്താന്‍ ശ്രമിച്ചതു പ്രധാനമായും ചില മാധ്യമങ്ങളാണ്. ഏതു ‘ദുഷ്പ്രചരണം’ നടത്തിയാലും മിണ്ടാതിരിക്കുന്ന വൈദികരും കന്യാസ്ത്രീകളുമായിരുന്നു അവരുടെ ഇരകള്‍. അതിനു പിന്നില്‍ പ്രധാനമായും വര്‍ഗീയതയാണ്. കോടതിയുടെ കൈവശമുള്ള നാര്‍ക്കോ അനാലിസിസിന്റെ വിശദാംശങ്ങള്‍ പോലും സത്യാന്വേഷിയുടെ വേഷം സ്വയം അണിയുന്ന ഒരു പത്രം പ്രസിദ്ധീകരിക്കുകയുണ്ടായി!! പൊടിപ്പും തൊങ്ങലും വച്ച് സംഭവം വിവരിക്കാനും വഴിതെറ്റിക്കാനും ശ്രമിക്കുന്നവര്‍ അവരുടെ തെറ്റായ ധാര്‍മികനിലവാരത്തെത്തന്നെയല്ലേ വെളിവാക്കുക.ഇവിടെ എന്താണ് സംഭവിച്ചത്? മാധ്യമങ്ങള്‍ പറഞ്ഞുവച്ചതിന്റെയും കൂടി ചുവടുപിടിച്ചായിരിക്കാം രണ്ടു വൈദികരേയും ഒരു കന്യാസ്ത്രീയേയും സംശയത്തിന്റെ പേരില്‍ ചോദ്യം ചെയ്യുവാനായി അറസ്റ്റുചെയ്തു. അതുകൊണ്ടു കുറ്റം തെളിഞ്ഞുകഴിഞ്ഞു എന്നരീതിയിലാണു ഒരു പ്രമുഖപത്രം തലക്കെട്ടുകൊടുത്തത്. ഇതു നീതിബോധമാണോ? ഈയവസരത്തില്‍ പത്തുമുപ്പതുവര്‍ഷം മുമ്പുണ്ടായ മന്ദമരുതിക്കേസിന്റെ കാര്യമാണു ഓര്‍മയില്‍ വരുന്നത്. അതില്‍ ചിലര്‍ കൃത്രിമത്തെളിവുകളുണ്ടാക്കി കീഴ്ക്കോടതിയില്‍ ഒരു പുരോഹിതനെതിരെ കഠിനമായ വിധി സമ്പാദിച്ചു. മേല്‍ക്കോടതിയുടെ പരിശോധനയില്‍, വളരെ ബോധപൂര്‍വം സൃഷ്ടിച്ച കേസിന്റെ പൊള്ളത്തരം തെളിയിക്കപ്പെട്ടു. മേല്‍ക്കോടതി പ്രതിയെ നിരുപാധികം മോചിപ്പിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം കുറ്റംചെയ്ത ആളിന്റെ ഭാര്യയും മക്കളും വന്നു അച്ചനോടു മാപ്പ് അപേക്ഷിക്കുകയും എന്നെ കണ്ടുസംസാരിക്കുകയും ചെയ്തകാര്യം മറക്കാനാവില്ല. ഇവിടെ ചരിത്രം ആവര്‍ത്തിക്കാനുള്ള ഒരുക്കമാണോ പത്രക്കാര്‍ നടത്തുന്നത്? ചിലപ്പോള്‍ കോടതികള്‍ക്കുപോലും തെറ്റുപറ്റാമെന്ന കാര്യം മറക്കരുത്. ഏതായാലും പോലീസുകാരുടെ കുറ്റപത്രമല്ല വിധിത്തീര്‍പ്പ്. അത്രയെങ്കിലും നിയമജ്ഞാനം മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടാകണം.