Friday, January 16, 2009

പ്രവേശന പരീക്ഷ ഒഴിവാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹം

ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ മാര്‍ക്ക്‌ ആയിരിക്കണം പ്രഫഷണല്‍ കോഴ്സിന്റെ മാനദണ്ഡമാകേണ്ടത്‌ എന്ന നിലപാട്‌ കേരളത്തിലെ ക്രൈസ്തവസഭകള്‍ക്കുവേണ്ടി ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്‍ എക്കാലവും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളതാണ്‌. കേവലം ഹയര്‍സെക്കന്‍ഡറിയുടെ മാര്‍ക്ക്‌ മാത്രം പോരാ, ഓരോ കോഴ്സിനോടുമുള്ള വിദ്യാര്‍ത്ഥിയുടെ ആഭിമുഖ്യവും അഭിരുചിയും അളക്കുന്ന ശാസ്ത്രീയമായ ഇന്‍ര്‍വ്യുവും പ്രവേശനത്തിന്‌ അടിസ്ഥാനമാക്കണമെന്ന നിലപാടാണ്‌ ക്രൈസ്തവസഭകളുടേത്‌. അതുകൊണ്ടാണ്‌ മെഡിസിന്റെയും എഞ്ചിനീയറിംഗിന്റെയും പ്രവേശനത്തിനു ഹയര്‍സെക്കന്‍ഡറിയുടെയും എന്‍ഡ്രന്‍സ്‌ എക്സാമിനേഷന്റെയും മാര്‍ക്കുകള്‍ക്ക്‌ തുല്യപരിഗണന നല്‍കിക്കൊണ്ടുള്ള പ്രവേശനരീതി കഴിഞ്ഞ വര്‍ഷങ്ങളില്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള കോളേജുകള്‍ അവലംബിച്ചത്‌. പിന്നീട്‌ അത്‌ സര്‍ക്കാരിനും മാതൃകയായി. ഹയര്‍ സെക്കന്‍ഡറിയുടെ മാര്‍ക്കും അഭിരുചി പരീക്ഷയും പ്രൊഫഷണല്‍ കോഴ്സിന്റെ പ്രവേശനത്തിന്‌ അടിസ്ഥാനമാക്കണമെന്ന്‌ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്‍ പറയാനുള്ള കാരണങ്ങള്‍ സര്‍ക്കാരിനു വിശദമായി നല്‍കിയിട്ടുള്ളതാണ്‌. 1. ഹയര്‍ സെക്കന്‍ഡറിയുടെ മാര്‍ക്ക്‌ അടിസ്ഥാനമാക്കുമ്പോള്‍ കേരള സിലബസിന്‌ വേണ്ടത്ര പ്രധാന്യം കിട്ടും എന്നതാണ്‌ ഒരു പ്രധാന കാര്യം. എന്നുവച്ചാല്‍ സര്‍ക്കാര്‍-എയ്ഡഡ്‌ സ്ക്കൂളുകള്‍ക്ക്‌ പ്രാധാന്യം കിട്ടുന്നു. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ വിദ്യാഭ്യാസവകുപ്പ്‌ തയ്യാറാക്കുന്ന പാഠ്യപദ്ധതിയും പരിഷ്ക്കരണങ്ങളുമെല്ലാം കേരളസിലബസിനെ അനഭിമിതമാക്കുന്നു. എന്നുവച്ചാല്‍ പാഠ്യപദ്ധതിയുടെ ഗുണനിലവാരം തകര്‍ക്കുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞവര്‍ഷം 85000 വിദ്യാര്‍ത്ഥികളാണ്‌ ഈ സിലബസ്‌ ഉപേക്ഷിച്ച്‌ മറ്റ്‌ സിലബസുകളില്‍ അഭയം തേടിയത്‌. ഇപ്പോള്‍ എന്‍ട്രസ്‌ പരീക്ഷകള്‍ക്ക്‌ ഐ.സി.എ.സി സിലബസും സി.ബി.എസ്‌.സി സിലബസുമാണ്‌ ഉപയോഗിക്കുന്നത്‌. പ്രവേശനം കിട്ടുന്നവരില്‍ ഏതാണ്ട്‌ 70% വിദ്യാര്‍ത്ഥികളും ഈ സിലബസില്‍ നിന്നുള്ളവരാണ്‌. ഹയര്‍സെക്കന്‍ഡറി മാര്‍ക്കിനെ അടിസ്ഥാനമാക്കി പ്രവേശനം നല്‍കുമ്പോള്‍ കേരളാസിലബസിനും അതുവഴി എയ്ഡഡ്‌ സ്ക്കൂളുകള്‍ക്കും സര്‍ക്കാര്‍ സ്ക്കൂളുകള്‍ക്കും പ്രാധാന്യം കിട്ടുന്നു. 2. കേരളസിലബസിനു പ്രാധാന്യം കിട്ടുമ്പോള്‍ സ്വാഭാവികമായും അതിന്റെ ഗുണനിലവാരം ഉയരാന്‍ ഇടയാകും. സ്കൂള്‍ കുട്ടികളെ അവിടെ ലഭിക്കുകയും ചെയ്യും. അങ്ങനെ വിദ്യാര്‍ത്ഥികളില്ലാതെ സര്‍ക്കാര്‍സ്കൂളുകള്‍ പൂട്ടുന്നു എന്ന പ്രശ്നത്തിലും ഒരു പരിധിവരെ പരിഹാരമാകും. 