Thursday, January 8, 2009

ദയാവധം വേണമെന്ന ശിപാര്‍ശ മനുഷ്യത്വരഹിതം: ബിഷപ്‌ ഡോ. കല്ലറയ്ക്കല്‍

ദയാവധം നടപ്പില്‍ വരുത്തണമെന്ന നിയമ പരിഷ്ക്കരണ സമിതിയുടെ ശിപാര്‍ശ മനുഷ്യത്വരഹിതമെന്നു കെആര്‍എല്‍സിബിസി മാധ്യമ കമ്മീഷന്‍ ചെയര്‍മാനും കെസിബിസി മാധ്യമ കമ്മീഷന്‍ വൈസ്‌- ചെയര്‍മാനുമായ കോട്ടപ്പുറം ബിഷപ്‌ ഡോ.ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍. ജീവന്റെ ഉടമ ദൈവം മാത്രമാണ്‌. ദൈവത്തില്‍നിന്നു ലഭിക്കുന്ന ജീവന്‍ ദയാവധമെന്ന പേരിലായാല്‍ പോലും നശിപ്പിക്കാന്‍ മനുഷ്യര്‍ക്ക്‌ അവകാശമില്ല. ഇത്തരം കാടന്‍ നിയമങ്ങളെ അംഗീകരിക്കാനാകില്ലെന്നും ബിഷപ്‌ വ്യക്തമാക്കി. രണ്ടു കുട്ടികളില്‍ കൂടുതലായാല്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന എല്ലാ തരത്തിലുള്ള ആനുകൂല്യങ്ങളും റദ്ദു ചെയ്യണമെന്ന ശിപാര്‍ശയും മനുഷ്യത്വരഹിതമാണ്‌. വിവാഹം കഴിക്കുന്നവരാണ്‌ എത്ര കുട്ടികളുണ്ടാകണമെന്ന്‌ തീരുമാനിക്കേണ്ടത്‌. അതില്‍ കൈകടത്താനുള്ള ശ്രമങ്ങള്‍ അപലപനീയമാണ്‌- ബിഷപ്‌ കല്ലറയ്ക്കല്‍ ചൂണ്ടിക്കാട്ടി.