ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുമ്പോഴാണ് യഥാര്‍ത്ഥ ആരാധന നടക്കുന്നത്. നമ്മുടെ ജീവിതം മുഴുവന്‍ ആരാധനയാകണം. എസ്.എ.ബി.എസ്. സന്യാസസമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി യു.സി. കോളേജിന് സമീപം കാരാക്കുന്ന് ജനറലേറ്റില്‍ നടന്ന 100 മണിക്കൂര്‍ ആരാധനയുടെ സമാപന ചടങ്ങില്‍ സന്ദേശം നല്‍കുകയായിരുന്നു എറണാകുളം സഹായമെത്രാന്‍ മാര്‍ തോമസ് ചക്യത്ത്. ജീവിതം യഥാര്‍ത്ഥ ആരാധനായി മാറുന്നില്ലെങ്കില്‍ ആരാധനയ്ക്ക് അര്‍ത്ഥമില്ല. പ്രകൃതിയിലുള്ള എല്ലാ വസ്തുക്കള്‍ക്കും ഓരോ നിയമം കര്‍ത്താവ് കൊടുത്തിട്ടുണ്ട്.ആ നിയമം അനുസരിച്ച് ജീവിക്കുമ്പോള്‍ അവരും പ്രപഞ്ചകര്‍ത്താവിനെ ആരാധിക്കുന്നു. മനുഷ്യഹൃദയങ്ങളിലും ഒരു നിയമം ദൈവം നിക്ഷേപിച്ചിട്ടുണ്ട്. അതു സ്നേഹത്തിന്റെ നിയമമാണ്. ആ നിയമം ലംഘിക്കപ്പെടുമ്പോള്‍ ജീവിതത്തിന്റെ പ്രഭ നഷ്ടപ്പെടും - മാര്‍ ചക്യത്ത് കൂട്ടിച്ചേര്‍ത്തു. വൈകുന്നേരം ദിവ്യകാരുണ്യപ്രദക്ഷിണത്തിന് മുഖ്യകാര്‍മികത്വം വഹിച്ച ചക്യത്ത് പിതാവിനെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ സ്റ്റെല്ല മാരിസ് സ്വീകരിച്ചു. തുടര്‍ ന്ന് ദിവ്യകാരുണ്യപ്രദക്ഷിണം നടന്നു. കൂടാതെ ഈ വര്‍ഷം വ്രതവാഗ്ദാനം നടത്തിയവര്‍ക്കും നിത്യവ്രതവാഗ്ദാനം നടത്തിയവര്‍ക്കും സ്വീകരണം നല്‍കി.