ഇക്കഴിഞ്ഞനാളില്‍ വടക്കേ ഇന്ത്യയില്‍ ആരുഷി എന്ന പെണ്‍കുട്ടി കൊല്ലപ്പെട്ടതും പെണ്‍കുട്ടിയുടെ പിതാവ് ഡോ. രാജേഷ് തല്‍വാര്‍ അറസ്റ്റുചെയ്യപ്പെട്ടതും മറക്കാറായിട്ടില്ല. എല്ലാ മാധ്യമങ്ങളും അദ്ദേഹത്തെ കുറ്റക്കാരനായി വിധിയെഴുതി. എന്നാല്‍, പിന്നീട് അദ്ദേഹം നിരപരാധിയാണെന്നു കണ്ടെത്തിയപ്പോള്‍ അതും ഒരു ആഘോഷമാക്കാന്‍ചെന്ന മാധ്യമപ്പടയോടു അദ്ദേഹം പറഞ്ഞത് “എന്നെ ഒന്നു കരയാനെങ്കിലും അനുവദിക്കൂ” എന്നാണ്. കേസുകള്‍ കോടതി കൈകാര്യം ചെയ്യുന്നതിനു മുമ്പുതന്നെ മാധ്യമങ്ങള്‍ വിധിപ്രസ്താവം നടത്തിയത് നിര്‍ഭാഗ്യകരമായിപ്പോയി. ചാനലുകളിലെ അഭിപ്രായവോട്ടെടുപ്പിലൂടെ കുറ്റക്കാരെ തീരുമാനിക്കുന്ന തരത്തില്‍ നമ്മുടെ നീതിബോധം അധഃപതിച്ചുവോ? ഈ പ്രവണത അസ്വാഭാവിക കാര്യമാണെന്ന് ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ്ജസ്റ്റീസ് തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. തങ്ങളുടേതായ സിദ്ധാന്തങ്ങളോ മുന്‍വിധികളോ ധാരണകളോ മനസില്‍ വച്ചുകൊണ്ട് ഇങ്ങനെ വ്യക്തികളേയും സമൂഹങ്ങളേയും കുറ്റക്കാരാക്കുന്നത് തീര്‍ത്തും ക്രൂരതയാണന്നു പറയാം. ഇതു മാധ്യമരംഗത്തു നീതിബോധമുള്ളവര്‍ തിരിച്ചറിയേണ്ടതാണ്. ചിലരുടെ സത്യസന്ധതയില്ലായ്മയുടെ ഉത്തമ ഉദാഹരണമാണു സഭാധികാരികള്‍ കേസ് നടത്തിപ്പുമായി സഹകരിച്ചില്ല എന്നു പറയുന്നത്. അതിരൂപതയില്‍ സര്‍ക്കുലര്‍ വഴിപോലും എല്ലാവരും അന്വേഷണവുമായി സഹകരിക്കണമെന്നു പറഞ്ഞ് നേരത്തെതന്നെ നല്‍കിയ നിര്‍ദേശമെങ്കിലും മാധ്യമങ്ങള്‍ക്കു ശ്രദ്ധിക്കാമായിരുന്നു. പ്രതികളെന്നു ഇന്നു സംശയിക്കപ്പെടുന്നവര്‍ നാടുവിട്ടുപോവുകയോ തടസങ്ങള്‍ ഉണ്ടാക്കുകയോ അല്ല ചെയ്തത്. അവരെ വിവിധ അന്വേഷകര്‍ചോദ്യം ചെയ്തതും നാര്‍ക്കോഅനാലിസിസിനു വിധേയരാക്കിയതുമെല്ലാം എത്രയോപ്രാവശ്യം പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. അന്വേഷിച്ച സംഘങ്ങളെല്ലാം തെളിവുകള്‍ ഇല്ലെന്നുപറഞ്ഞകാര്യം, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തെളിവുള്ള കാര്യമായി മാറിയതിലാണു സഭാംഗങ്ങളുടെ ആശങ്കയും.