പരിശുദ്ധ അമ്മയുടെ ത്യാഗവും സഹനവും ജീവിതത്തില്‍ സ്വയത്തമാക്കണമെന്ന് ഇരിങ്ങാലക്കുട ബിഷപ് മാര്‍ ജയിംസ് പഴയാറ്റില്‍ ഉദ്ബോധിപ്പിച്ചു. മരിയന്‍ തീര്‍ഥ കേന്ദ്രമായ ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ എട്ടിന് നടക്കുന്ന ഊട്ടുതിരുനാളിന് ഒരുക്കമായുള്ള മരിയന്‍ കണ്‍വന്‍ഷന്‍ സെഹിയോന്‍ 2008 ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പങ്കുവയ്ക്കാന്‍ മടി കാണിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് വെല്ലുവിളിയാണ് പരിശുദ്ധ കന്യകാമറിയമെന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. വികാരി ഫാ. പയസ് ചിറപ്പണത്ത് അധ്യക്ഷത വഹിച്ചു. സെന്റ് ജയിംസ് ആശുപത്രിയില്‍ നിര്‍ദനരായ 56 വൃക്ക രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് നടത്താനുള്ള തുക ബിഷപ് ആശുപത്രി ഡയറക്ടര്‍ ഫാ. ജോയ് കടമ്പാട്ടിന് കൈമാറി.കുടുംബസമ്മേളന കേന്ദ്ര സമിതിയുടെ നേതൃത്വത്തില്‍ രക്തസാക്ഷരത ഇടവക പ്രഖ്യാപനത്തിന്റെ ഭാഗമായി നടത്തുന്ന രക്ത ഗ്രൂപ്പ് നിര്‍ണയ ക്യാമ്പിന്റെ ലോഗോ ബിഷപ് പ്രകാശനം ചെയ്തു. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന കണ്‍വന്‍ഷന്‍ ചിറ്റൂര്‍ ധ്യാനകേന്ദ്രത്തിലെ ഫാ. ജോബ് കൂട്ടുങ്ങല്‍ ടീമാണ് നയിക്കുന്നത്. അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോജി ചക്കിയത്ത്, ഫാ. റിജോ പഴയാറ്റില്‍, ട്രസ്റ്റി ഷാജു ജോര്‍ജ് മാളക്കാരന്‍, തിരുനാള്‍ കമ്മിറ്റി ചെയര്‍മാന്‍ സി.കെ. പോള്‍, പി.ഐ. ലൈജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.