Saturday, January 10, 2009

വിശ്വാസത്തോടും പൗരാവകാശത്തോടുമുള്ള വെല്ലുവിളി : മാര്‍ ജേക്കബ്‌ മനത്തോടത്ത്‌

കേരള സര്‍ക്കാര്‍ നിയമിച്ച നിയമ പരിഷ്കരണ സമിതിയുടെ നിര്‍ദേശങ്ങളില്‍ ക്രൈസ്തവരെ സംബന്ധിക്കുന്ന പലതും മതവിശ്വാസആചാരങ്ങളെ നിഷേധിക്കുന്നതും വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും ധാര്‍മിക മൂല്യങ്ങളെ അവമതിക്കുന്നതുമാണ്‌. അതിലൊന്നാണ്‌ ദയാവധം. ഓമനത്തമുള്ള പേരിനു പിന്നിലുള്ള പ്രവൃത്തി വളരെ ഹീനവും മനുഷ്യജീവന്മേലുള്ള കടന്നാക്രമണവുമാണ്‌. രോഗംമൂലം തീരാവേദന അനുഭവിക്കുന്ന വ്യക്തിക്കു ജീവിക്കണമെന്ന്‌ തെല്ലും താത്പര്യമില്ലാത്ത അവസ്ഥയില്‍ ഇനിയൊട്ടും ജീവിക്കേണ്ടായെന്ന്‌ വ്യക്തമാക്കുകയും ബന്ധുക്കള്‍ക്ക്‌ അതില്‍ എതിര്‍പ്പില്ലാതിരിക്കുകയും രോഗമുക്തി അസാധ്യമാണെന്നു മൂന്നു ഡോക്ടര്‍മാര്‍സാക്ഷ്യപ്പെടുത്തുകയും ചെയ്താലേ ദയാവധം പാടുള്ളൂവെന്ന്‌ നിയമത്തില്‍ അനുശാസിക്കുന്നുണ്ടെങ്കിലും ദയാവധം കത്തോലിക്കാവിശ്വാസികള്‍ക്ക്‌ ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. കാരണം ജീവന്റെ ഉടമസ്ഥന്‍ എല്ലാ അര്‍ഥത്തിലും ദൈവം മാത്രമാണ്‌. ജീവന്റെ ആരംഭംമുതല്‍ അവസാനംവരെ അതു കാത്തുസംരക്ഷിക്കുവാനും വളര്‍ത്തി പരിപോഷിപ്പിക്കുവാനുമുള്ള കടമയാണ്‌ മനുഷ്യനുള്ളത്‌. അല്ലാതെ അവസാനിപ്പിക്കാനുള്ള ലൈസന്‍സല്ല. നിയമപരിഷ്കാരത്തിലെ ദയാവധം ജീവനെ കവര്‍ന്നെടുക്കലാണ്‌. കൊല്ലരുതെന്ന ദൈവപ്രമാണത്തിനു വിരുദ്ധവുമാണ്‌.അതിനാല്‍ രോഗിയുടെ നിരന്തര അഭ്യര്‍ഥനയും ബന്ധുക്കളുടെ സമ്മതവും ഡോക്ടര്‍മാരുടെ സാക്ഷ്യപ്പെടുത്തലും ഇക്കാര്യത്തില്‍ സ്വീകാര്യമല്ലെന്ന്‌ കത്തോലിക്കാസഭ സംശയാതീതമായി പഠിപ്പിക്കുന്നു. രണ്ടില്‍ കൂടുതല്‍ മക്കളുണ്ടായാല്‍ പൗരന്റെ ആനുകൂല്യങ്ങള്‍ നിഷേധിക്കുമെന്നാണ്‌ മറ്റൊരു നിര്‍ദേശം. ജനസംഖ്യാ വര്‍ധനവ്‌ ഭയന്നായിരിക്കാം കമ്മീഷന്‍ ഈ നിഗമനത്തിലെത്തിയത്‌. എന്നാല്‍, സാമ്പത്തിക അസമത്വത്തിന്‌ മുഖ്യകാരണം ജനസംഖ്യാവര്‍ധനവല്ല, സ്നേഹ സാഹോദര്യത്തിന്റെ അഭാവമാണെന്ന്‌ സാമ്പത്തിക വിചക്ഷണന്മാര്‍ മനസിലാക്കിയിരുന്നെങ്കില്‍! രണ്ടില്‍ കൂടുതല്‍ മക്കള്‍ പാടില്ലെന്ന നിര്‍ദേശം പ്രാകൃതവും ദമ്പതികളുടെ വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നാക്രമണവുമാണ്‌.സഭ പഠിപ്പിക്കുന്ന ഉത്തരവാദിത്വമുള്ള പിതൃത്വംവഴി എത്ര മക്കളാകാമെന്നു തീരുമാനിക്കാനുള്ള അവകാശം ദമ്പതികള്‍ക്കാണ്‌. സഭയുടെ ഈ പഠനത്തിലൂടെ ദമ്പതികളുടെ മഹത്വവും സ്വാതന്ത്ര്യവും അന്യൂനം സംരക്ഷിക്കപ്പെടുന്നുണ്ട്‌. കുടുംബബന്ധത്തെക്കുറിച്ച്‌ ആര്‍ഷഭാരത ദര്‍ശനങ്ങളെ വികൃതമാക്കുന്ന ഇത്തരം നിയമങ്ങളോട്‌ കത്തോലിക്കാ സഭയ്ക്ക്‌ യോജിക്കാനാകില്ല. സഭയുടെ പ്രതിഷേധം ഇതിനകം അറിയിച്ചുകഴിഞ്ഞിട്ടുണ്ട്‌.