മാധ്യമങ്ങള്‍ ഒരു പൊതുനിയന്ത്രണത്തെയും സ്വാഗതം ചെയ്യാന്‍ സന്നദ്ധരല്ല എന്നു പരക്കെ പറയാറുണ്ട്. എങ്കില്‍, അവരുടെ ധാര്‍മികബോധം ഉയരണം, മറ്റുള്ളവരുടെ അവകാശങ്ങളെ അംഗീകരിക്കാന്‍ സന്നദ്ധരാകണം. മറ്റുള്ളവരെ കുറ്റംവിധിക്കുന്നവര്‍ സ്വയം പരിശോധനയ്ക്കു തയാറാകണം. മാധ്യമങ്ങള്‍ ശക്തമായ ഉപാധികളാണ്. അവ ഉപയോഗിക്കുന്നവര്‍ സ്വയം നിയന്ത്രിച്ചില്ലെങ്കില്‍ സമൂഹത്തെ അവര്‍ ശിഥിലമാക്കുകയായിരിക്കും ചെയ്ക. ധാര്‍മികതയില്ലാത്ത രാഷ്ട്രീയത്തെ അപലപിച്ചിട്ടുണ്ട് ഗാന്ധിജി. മൂല്യബോധവും മനുഷ്യാവകാശത്തെക്കുറിച്ചുള്ള ശരിയായ ധാരണയും ഇല്ലാത്ത മാധ്യമപ്രവര്‍ത്തകര്‍ അതുപോലെ വിനാശകാരികളായിരിക്കും. രാഷ്ട്രീയക്കാരും ഈ കാര്യത്തില്‍ അവരുടെ വര്‍ഗീയത പ്രകടിപ്പിക്കാന്‍ പിന്നിലല്ല. നീതിപീഠത്തിന്റെ വിചാരണ കഴിയാതെ ഒരാളെ കുറ്റക്കാരനാണെന്നു കരുതുന്നതു തെറ്റാണെന്നു അവര്‍ മനസിലാക്കേണ്ടതായിരുന്നു. അതിനുപകരം സി.ബി.ഐ കുറ്റം ആരോപിച്ച് ഏതാനും പേരെ കസ്റ്റഡിയിലെടുത്തതിനെ ഒരു ഭരണാധികാരി ശ്ലാഘിച്ചു എന്നാണു പത്രറിപ്പോര്‍ട്ട്. മറ്റൊരുനേതാവ് അവരെ കുറ്റക്കാരെന്നു കണക്കാക്കി “മാന്യന്മാര്‍ ഇങ്ങനെ ചെയ്യുമെന്ന് ആരു കരുതി” എന്നു ചോദിച്ചതായും കേട്ടു. മന്ദമരുതി കേസു വന്നപ്പോള്‍ ഭരണാധികാരികള്‍ ഇങ്ങനെ പറഞ്ഞതായി അറിയില്ല. അന്നു അറസ്റ്റ് ചെയ്യുകയും കീഴ്ക്കോടതി വിധിപ്രകാരം ജയിലിലടയ്ക്കുകയും ചെയ്തിട്ടും യാഥാര്‍ഥ്യം മറിച്ചായിരുന്നു എന്ന കാര്യമെങ്കിലും ഇവരെ ഓര്‍മിപ്പിക്കട്ടെ. ഇന്നു മാധ്യമങ്ങളിലൂടെ സത്യത്തോടുള്ള പ്രതിബദ്ധതയല്ല ചില വിഭാഗങ്ങളോടുള്ള ശത്രുതയും വൈരാഗ്യവുമാണു പ്രകടമാവുക എന്നു വ്യക്തം.ഇതു ജനാധിപത്യത്തിന് ഒരിക്കലും സഹായകമാകില്ല എന്നു മനസിലാക്കിയാല്‍ നന്ന്.