Saturday, December 13, 2008

രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്തവരെ അപമാനിക്കരുത്‌ : കെ.സി.വൈ.എം

രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ധീര ജവാന്മാരെയും കുടുംബാംഗങ്ങളെയും അപമാനിക്കുന്ന പ്രസ്താവനകള്‍ ഇറക്കുന്നത്‌ അങ്ങേയറ്റം അപലനീയമാണെന്ന്‌ കെ.സി.വൈ.എം രൂപതാസമിതി പറഞ്ഞു.മുംബൈയില്‍ ഭീകരരോട്‌ പോരാടി ജീവന്‍ ബലികഴിച്ച മേജര്‍ സന്ദീപിനെപോലെയുള്ളവര്‍ രാജ്യത്തിനാകെ മാതൃകയാകുമ്പോള്‍ കേരളത്തിലെ ഭരണനേതൃത്വം ഇവരുടെ കുടുംബാംഗങ്ങളെ സഭ്യമല്ലാത്ത രീതിയില്‍ അപമാനിക്കുന്നത്‌ ദേശാഭിമാനമുള്ളവര്‍ക്ക്‌ ചേരുന്ന പ്രവൃത്തിയല്ല.രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കാന്‍ പ്രാദേശിക സഹകരണത്തോടെ ഭീകരര്‍ ആഞ്ഞടിച്ചപ്പോള്‍ രാഷ്ട്രീയ നേതൃത്വം എവിടെ പോയിരിക്കുകയായിരുന്നു. സുരക്ഷാ ഭീഷണിയും തീവ്രവാദബന്ധവും കേരളത്തിലേക്കും വളരുന്നുണെ്ടന്ന വാര്‍ത്തകള്‍ ഞെട്ടല്‍ ഉളവാക്കുന്നതാണ്‌. കേരളം ഭീകരരുടെ ലക്ഷ്യകേന്ദ്രമാകാതിരിക്കാന്‍ അധികൃതര്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളണം.ഇരുന്നൂറോളം പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തില്‍ രാജ്യത്തിന്റെ വികാരം മുഴുവന്‍ നെഞ്ചിലേറ്റി ജീവന്‍ ബലികൊടുത്തും നൂറുകണക്കിനാളുകളെ മോചിപ്പിക്കുകയും ഭീകരരെ തുരത്തുകയും ചെയ്ത ധീരജവാന്മാര്‍ക്ക്‌ രൂപതാസമിതി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.രൂപതാ ഡയറക്ടര്‍ ഫാ. ആന്റോ തൈക്കാട്ടില്‍, പ്രസിഡന്റ്‌ സന്തോഷ്‌ അറയ്ക്കല്‍, സെക്രട്ടറി സ്റ്റാര്‍വിന്‍ ചൊവ്വല്ലൂര്‍, റീജന്റ്‌ ബ്രദര്‍ ബ്ലിന്റ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.