Wednesday, January 28, 2009

കെസിബിസി പ്രോ-ലൈഫ്‌ സമിതി പ്രതിഷേധ റാലി നടത്തി

മനുഷ്യന്റെ ജീവനും മഹത്വവും അവകാശങ്ങളും നിഷേധിക്കുന്ന തരത്തില്‍ ജസ്റ്റീസ്‌ വി.ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള നിയമ പരിഷ്കരണ സമിതി നല്‍കിയ ശിപാര്‍ശകള്‍ തള്ളിക്കളയണം എന്നാവശ്യപ്പെട്ട്‌ കെസിബിസി ഫാമിലി കമ്മീഷന്റെ കീഴിലുള്ള അഖില കേരളാ പ്രോ-ലൈഫ്‌ സമിതി കൊച്ചിയില്‍ പ്രതിഷേധ റാലിയും സമ്മേളനവും നടത്തി. ദയാവധം നിയമവിധേയമാക്കു ക, ആത്മഹത്യ കുറ്റകരമല്ലാതാക്കുക, രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ പാടില്ല, വിവാഹ ഉടമ്പടികളുടെ ആധ്യാത്മിക ചൈതന്യം നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള ഭേദഗതി എന്നിവക്കെല്ലാമുള്ള നിര്‍ദേശങ്ങള്‍ ശിപാര്‍ശയിലുണ്ട്‌. ഇവ തികച്ചും അപകടകരവും സ്വേച്ഛാപരവും മരണ സംസ്കാരത്തിനു വഴിയൊരുക്കുന്നതുമാണെന്ന്‌ പ്രോ-ലൈഫ്‌ സമിതി പ്രസിഡന്റ്‌ റവ.ഡോ. ജോസ്‌ കോട്ടയില്‍ പറഞ്ഞു. നൂറ്റാണ്ടുകളായി ഭാരതസംസ്കാരം പവിത്രമെന്ന്‌ കരുതിപ്പോരുന്ന പല മൂല്യങ്ങളും നഷ്ടപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമായാണ്‌ പുതിയ നിയമ നിര്‍ദേശങ്ങള്‍. സംസ്ഥാനതലത്തില്‍ പ്രതീകാത്മകമായി നടത്തിയ റാലിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രോ-ലൈഫ്‌ സമിതി പ്രവര്‍ത്തകര്‍, ആറില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍, വികലാംഗര്‍, വൃദ്ധര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നിയമ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്‌ സമര്‍പ്പിച്ച അതേദിവസം അതേസമയത്ത്‌ തന്നെ ഹൈക്കോടതി ജംഗ്ഷനില്‍ നടത്തിയ പ്രതിഷേധ സമ്മേളനം ഏബ്രഹാം പുത്തന്‍കുളം ഉദ്ഘാടനം ചെയ്തു. റവ.ഡോ. ജോസ്‌ കോട്ടയില്‍ പ്രസംഗിച്ചു. കേരളത്തിലെ എല്ലാ രൂപതകളിലും പ്രതിഷേധ റാലികളും സമ്മേളനങ്ങളും നടത്തിയതായി പ്രോ-ലൈഫ്‌ സമിതി വ്യക്തമാക്കി.