Wednesday, November 26, 2008

സമര്‍പ്പണം മനുഷ്യനെ വിശുദ്ധിയിലേക്ക്‌ എത്തിക്കുന്നു: ഡോ. വര്‍ഗീസ്‌ ചക്കാലക്കല്‍

വിശുദ്ധ ജീവിതം നയിച്ചവര്‍ ഉപയോഗിച്ച വസ്തുക്കള്‍ തിരുശേഷിപ്പുകളായി തീരുന്നത്‌ അവരുടെ വിശുദ്ധ ജീവിതത്തിന്റെ മഹത്വം കൊണ്ടാണെന്നും സമര്‍പ്പണം വിശുദ്ധിയിലേക്കും വിശുദ്ധി ദൈവത്തിലേക്കും മനുഷ്യനെ എത്തിക്കുന്നുവെന്നും കണ്ണൂര്‍ രൂപതാ ബിഷപ്‌ ഡോ. വര്‍ഗീസ്‌ ചക്കാലക്കല്‍. ഇടവേലി മാര്‍ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്സ്‌ സുറിയാനി ദേവാലയ സുവര്‍ണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്‌. മദര്‍ തെരേസയുടെ പൂര്‍ണ സമര്‍പ്പണ ജിവിതമായിരുന്നു. സമര്‍പ്പണം ഉണ്ടാകുമ്പോള്‍ ഏതു ത്യാഗവും സഹിക്കാന്‍ കഴിയണം. ചടങ്ങില്‍ സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ കുര്യാക്കോസ്‌ മാര്‍ കുറിലോസ്‌ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു. അന്നമ്മ പൈനാപ്പള്ളി, ജോര്‍ജ്‌ തെക്കുംചേരി, ഫാ. ബേബി ജോണ്‍, വി.ടി. തോമസ്‌, ഫാ. ജ്യോഷ്വാ വര്‍ഗീസ്‌, കെ.സി. കുര്യന്‍, ടി.പി. ഖാലിദ്‌ എന്നിവര്‍ പ്രസംഗിച്ചു. ഇടവക വികാരി ഫാ. ഏബ്രഹാം ഇഞ്ചക്കലോടി സ്വാഗതവും എ.കെ. ജോര്‍ജ്‌ ആലാംപള്ളി നന്ദിയും പറഞ്ഞു.