Tuesday, January 6, 2009

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനാകില്ലെങ്കില്‍ ഒറീസ സര്‍ക്കാര്‍ പോകണം: സുപ്രീം കോടതി

ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ കഴിയില്ലെങ്കില്‍ ഒറീസ സര്‍ക്കാര്‍ രാജിവച്ചൊഴിയണമെന്ന്‌ സുപ്രീം കോടതി. ഒറീസയില്‍ ക്രൈസ്തവര്‍ക്കെതിരേ തുടരുന്ന അക്രമം തടയുന്നതില്‍ കടുത്തഅലംഭാവമുണെ്ടന്ന്‌ വിലയിരുത്തിയ സുപ്രീം കോടതി, സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.ഒറീസയില്‍ കേന്ദ്രസേനയെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട്‌ കട്ടക്‌- ഭുവനേശ്വര്‍ ആര്‍ച്ച്‌ ബിഷപ്‌ ഡോ. റാഫേല്‍ ചീനാത്ത്‌ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി. ചീഫ്‌ ജസ്റ്റീസ്‌ കെ.ജി ബാലകൃഷ്ണന്‍ അധ്യക്ഷനായ ബഞ്ചാണ്‌ കേസ്‌ പരിഗണിച്ചത്‌. ലോക്സഭ തെരഞ്ഞെടുപ്പ്‌ അടുക്കുന്നതിന്റെ പേരില്‍ കേന്ദ്രസേനയെ സംസ്ഥാനത്തുനിന്ന്‌ പിന്‍വലിച്ച്‌ മറ്റിടങ്ങളില്‍ വിന്യസിക്കാന്‍ നടത്തുന്ന നീക്കം തടയണമെന്നാണ്‌ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്‌.ഹര്‍ജിയിലെ ആവശ്യം അംഗീകരിച്ച കോടതി, സൈന്യം ഇപ്പോഴുള്ളതു പോലെ തന്നെ തുടരണമെന്ന്‌ നിര്‍ദേശിച്ചു. ന്യൂനപക്ഷങ്ങള്‍ക്കെതിരേ അക്രമമുണ്ടാകുകയില്ലെന്ന്‌ ബോധ്യമായതിനുശേഷം മാത്രമേ സേനയെ പിന്‍വലിക്കാവൂ. ഇതുസംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാരുമായി കേന്ദ്രം ആലോചന നടത്തണമെന്നും ജസ്റ്റീസുമാരായ മാര്‍ക്കണേ്ടയ കഡ്ജു, പി. സദാശിവം എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച്‌ നിര്‍ദേശിച്ചിട്ടുണ്ട്‌.ന്യൂനപക്ഷങ്ങളുടെ സുരക്ഷയ്ക്ക്‌ വേണ്ട നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവെന്ന്‌ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ വേണുഗോപാല്‍ അറിയിച്ചപ്പോഴാണ്‌ ഒറീസ സര്‍ക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചത്‌. വി.എച്ച്‌.പി നേതാവ്‌ ലക്ഷ്മണാനന്ദ സരസ്വതിയുടെ വധവുമായി ബന്ധപ്പെട്ട്‌ തെളിവില്ലാത്ത ആരോപണത്തിന്റെ പേരില്‍ ക്രൈസ്തവ സമുദായാംഗങ്ങളെ തെരഞ്ഞുപിടിച്ച്‌ ആക്രമിച്ച സംഭവം ലോകത്തെ നടുക്കിയിരുന്നു. അക്രമങ്ങള്‍ തടയുന്നതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതി നല്‍കിയ എല്ലാ നിര്‍ദേശങ്ങളും ശരിയായ രീതിയില്‍ പാലിച്ചുവെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ ബോധിപ്പിച്ചു. എന്നാല്‍, ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ടത്‌ സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്‌. എന്നാല്‍, നിങ്ങള്‍ നടപടിയെടുത്തത്‌ 50,000-ത്തോളം വരുന്ന ന്യൂനപക്ഷ സമുദായംഗങ്ങള്‍ കാടുകളിലേക്ക്‌ പലായനം ചെയ്തതിന്‌ ശേഷമാണ്‌ : പരമോന്നത കോടതി ഓര്‍മി പ്പിച്ചു.ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നത്‌ അനുവദിക്കാനാവില്ലെന്ന്‌ ജസ്റ്റീസ്‌ മാര്‍ക്കണേ്ടയ കഡ്ജു പറഞ്ഞു. ന്യൂനപക്ഷ സമുദായങ്ങളെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ രാജിവച്ചൊഴിയണം. ന്യൂനപക്ഷങ്ങള്‍ക്ക്‌ സംരക്ഷണം ഉറപ്പാക്കണം. ഒരു ന്യൂനപക്ഷ സമുദായത്തിനും രാജ്യത്ത്‌ സുരക്ഷിതമില്ലാത്ത സ്ഥിതിയുണ്ടാവരുത്‌: ജസ്റ്റീസ്‌ കഡ്ജു ചൂണ്ടി ക്കാട്ടി.കലാപത്തില്‍ തകര്‍ക്കപ്പെട്ട ആരാധനാലയങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ സഹായം നല്‍കുന്നതില്‍ വിവേചനം പാടില്ലെന്ന്‌ സുപ്രീം കോടതി നിര്‍ദേശിച്ചു. ക്രൈസ്ത വരോട്‌ വിവേചനം കാട്ടുന്നു വെന്ന ഹര്‍ജിയിലെ ആരോപണത്തിന്‌, എല്ലാ ആരാധനാലയങ്ങള്‍ക്കും ഒരുപോലെ സഹായം നല്‍കുന്നതിന്‌ ചില സാങ്കേതിക തടസമു ണെ്ടന്നാണ്‌ സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്‌. സര്‍ക്കാരിന്റെ നിലപാടിനെ കോടതി വിമര്‍ശിച്ചു.അക്രമത്തിനിടെ തകര്‍ക്കപ്പെട്ട ദേവാലയങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കണമെന്ന്‌ നേരത്തെ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ദേവാലയങ്ങള്‍ മതസ്ഥാപനമായതിനാല്‍ സഹായം നല്‍കാനാവില്ലന്ന ഒറീസ സര്‍ക്കാരിന്റെ നിലപാടിനെ കഴിഞ്ഞ ഒക്ടോബറില്‍ കേസ്‌ പരിഗണിച്ചപ്പോഴും കോടതി വിമര്‍ ശിച്ചിരുന്നു.ഇതിനിടെ, ഒറീസയില്‍ മാനഭംഗത്തിനിരയായ കന്യാസ്ത്രീ തന്നെ പീഡിപ്പിച്ചവരില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞു. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്ന്‌ അന്വേഷണ സംഘം ഇന്നലെ ബുവനേശ്വറില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡിലാണ്‌ കന്യാസ്ത്രീ രണ്ടുപേരെ തിരിച്ചറിഞ്ഞത്‌.