സഭാസ്വത്തുക്കള്‍ ട്രസ്റ്റിന്റെ കീഴിലാക്കണമെന്ന മൂന്നാമത്തെ നിര്‍ദേശത്തെ സംബന്ധിച്ച്‌ ചാനലുകളില്‍ വന്ന കമന്റുകള്‍ ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ കാരണമായിട്ടുണ്ട്‌. ഇന്ത്യയിലെ സ്വത്തുക്കളുടെ അവകാശി റോമിലെ മാര്‍പാപ്പയാണെന്ന്‌ പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. കത്തോലിക്കാസഭയുടെ നടപടിക്രമങ്ങള്‍ വ്യക്തമായി അറിയാവുന്ന പ്രബുദ്ധരായ മാധ്യമപ്രവര്‍ത്തകര്‍ എന്തുകൊണ്ട്‌ ഇത്തരം പ്രസ്താവനകള്‍ നടത്തിയെന്ന്‌ അറിഞ്ഞുകൂടാ.സഭയുടെ സ്വത്ത്‌ മാര്‍പാപ്പയുടെയോ മെത്രാന്റെയോ വികാരിയുടെയോ അല്ല. അത്‌ വിശ്വാസികളുടെ സഭാസമൂഹത്തിന്റേതാണ്‌. അതിനു വ്യക്തമായ നിയമങ്ങളും അനുഷ്ഠാനരീതികളുമുണ്ട്‌. മെത്രാനും വികാരിയും അതിന്റെ കാര്യസ്ഥന്മാര്‍ മാത്രമേ ആകുന്നുള്ളൂ. സഭയുടെ ചെറിയ ഘടകമായ ഇടവകയുടെ സ്വത്ത്‌ ഇടവകയുടേതാണ്‌. അത്‌ കൈകാര്യം ചെയ്യുന്നത്‌ ഇടവകവികാരി ഉള്‍പ്പെടുന്ന ഇടവകയോഗവും യോഗം തെരഞ്ഞെടുക്കുന്ന കൈക്കാരന്മാരു മാണ്‌.നടത്തിപ്പില്‍ എന്തെങ്കിലും ക്രമക്കേടുണ്ടോയെന്ന്‌ പരിശോധിക്കുവാന്‍ നിയമാനുസൃത സംവിധാനവും സഭയ്ക്കുണ്ട്‌. വര്‍ഷംതോറും ഇടവകയുടെ കണക്ക്‌ യോഗം തെരഞ്ഞെടുക്കുന്ന ഇന്റേണല്‍ ഓഡിറ്റര്‍മാര്‍ പരിശോധിച്ച്‌ ഓഡിറ്റിംഗ്‌ നടത്തി പൊതുയോഗത്തില്‍ വായിച്ച്‌ പാസാക്കി രൂപതാ കാര്യാലയത്തില്‍നിന്ന്‌ അംഗീകാരം വാങ്ങുന്ന സുതാര്യമായ നടപടിക്രമം സഭയില്‍ നിലനിന്നുപോരുന്നുണ്ട്‌. രൂപതാതലത്തിലാണെങ്കില്‍ മായര്‍ ഉള്‍ക്കൊള്ളുന്ന രൂപതയുടെ ഫൈനാന്‍സ്‌ കമ്മിറ്റിയാണ്‌ കാര്യങ്ങള്‍ നടത്തുന്നത്‌. ഇതിനെല്ലാം പുറമേ കേന്ദ്ര സര്‍ക്കാരിന്റെ പല നിബന്ധനകള്‍ക്കു വിധേയപ്പെട്ടാണ്‌ ഇപ്പോഴും സ്വത്ത്‌ കൈകാര്യം ചെയ്യുന്നത്‌. ഇത്രയും സുതാര്യതയോടുകൂടി ചെയ്തുവരുന്ന ഇന്നത്തെ രീതിയില്‍നിന്ന്‌ വ്യത്യസ്തമായ എന്തു പരിഷ്കാരമാണാവോ പുതിയ നിയമനിര്‍മാണം വഴി സമൂഹത്തില്‍ നടപ്പാക്കന്‍ പോകുന്നത്‌!സഭയുടെ സ്വത്തിന്റെ കാര്യത്തില്‍ ആകുലത കാണിക്കുന്ന കമ്മീഷന്‍ ആദ്യമേ സര്‍ക്കാരിന്റെ ധൂര്‍ത്ത്‌ അവസാനിപ്പിക്കാനും സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാക്കാനും നികുതിദായകരായ ജനങ്ങളെ അതു ബോധ്യപ്പെടുത്താനുമുള്ള നിര്‍ദേശങ്ങള്‍ പ്രകടിപ്പിക്കാതിരുന്നത്‌ എന്താണ്‌? സര്‍ക്കാര്‍ അധികാരികളുടെയും ഭരണകര്‍ത്താക്കളുടെയും കൈക്കൂലി, കോഴ, ഹവാല കാര്യങ്ങളെക്കുറിച്ചൊക്കെ മൗനം പാലിക്കുന്നതെന്താണ്‌? സാമ്പത്തിക ഇടപാടുകള്‍ സുതാര്യമായി രിക്കണമെന്ന്‌ സഭയ്ക്ക്‌ നിര്‍ബന്ധമുണ്ട്‌. എന്നാല്‍ പുതിയ നിയമനിര്‍മാണത്തിലൂടെ സഭയെ രാഷ്ട്രീയകക്ഷികളുടെ നിക്ഷിപ്തതാത്പര്യങ്ങള്‍ക്ക്‌ അടിമപ്പെടുത്താനാണ്‌ ഉദ്ദേശ്യമെങ്കില്‍ നമ്മുടെ പരിപാവനമായ ജനാധിപത്യ സംവിധാനത്തെക്കുറിച്ച്‌ സഹതപിക്കുകയല്ലാതെ നിവൃത്തിയില്ല.