Saturday, January 10, 2009

നിയമ പരിഷ്കരണ കമ്മീഷന്‍ ശിപാര്‍ശകള്‍ അംഗീകരിക്കാനാവില്ല: കെ.സി.ബി.സി

കേരള സംസ്ഥാന നിയമ പരിഷ്കരണ കമ്മീഷന്റെ ശിപാര്‍ശകളായ രണ്ടില്‍ കൂടുതല്‍ മക്കളുള്ളവര്‍ക്ക്‌ ആനുകൂല്യങ്ങള്‍ നിഷേധിക്കാനും ദയാവധം അനുവദിക്കാനും ആത്മഹത്യ കുറ്റകരമാണെന്ന വ്യവസ്ഥ എടുത്തു കളയാനുമുള്ള തീരുമാനങ്ങള്‍ കേരളത്തിലെ കത്തോലിക്കാ സഭയ്ക്ക്‌ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നു കെ.സി.ബി.സി വ്യക്തമാക്കി. ഇത്തരം നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെങ്കില്‍ നിയമപരമായും ഇതരമാര്‍ഗങ്ങളിലൂടെയും എതിര്‍ക്കാനും ശക്തമായി നേരിടാനും കേരള കത്തോലിക്ക മെത്രാന്‍ സമിതി തീരുമാനിച്ചു. ക്രിസ്ത്യന്‍ പള്ളികളുടെ സ്വത്തും സാമ്പത്തിക കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ ട്രസ്റ്റ്‌ രൂപവത്കരിക്കാനും, മേല്‍നോട്ടത്തിനു കമ്മീഷണറെ നിയമിക്കാനുള്ള നീക്കങ്ങളും അപ്രസക്തമാണ.്‌ അവയും അംഗീകരിക്കാനാവില്ല. മക്കളുടെ എണ്ണം തീരുമാനിക്കാനുള്ള അവകാശം മാതാപിതാക്കള്‍ക്കാണ്‌ സര്‍ക്കാരിനല്ല.രണ്ടില്‍ കൂടുതല്‍ മക്കളുള്ള മാതാപിതാക്കളുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കാനുള്ള തീരുമാനം മനുഷ്യാവകാശ ലംഘനവും കുട്ടികളുടെ പൗരാവകാശ ലംഘനവുമാണ്‌. ദയാവധം, ആത്മഹത്യ എന്നിവ സംബന്ധിക്കുന്ന ശിപാര്‍ശകള്‍ മാനുഷിക മൂല്യങ്ങളെയും ധാര്‍മിക വ്യവസ്ഥിതികളെയും ദൈവവിശ്വാസത്തെയും അട്ടിമറിക്കുന്ന നടപടിക്രമങ്ങളാണ്‌. മനുഷ്യജീവന്റെ ദാതാവ്‌ ദൈവമായിരിക്കെ അത്‌ നശിപ്പിക്കാനും ഇല്ലാതാക്കാനും മനുഷ്യര്‍ക്ക്‌ അവകാശമില്ല. ഭാരതത്തിലെ കത്തോലിക്കാസഭയുടെ പ്രവര്‍ത്തനം ഭരണഘടന അനുസരിച്ചുള്ള വ്യക്തി നിയമപ്രകാരമാണ്‌. പള്ളികളുടെ സ്വന്തം സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ട്രസ്റ്റിന്റെ രൂപീകരണവും അതിന്റെ മേല്‍നോട്ടത്തിനു കമ്മീഷണറെ നിയമിക്കാനുള്ള നിര്‍ദേശവും വ്യക്തി നിയമത്തിലുള്ള കടന്നു കയറ്റമാണ്‌. സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ ഈ മേഖലയില്‍ നിയമനിര്‍മാണത്തിന്‌ അധികാരം ഇല്ല എന്നിരിക്കെ നിയമപരിഷ്ക്കരണ കമ്മീഷന്റെ ശിപാര്‍ശയും അതേത്തുടര്‍ന്ന്‌ നിയമ മന്ത്രി നടത്തിയ പ്രഖ്യാപനവും ഈശ്വരവിശ്വാസികളെ പീഡിപ്പിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ രാഷ്ട്രീയ ഗൂഢനയത്തിന്റെ തുടര്‍ച്ചയാണെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഭീഷണികള്‍ക്ക്‌ സഭ ഒരിക്കലും വഴങ്ങുകയില്ലെന്നും കെ.സി.ബി.സിക്കു വേണ്ടി പ്രസിഡന്റ്‌ ആര്‍ച്ച്ബിഷപ്പ്‌ ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍, വൈസ്‌ പ്രസിഡന്റ്‌ ബിഷപ്പ്‌ ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌, ജനറല്‍ സെക്രട്ടറി ആര്‍ച്ച്ബിഷപ്പ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ എന്നിവര്‍ സംയുക്തമായി പ്രസ്താവിച്ചു.