3. ഹയര്‍സെക്കന്‍ഡറി മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം കൊടുക്കുമ്പോള്‍ ഗ്രാമങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കു പ്രവേശനം കിട്ടും. പ്രവേശന പരീക്ഷയുടെ പ്രയോജനം കിട്ടുന്നത്‌ നഗരങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും കോച്ചിംഗ്സെന്ററുകള്‍ക്കുമാണ്‌.പ്രവേശനത്തിനു പകുതി മാര്‍ക്കിനു ഹയര്‍സെക്കന്‍ഡറി മാര്‍ക്കുകള്‍ പരിഗണിക്കുമ്പോള്‍തന്നെ പ്രൊഫഷണല്‍ കോളേജുകളില്‍ ഇങ്ങനെ നാട്ടിന്‍പുറത്തുകാരുടെ എണ്ണംകൂടാന്‍ ഇടയാക്കി എന്നതാണ്‌ ക്രൈസ്തവസഭകളുടെ അനുഭവം. 4. സര്‍ക്കാര്‍ സ്ക്കൂളുകള്‍ക്കും എയ്ഡഡ്‌ സ്ക്കൂളുകള്‍ക്കും പ്രാധാന്യം കിട്ടുന്നതുകൊണ്ട്‌ തന്നെ സ്വാഭാവികമായും പാവപ്പെട്ട കുട്ടികള്‍ക്ക്‌ പ്രഫഷണല്‍ കോഴ്സുകള്‍ക്ക്‌ പ്രവേശനം കിട്ടും. ഇപ്പോഴത്തെ സമ്പ്രദായമനുസരിച്ച്‌ എന്‍ട്രന്‍സ്‌ കോച്ചിംഗിനു പോകുന്നവര്‍ താരതമ്യേന സാമ്പത്തികമുള്ളവരും നഗരത്തിലും നഗരപരിസരങ്ങളിലുമുള്ളവരുമാണ്‌. എതില്‍ നിന്നുള്ള മാറ്റം തീര്‍ച്ചയായും അനിവാര്യമാണ്‌. 5. ഹയര്‍സെക്കന്‍ഡറി മാര്‍ക്കിനെ അടിസ്ഥാനമാക്കി പ്രവേശനം നല്‍കുമ്പോള്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ക്കു പ്രവേശനം കിട്ടും എന്നതാണ്‌ കാണുന്നത്‌. ഇതുവരെയുള്ള അനുഭവവും അങ്ങനെതന്നെ. 6. എന്‍ഡ്രന്‍സ്‌ കോച്ചിംഗിനുവേണ്ടി പണവും സമയവും വ്യയം ചെയ്യുന്നത്‌ തടയാന്‍ അതുവഴി കഴിയും. 7. കേവലം ചുരുങ്ങിയ മണിക്കൂറില്‍ കുറച്ച്‌ സ്കില്ലുകള്‍ പരിശോധിക്കുക മാത്രമാണ്‌ എന്‍ഡ്രന്‍സ്‌ പരീക്ഷയില്‍ ചെയ്യുന്നത്‌. എല്ലാ പ്രഫഷണല്‍ കോഴ്സിനും ബന്ധപ്പെട്ട വിഷയങ്ങളിലുള്ള താല്‍പര്യം പ്രധാനമാണ്‌. അതുപോലെ പൊതുവെ പഠനത്തിലുള്ള വിജയവും. അതു പരിശോധിക്കുവാന്‍ പൊതുവെ ഹയര്‍സെക്കന്‍ഡറി മാര്‍ക്കുകളാണ്‌ പ്രധാനം. വിദ്യാഭ്യാസരംഗത്ത്‌, പ്രത്യേകിച്ചും പ്രഫഷണല്‍ വിദ്യാഭ്യാസരംഗത്ത്‌ കേരളം ഏറെ പിന്നോക്കമാണ്‌ എന്ന കാര്യം പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നതാണ്‌. സമയത്ത്‌ കോഴ്സുകള്‍ ആരംഭിക്കുവാനാവാത്ത, പരീക്ഷകള്‍ നടത്താത്ത, റിസള്‍ട്ടു നല്‍കാത്ത നമ്മുടെ യൂണിവേഴ്സിറ്റികളില്‍ മറ്റൊരു നിവൃത്തിയുമില്ലാത്തതു കൊണ്ടുമാത്രമാണ്‌ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നതെന്ന്‌ പറയാറുണ്ട്‌. ഗുണമേന്മയില്ലാത്ത സിലബസും, കോഴ്സുകളും നമ്മുടെ വിദ്യാഭ്യാസരംഗത്തെ തകര്‍ക്കുന്നു. കൂടാതെ യൂണിവേഴ്സിറ്റികളും അദ്ധ്യാപനരംഗത്തുമുള്ള കടുത്ത രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും പ്രൊഫഷണല്‍ കോഴ്സിന്റെ പ്രവേശനത്തിനു മാനദഡ്ണമാക്കുമ്പോള്‍ കേരളസിലബസിന്റെയും നമ്മുടെ സ്ക്കൂള്‍ വിദ്യാഭ്യാസത്തിന്റെയും നിലവാരം ഉയര്‍ത്തുവാനുള്ള സാധ്യതയും ഏറ്റെടുക്കുവാന്‍ സര്‍ക്കാരിനും ബന്ധപ്പെട്ടവര്‍ക്കും കഴിയണം.