സത്യവും ധാര്‍മികതയും പുലര്‍ത്താതെ വാണിജ്യത്തിനും വര്‍ഗീയതയ്ക്കും മാത്രം നിലകൊള്ളുന്ന മാധ്യമങ്ങളെ തിരിച്ചറിഞ്ഞ് അവയെ പുറംതള്ളണമെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. മാധ്യമങ്ങള്‍ ശക്തമായ വാര്‍ത്താ ഉപാധിയാണ്. എന്നാല്‍, ഇക്കാലത്തെ ചില മാധ്യമങ്ങള്‍ വിളമ്പുന്നതെല്ലാം ശരിയല്ല. അവ നല്ല യജമാനന്മാരാകാതെ വായനക്കാരെ ഭരിക്കുന്ന അവസ്ഥയിലേക്കു മാറിയിരിക്കുന്നു. കെ.സി.വൈ. എം പേള്‍ ജൂബിലിയോടനുബന്ധിച്ചു കോട്ടയത്തു നടത്തിയ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മാര്‍ പവ്വത്തില്‍.ആനയ്ക്കു മദമിളകുന്ന അവസ്ഥയാണ് ഇപ്പോള്‍ ചില മാധ്യമങ്ങള്‍ കാട്ടിക്കൂട്ടുന്നത്. എന്തും ചെയ്യാമെന്ന ഭാവമാണു ചില മാധ്യമസംരംഭങ്ങള്‍ പുലര്‍ത്തുന്നത്. നിരപരാധിയെ ക്രൂശിക്കുകയും അസത്യം പ്രചരിപ്പിക്കുകയും ചെയ്യുന്ന നീതികേടാണു ചിലര്‍ നടത്തിവരുന്നത്. അന്ധമായ വിധേയത്വം ഒരു മാധ്യമങ്ങളോടും പാടില്ല. നല്ല മാധ്യമങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സഭയ്ക്കു കടമയുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടില്‍ അന്നത്തെ സാഹചര്യമനുസരിച്ച് നിലവില്‍വന്ന ചില പ്രത്യയശാസ്ത്രങ്ങളെ ഇക്കാലഘട്ടത്തില്‍ അധികാരത്തിനുള്ള ഉപാധിയായി ഒരു വിഭാഗം ചൂഷണംചെയ്യുന്നു. ഈ പ്രസ്ഥാനങ്ങള്‍ അമ്പതുകളിലും അറുപതുകളിലും റഷ്യയിലും ചൈനയിലും സഭാ നേതൃത്വത്തെ അതിക്രൂരമായി തടവറയിലടച്ചതും പീഡിപ്പിച്ചതും നാടുകടത്തിയതും മറക്കാറായിട്ടില്ല. അന്ധമായ രാഷ്ട്രീയ തിമിരം ബാധിച്ച ഒരു വിഭാഗം മാത്രമാണ് ഇത്തരം പ്രത്യയശാസ്ത്രങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ടെന്ന് ധരിക്കുന്നത്. രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെ കൃത്യമായി അപഗ്രഥിക്കാനും സ്വതന്ത്രമായി ചിന്തിക്കാനും യുവജനങ്ങള്‍ക്കു സാധിക്കണം. സ്വാര്‍ഥതയ്ക്ക് അടിമപ്പെടാതെ മറ്റുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മുന്നോട്ടിറങ്ങി കെ.സി.വൈ. എം സഭയുടെ ശക്തിയായി മാറണം.- മാര്‍ പവ്വത്തില്‍ കൂട്ടിച്ചേര്‍ത്തു.