Monday, January 5, 2009

സന്യാസിസമൂഹത്തെ വിളിക്കുന്നതും തെരഞ്ഞെടുക്കുന്നതും ദൈവം: മാര്‍ ജേക്കബ്‌ മനത്തോടത്ത്‌

സന്യാസിസമൂഹത്തെ വിളിക്കുന്നതും തെരഞ്ഞെടുക്കുന്നതും ദൈവമാണെന്ന്‌ രൂപതാ ബിഷപ്‌ മാര്‍ ജേക്കബ്‌ മനത്തോടത്ത്‌. ദൈവത്തിന്റെ കരം സ്വീകരിക്കുകയും വചനം ശ്രവിക്കുകയും പരിപാലിക്കുകയും ചെയ്യുന്നവരാണ്‌ സന്യാസി സമൂഹം. പെരിമ്പിടാരി ഹോളിസ്പിരിറ്റ്‌ ദേവാലയത്തില്‍ നടന്ന നാല്‌ സിസ്റ്റര്‍മാരുടെ ആദ്യവ്രതവാഗ്ദാനവും സഭാവസ്ത്ര സ്വീകരണത്തിലും പങ്കെടുത്ത്‌ പ്രസംഗിക്കുകയായിരുന്നു ബിഷപ്‌. യഥാര്‍ഥ്യ സന്യാസി ജീവിതത്തില്‍ ഇന്ന്‌ വെല്ലുവിളികള്‍ ഏറെയാണ്‌. ദൈവഹിതത്തില്‍നിന്ന്‌ വ്യതിചലിക്കുമ്പോഴാണ്‌ ഇത്തരം അവസ്ഥകള്‍ ഉണ്ടാകുന്നത്‌. കര്‍ത്താവിന്റെ സുവിശേഷഭാഗമാണ്‌ നാം സ്വീകരിക്കേണ്ടതും ജീവിതത്തില്‍ പകര്‍ത്തേണ്ടതെന്നും ബിഷപ്‌ പറഞ്ഞു. പരസ്പരസ്നേഹമാണ്‌ ജീവിതവിജയത്തിന്‌ അടിസ്ഥാനമെന്നും ബിഷപ്‌ ഉദ്ബോധിപ്പിച്ചു.സിസ്റ്റര്‍ ആന്‍മേരി, സിസ്റ്റര്‍ നിമിഷ, സിസ്റ്റര്‍ നവീന, സിസ്റ്റര്‍ ആല്‍ഫി എന്നിവരാണ്‌ ആദ്യവ്രതവാഗ്ദാനവും സഭാവസ്ത്ര സ്വീകരണവും ഏറ്റുവാങ്ങിയത്‌.പരിശുദ്ധ ത്രിത്വത്തിന്റെ സെന്റ്‌ ഡൊമിനിക്കന്‍ സന്യാസി സമൂഹത്തിന്റെ ഭാഗമായി തീര്‍ന്നിരിക്കുകയാണ്‌ ഈ നാലു സിസ്റ്റര്‍മാരും.ചടങ്ങില്‍ ബിഷപിനെ കൂടാതെ ഫൊറോനാവികാരി ഫാ. ജോര്‍ജ്‌ തെരുവംകുന്നേല്‍, ഫാ. ജെസ്റ്റിന്‍ കോലങ്കണ്ണി, ഫാ. ജോസ്‌ മെയിലംമൂട്ടില്‍ എന്നിവരും മദര്‍ സുപ്പിരീയര്‍ സിസ്റ്റര്‍ ടെസി, സെന്റ്‌ ഡൊമിനിക്കന്‍ സിസ്റ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.