Wednesday, January 28, 2009

വിശ്വാസ പരിശീലനം സഭയുടെ മൗലിക ശുശ്രൂഷ: മാര്‍ ജോസഫ്‌ പെരുന്തോട്ടം

വിശ്വാസ പരിശീലനം സഭയുടെ മൗലിക ശുശ്രൂഷയാണെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം. ചങ്ങനാശേരി അതിരൂപത മതബോധന കേന്ദ്രമായ സന്ദേശനിലയത്തിന്റെ സുവര്‍ണജൂബിലി സമാപന മതാധ്യാപക സംഗമം എസ്‌.ബി കോളജ്‌ കാവുകാട്ടു ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്‌ ബിഷപ്‌.ദൈവത്തിന്റെ വചനം പകര്‍ന്നുകൊടുക്കല്‍ വിശുദ്ധമായ ശുശ്രൂഷയാണ്‌. ദൈവവചനം മനുഷ്യനെ രൂപാന്തരപ്പെടുത്തുന്നതാണ്‌. വിശ്വാസജീവിതത്തില്‍ വെല്ലുവിളികള്‍ ഉയരുമ്പോഴും വിശ്വാസത്തില്‍നിന്നും സഭാ മക്കളെ അകറ്റാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോഴും വിശ്വാസത്തിന്റെ ശക്തി ലോകത്തിനു പകര്‍ന്നു നല്‍കണം. വിശ്വാസത്തില്‍ ദൃഢപ്പെടുത്താന്‍ മതബോധനത്തിലൂടെ കഴിയണം. പുതിയ തലമുറയെ ആഴമായ വിശ്വാസത്തിലുറപ്പിക്കാന്‍ മാതാപിതാക്കള്‍ക്കും മതാധ്യാപകര്‍ക്കും വലിയ ദൗത്യമാണുള്ളത്‌. വിശ്വാസ കൈമാറ്റം നടത്തുന്ന മതാധ്യാപകര്‍ കൂടുതല്‍ അറിവും ബോധ്യങ്ങളും നേടണമെന്നും മാര്‍ പെരുന്തോട്ടം ഉദ്ബോധിപ്പിച്ചു. ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ അധ്യക്ഷതവഹിച്ചു. വിശ്വാസത്തിനെതിരേ വെല്ലുവിളികളും സമൂഹത്തില്‍ അവകാശ ധ്വംസനങ്ങളും വര്‍ധിക്കുമ്പോള്‍ വിശ്വാസത്തിലും ബോധ്യങ്ങളിലും സഭാംഗങ്ങള്‍ ആഴമായ അവബോധം നേടണമെന്നു മാര്‍ പവ്വത്തില്‍ ഉദ്ബോധിപ്പിച്ചു. കണ്ണൂര്‍ രൂപത ബിഷപ്‌ റൈറ്റ്‌ റവ. ഡോ. വര്‍ഗീസ്‌ ചക്കാലയ്ക്കല്‍ ജൂബിലി സന്ദേശം നല്‍കി. സുവിശേഷ സന്ദേശം തലമുറകള്‍ക്കു കൈമാറാന്‍ സഭാംഗങ്ങള്‍ ജാഗ്രതപുലര്‍ത്തണമെന്ന്‌ ബിഷപ്‌ ആഹ്വാനം ചെയ്തു. രാവിലെ നടന്ന മതബോധന കണ്‍വന്‍ഷനില്‍ സീറോ മലബാര്‍ മതബോധന സിനഡല്‍ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി മാര്‍ഗനിര്‍ദേശക പ്രസംഗം നടത്തി.മാധ്യമങ്ങളെ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിയണമെന്നും ഇതിലൂടെ സുവിശേഷവത്കരണമാണു നടക്കേണ്ടതെന്നും ബിഷപ്‌ പറഞ്ഞു. വിശ്വാസപരിശീലകര്‍ക്ക്‌ ഇന്റര്‍നെറ്റ്‌ പരിശീലനം നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു കെ.സി.ബി.സിക്കു പൂര്‍ണമായ ബോധ്യം ഉണെ്ടന്ന്‌ അദ്ദേഹം പറഞ്ഞു.സന്ദേശനിലയം വെബ്സൈറ്റിന്റെ ഉദ്ഘാടനം ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തിലും മാധ്യമങ്ങളും മതബോധനവും എന്ന പുസ്തകത്തിന്റെ പ്രകാശനം ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടവും നിര്‍വഹിച്ചു. .ജീവനും സ്വത്തിനും ധാര്‍മികതയ്ക്കും നിരക്കാത്ത കേരള സര്‍ക്കാരിന്റെ നിയമനിര്‍മാണത്തിനെതിരേയുള്ള പ്രതിഷേധ പ്രമേയം അതിരൂപത പി.ആര്‍.ഒ ഡോ. പി.സി അനിയന്‍കുഞ്ഞ്‌ അവതരിപ്പിച്ചു.