Wednesday, December 3, 2008

കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ദശാബ്ദിയാഘോഷങ്ങള്‍ക്ക്‌ സമാപനം

കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന സമിതിയുടെ ദശാബ്ദിയാഘോഷങ്ങള്‍ ഡിസംബര്‍ ആറിന്‌ തൃശൂരില്‍ സമാപിക്കുമെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മദ്യവിമുക്ത സഭയും സമൂഹവും എന്ന ലക്ഷ്യം മുന്നില്‍ കണ്ട്‌ കേരള കത്തോലിക്കാ സഭ 1998 ഡിസംബര്‍ നാലിനാണ്‌ മദ്യവിപ ത്തിനെതിരേ ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ. സൂസൈപാക്യം, ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ വലിയമറ്റം, ബിഷപ്പ്‌ ജോഷ്വാ മാര്‍ ഇഗ്നാത്യോസ്‌, ഫാ. പോള്‍ കാരാച്ചിറ എന്നിവരടങ്ങുന്ന മദ്യവിരുദ്ധ കമ്മീഷന്‍ രൂപീകരിച്ച്‌ സീറോ മലബാര്‍- മലങ്കര-ലത്തീന്‍ റീത്തുകളിലെ 29 അതിരൂപതാ-രൂപതകളിലായി മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചത്‌. 2007 ഡിസംബര്‍ 13-ന്‌ എറണാകുളത്ത്‌ സിബിസിഐ പ്രസിഡന്റ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലാണ്‌ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ദശാബ്ദിയാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തത്‌. ഡിസംബര്‍ അഞ്ചിന്‌ രാവിലെ ഒമ്പതിന്‌ കേന്ദ്രസമിതി ഓഫീസായ പാലാരിവട്ടം പിഒസിയില്‍നിന്നു തൃശൂരിലേക്കുള്ള ദീപശിഖാ പ്രയാണവും പതാകാ പ്രയാണവും കെ.സി.ബി.സി വൈസ്‌ പ്രസിഡന്റ്‌ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്യോസ്‌ ഉദ്ഘാടനം ചെയ്യും. കളമശേരി, ആലുവ, അങ്കമാലി, കൊരട്ടി, പുതുക്കാട്‌, ആമ്പല്ലൂര്‍, ഒല്ലൂര്‍, കൂരിയച്ചിറ, ശക്തന്‍തമ്പുരാന്‍ സ്റ്റാന്‍ഡ്‌ എന്നീ സുപ്രധാന കേന്ദ്രങ്ങളില്‍ പ്രയാണ പരിപാടികള്‍ക്ക്‌ സ്വീകരണം നല്‍കും. ആറിന്‌ രാവിലെ പത്തിന്‌ തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ പ്രതിനിധി സമ്മേളനവും ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ പ്രവര്‍ത്തക റാലിയും തുടര്‍ന്ന്‌ ബസിലിക്ക ഹാളില്‍ പൊതുസമ്മേളനവും നടക്കും. മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ്‌ ഡോ. സെബാസ്റ്റ്യന്‍ തെക്കേത്തെച്ചേരി ല്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനം ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ആന്‍ഡ്രൂ താഴത്ത്‌ ഉദ്ഘാടനം ചെയ്യും. ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ മെത്രാപ്പോലീത്ത, ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ തൂങ്കുഴിതുടങ്ങിയ വര്‍ പ്രസംഗിക്കും. സംസ്ഥാനത്തെ ഏറ്റവും മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തകനായി തെരഞ്ഞെടുത്ത ജെയിംസ്‌ കൊറുമ്പേലിനെയും ഏറ്റവും മികച്ച പ്രകടനം നടത്തിയ പാലാ രൂപതയേയും ബിഷപ്പ്‌ മാക്കീല്‍ ഫൗണേ്ടഷന്‍ അവാര്‍ഡുകള്‍ നല്‍കി ആദരിക്കും. മികച്ച രണ്ടും മൂന്നും രൂപതകളായ എറണാകുളം- അങ്കമാലി അതിരൂപതയ്ക്കും തൃശൂര്‍ അതിരൂപതയ്ക്കുമുള്ള മറിയാമ്മ ഐക്കര മെമ്മോറിയല്‍, ഫാ. പോള്‍ കാരാച്ചിറ പുരസ്കാരങ്ങളും മികച്ച ഏഴ്‌ മദ്യവിരുദ്ധ പ്രവര്‍ത്തകരേയും അഖില കേരള ലഹരിവിരുദ്ധ ചിത്രരചനാ മത്സര വിജയികളായി ഒന്നാം സ്ഥാനം നേടിയ ദ്രുപ ഡിനി ചാള്‍സ്‌, രണ്ടും മൂന്നും സ്ഥാനം നേടിയ ആതിര മേനോന്‍, എസ്‌.ശരണ്‍ എന്നിവരേയും ചടങ്ങില്‍ ആദരിക്കും. പത്രസമ്മേളനത്തില്‍ സംസ്ഥാന ഭാരവാഹികളായ ഫാ. പോള്‍ കാരാച്ചിറ, പ്രസാദ്‌ കുരുവിള, അഡ്വ.ചാര്‍ലി പോള്‍, ജയിംസ്‌ മുട്ടിക്കല്‍ എന്നിവര്‍ പങ്കെടുത്തു.