Friday, January 23, 2009

ഗ്രാമങ്ങളുടെ ഉദ്ധാരണം സ്ത്രീകളിലൂടെ: മാര്‍ ദിവന്നാസിയോസ്‌

ഗ്രാമങ്ങളുടെ ഉദ്ധാരണം നടക്കണമെങ്കില്‍ സ്ത്രീസമൂഹം മുന്നിട്ടിറങ്ങണമെന്ന്‌ ബത്തേരി രൂപതാ ബിഷപ്‌ ഗീവര്‍ഗീസ്‌ മാര്‍ ദിവന്നാസിയോസ്‌. ശ്രേയസില്‍ ആരംഭിച്ച ഗ്രാമശ്രീമേളയില്‍ അധ്യക്ഷത വഹിച്ച്‌ പ്രസംഗിക്കുകയായിരുന്നു ബിഷപ്‌. ജഗദീശ്വരന്‍ മനുഷ്യനെ സൃഷ്ടിച്ചത്‌ അവന്‌ വഴിപ്പെട്ട്‌ ജീവിക്കാന്‍വേണ്ടിയാണ്‌.എന്നാല്‍ ആധുനിക യുഗത്തിലെ മനുഷ്യന്‍ ജീവിക്കുന്നത്‌ അസ്വഭാവികതയിലാണ്‌. മനുഷ്യന്‍ ജീവിക്കാന്‍ ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഭൂമി മണ്ഡലത്തില്‍ ജഗദീശ്വരന്‍ ഒരുക്കിയിട്ടുണ്ട്‌. എന്നാല്‍ ആധുനിക യുഗത്തിലെ മനുഷ്യനാകട്ടെ ഇവയെല്ലാം ത്യജിച്ച്‌ വിഷലിബ്ധമായ ഭക്ഷ്യധാന്യങ്ങള്‍ ഭക്ഷിച്ചും ഫാഷന്‍ യുഗം തെരഞ്ഞെടുത്തുമാണ്‌ മുന്നോട്ട്‌ പോകുന്നത്‌.ഇതിന്‌ ഉദാഹകരണമാണ്‌ ശുദ്ധമായ ഇളനീര്‍ ഒഴിവാക്കി വിഷലിബ്ധമായ കൊക്കക്കോളയുടെ പിന്നാലെ പോകുന്നതെന്ന്‌ ബിഷപ്‌ പറഞ്ഞു. ഈ ഘട്ടത്തില്‍ ഗ്രാമങ്ങളില്‍ ശുദ്ധമായ ധാന്യങ്ങള്‍ വിളയിക്കാനും അതുവഴി ഗ്രാമങ്ങളുടെ ഭക്ഷ്യസ്രോതസ്‌ നിലനിര്‍ത്താനുമുള്ള പങ്ക്‌ നിസീമമാണെന്ന്‌ ബിഷപ്പ്‌ കൂട്ടിച്ചേര്‍ത്തു.ശ്രേയസിന്റെ വിവിധ മേഖലകളില്‍ നിന്നായി 38 കുടുംബശ്രീ സ്റ്റാളുകള്‍ മേളയില്‍ ഒരുക്കിയിട്ടുണ്ട്‌. പുല്‍പ്പള്ളി കൃപ സംഘം സ്റ്റാളില്‍ അന്യമായിക്കൊണ്ടിരിക്കുന്ന വാട്ടുകപ്പ, മധുരച്ചേമ്പ്‌, ചെറുകിഴങ്ങ്‌ എന്നിവ ഒരുക്കിയപ്പോള്‍ മണ്‍പാത്രം, കീടനാശിനി ഉപയോഗിക്കാത്ത പച്ചക്കറി, അരിവാള്‍ രോഗത്തിനുള്ള എന്നിവയും വിവിധ സ്റ്റാളുകളില്‍ ഒരുക്കിയിട്ടുണ്ട്‌.