Monday, January 19, 2009

ലത്തീന്‍ കത്തോലിക്കര്‍ക്ക്‌ തെരഞ്ഞെടുപ്പില്‍ പ്രാതിനിധ്യം ഉറപ്പാക്കണം: ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍

ലത്തീന്‍ കത്തോലിക്കര്‍ക്കു പഞ്ചായത്ത്‌-ലോക്സഭ-നിയമസഭാ തെരഞ്ഞെടുപ്പില്‍ മതിയായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന്‌ കെ.ആര്‍.എല്‍.സി.സി പ്രസിഡന്റ്‌ വരാപ്പുഴ ആര്‍ച്ച്‌ ബിഷപ്‌ ഡോ.ഡാനിയേല്‍ അച്ചാരുപറമ്പില്‍.ലത്തീന്‍ കത്തോലിക്കാ സമുദായത്തിന്റെ അപെക്സ്‌ ബോഡിയായ കെആര്‍എല്‍സിസിയുടെ ദ്വിദിന ജനറല്‍ അംസംബ്ലിയുടെ സമാപനത്തോടനുബന്ധിച്ച്‌ നടത്തിയ പത്രസമ്മേളനത്തിലാണ്‌ ആര്‍ച്ച്‌ ബിഷപ്‌ ഈ ആവശ്യമുന്നയിച്ചത്‌. പിന്നോക്ക വിഭാഗങ്ങള്‍ക്ക്‌ രാഷ്ട്രീയ നീതി ഉറപ്പാക്കിക്കൊണ്ട്‌ സാമൂഹ്യനീതിയോടുള്ള പ്രതിബദ്ധത അടുത്ത തെരഞ്ഞെടുപ്പുകളില്‍ തെളിയിക്കാന്‍ രാജ്യത്തെ വിവിധ രാഷ്ട്രീയ കക്ഷികള്‍ തയാറാകണം. ലത്തീന്‍ സമൂഹത്തിന്റെ ഈ ആവശ്യം മറ്റുള്ള സമുദായങ്ങളോടുള്ള എതിര്‍പ്പായി ആരും കാണരുതെന്നും ആര്‍ച്ച്‌ ബിഷപ്‌ വ്യക്തമാക്കി. മറ്റു സമുദായങ്ങള്‍ക്ക്‌ അനുഗുണമായ തരത്തിലുള്ള നീക്കമാണ്‌ കെ.ആര്‍.എല്‍.സി. സിയുടെ ആവശ്യം.മുന്‍വിധിയോടെ ഒന്നിനേയും തങ്ങള്‍ സമീപിക്കുന്നില്ല. വരുന്ന തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട നയങ്ങളെക്കുറിച്ച്‌ വ്യക്തമായ ധാരണ സമുദായത്തിനുണ്ട്‌. ഇതു സംബന്ധമായ കൂടുതല്‍ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും കര്‍മ പരിപാടിക്കുമായി കെ. ആര്‍.എല്‍.സി.സി പ്രസിഡന്റ്‌ ആര്‍ച്ച്‌ ബിഷപ്‌ ഡോ.ഡാനിയേല്‍ അച്ചാരുപറമ്പിലിന്റെ നേതൃത്വത്തിലുള്ള കെ.ആര്‍.എല്‍.സി.സി രാഷ്ട്രീയകാര്യ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌.തിരുവനന്തപുരം മേഖലയില്‍ തിരുവനന്തപുരം ആര്‍ച്ച്‌ ബിഷപ്‌ ഡോ.എം.സൂസപാക്യവും മറ്റ്‌ രൂപതാധ്യക്ഷന്‍മാരും സമുദായ നേതാക്കളും കെ.ആര്‍.എല്‍.സി.സി രാഷ്ട്രീയ കാര്യ സമിതിയംഗങ്ങളുമായി ചേര്‍ന്ന്‌ നയരൂപീകരണം നടത്തും. സമുദായത്തിന്‌ നീതി നിഷേധിക്കുന്ന അവസ്ഥ തുടരുന്ന ഒരു പാര്‍ട്ടിയേയും അധികാരികളെയും പിന്തുണയ്ക്കില്ല. വേണ്ട അവസരത്തില്‍ വേണ്ട വിധത്തില്‍ തീരുമാനമെടുക്കാന്‍ തങ്ങള്‍ക്ക്‌ കഴിയും. വിജയിപ്പിക്കേണ്ടാത്തവരെ തോല്‍പിക്കാനും തങ്ങള്‍ക്കു കഴിയുമെന്ന്‌ മനസിലാക്കണം- ആര്‍ച്ച്‌ ബിഷപ്‌ പറഞ്ഞു.കേരളത്തിലെ രണ്ടു മുന്നണികളില്‍നിന്നു നീതിപൂര്‍വമായ സമീപനം ഉണ്ടാകണം. ഈശ്വര വിശ്വാസം, മനുഷ്യാവകാശ സംരക്ഷണം, ഭരണഘടനാപരമായ സ്വാതന്ത്യം അനുവദിക്കുന്നവരേ മാത്രമേ പിന്തുണയ്ക്കാന്‍ തങ്ങള്‍ക്കു കഴിയുകയുള്ളു. കൊല്ലം, ആലപ്പുഴ, എറണാകുളം ഉള്‍പ്പെടെ ലത്തീന്‍ സമുദായത്തിന്‌ സ്വാധീനമുള്ള ചില മണ്ഡലങ്ങള്‍ സമുദായത്തിന്റെ പരിഗണനയിലുണ്ട്‌. ഇവിടങ്ങളില്‍ സമുദായത്തിനെ അംഗീകരിക്കുന്നവരെ മാത്രമേ സമുദായവും അംഗീകരിക്കുകയുള്ളൂവെന്ന്‌ ഡോ.അച്ചാരുപറമ്പില്‍ വ്യക്തമാക്കി.