സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍ തയാറാക്കിക്കൊണ്ടിരിക്കുന്ന പാഠപുസ്തകങ്ങളുടെ ഗുണമേന്മയും ആധികാരികതയും ഉറപ്പുവരുത്തുന്ന വിധത്തില്‍ വിദഗ്ധരുടെ വിശദമായ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും അവസരം നല്‍കാതെ, തിടുക്കത്തില്‍ പാഠപുസ്തക പരിഷ്കരണ പ്രക്രിയയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതില്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതി ഉത്കണ്ഠ രേഖപ്പെടുത്തി. പാഠപുസ്തകങ്ങളുടെ കരടുകോപ്പികള്‍ സബ് കമ്മിറ്റിയില്‍ വിതരണം ചെയ്തിട്ടില്ല. അതുകൊണ്ട് പഠനങ്ങളും ചര്‍ച്ചകളും ക്രിയാത്മകമായി ഇതുവരെ നടത്താന്‍ സാധിച്ചിട്ടില്ല. ഗുണമേന്മയുള്ള പാഠപുസ്തകങ്ങള്‍ തയാറാക്കുന്നതിലുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ വിദ്യാഭ്യാസവകുപ്പിന്റെ ആ ത്മാര്‍ഥതയെ സംശയിക്കേണ്ടിയി രിക്കുന്നു.പാഠപുസ്തകങ്ങളെക്കുറിച്ച് പരാതി ഉയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിപോലും പാഠപുസ്തകങ്ങളുടെ നിലവാരത്തകര്‍ച്ചയെപ്പറ്റി അഭിപ്രായപ്പെട്ടിരുന്നു. എന്നിട്ടും പാഠപുസ്തക പരിഷ്കരണത്തെ ഗൗരവപൂര്‍വം കാണാതെയും പാഠപുസ്തകങ്ങള്‍ തയാറാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയും തിടുക്കത്തില്‍ പാഠപുസ്തകങ്ങള്‍ തയാറാക്കുന്നത് അപലപനീയമാണ്. നിലവാരമില്ലാത്തതും തെറ്റിദ്ധാരണ പരത്തുന്നതും പ്രത്യയശാസ്ത്ര രാഷ്ട്രീയസിദ്ധാന്തങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതുമായ പാഠപുസ്തകങ്ങള്‍ തയാറാക്കാനാണ് ഇനിയും ശ്രമിക്കുന്നതെങ്കില്‍ അതിനെ ശക്തമായി എതിര്‍ക്കുമെന്ന് കെ.സി.ബി.സി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍, വൈസ് പ്രസിഡന്റ് ബിഷപ് ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ജനറല്‍ സെക്രട്ടറി ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.