Tuesday, January 6, 2009

സ്നേഹവും സേവനവും കര്‍മമണ്ഡലത്തിലെ മുഖമുദ്ര: കാതോലിക്കാ ബാവ

മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തില്‍ സ്നേഹവും, ഐക്യവും, സേവനവും കൈമുതലാക്കി വിശ്വാസസംരക്ഷകരായി മാറണമെന്ന്‌ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവ. വടശേരിക്ക സെന്റ്‌ ആന്റണീസ്‌ മലങ്കര കത്തോലിക്കാ പള്ളിയില്‍ റാന്നി പെരുനാട്‌ വൈദിക ജില്ല മലങ്കര കാത്തലിക്‌ അസോസിയേഷന്‍ വാര്‍ഷിക സമ്മേളനത്തിന്റെ സമാപന യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ദൈവസ്നേഹം ഉള്ളില്‍ വഹിക്കുന്നവര്‍ക്കു മാത്രമേ സമൂഹത്തിനും, സഭയ്ക്കും പ്രയോജനപ്രദമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകാന്‍ കഴിയൂവെന്ന്‌ കാതോലിക്കാ ബാവ ചൂണ്ടിക്കാട്ടി. വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ച പ്രവര്‍ത്തകരെ അദ്ദേഹം പൊന്നാട അണിയിച്ച്‌ ആദരിച്ചു.വൈദിക ജില്ലാ പ്രസിഡന്റ്‌ സണ്ണി കണ്ണംമണ്ണില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.സി സനല്‍കുമാര്‍ മുഖ്യപ്രഭാഷണവും, സുവനീര്‍ പ്രകാശനവും നിര്‍വഹിച്ചു.അതിരൂപത ആത്മീയ ഉപദേഷ്ടാവ്‌ ഫാ.ഹോര്‍മിസ്‌ പുത്തന്‍വീട്ടില്‍, ഫാ.തോമസ്‌ മരോട്ടിമൂട്ടില്‍, ഫാ.വര്‍ഗീസ്‌ കൂത്തനേത്ത്‌, സജി അലക്സാണ്ടര്‍, ടി.എ രാജു എന്നിവര്‍ പ്രസംഗിച്ചു.രാവിലെ നടന്ന കുര്‍ബാനയ്ക്ക്‌ വടശേരിക്കര പള്ളി വികാരി ഫാ.ജോണ്‍ വര്‍ഗീസ്‌ പാലനില്‍ക്കുന്നതില്‍ നേതൃത്വം നല്‍കി. കുര്‍ബാനയേ തുടര്‍ന്നു നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അപ്പിനഴികത്ത്‌ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.