Thursday, January 8, 2009

ഗാസയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇന്ത്യ ഇടപെടണം: കെ.സി.ബി.സി

ഗാസയില്‍ നിരായുധരായ ഒരുകൂട്ടം മനുഷ്യര്‍ക്കുമേല്‍ നടത്തുന്ന കടന്നാക്രമണങ്ങളും കൂട്ടക്കുരുതിയും നിസംഗതയോടെ കാണാതെ മനുഷ്യ ജീവന്‍ സംരക്ഷിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ഭാരതം ക്രിയാത്മകമായി അടിയന്തിരമായി ഇടപെടണമെന്നു കേരള കത്തോലിക്കാ മെത്രാന്‍ സമിതി അഭ്യര്‍ഥിച്ചു. ഹമാസ്‌ ഭീകരവാദികളെ നേരിടാനായി സാധാരണ ജനങ്ങള്‍ക്കു നേരേ അക്രമണം അഴിച്ചു വിടുന്ന ഇസ്രായേല്‍ നിലപാടിനെ ന്യായീകരിക്കാനാവില്ല. ഭീകരവാദത്തിനുള്ള പരിഹാരം യുദ്ധവും ആക്രമണവുമല്ല.ഇസ്രായേലിന്റെ ജനവാസ മേഖലകളിലേക്ക്‌ റോക്കറ്റുകള്‍ തൊടുത്തുവിടുന്ന ഹമാസിന്റെ ഉദ്ദേശ്യശുദ്ധിയെയും സംശയിക്കേണ്ടിയിരിക്കുന്നു. ആറു പതിറ്റാണ്ടുകാലമായി യുദ്ധവും അധിനിവേശവും വിതച്ച വിനാശങ്ങളെ സധൈര്യം നേരിടുകയും അതിജീവിക്കുകയും ചെയ്ത പലസ്തീന്‍ ജനത ഇപ്പോള്‍ നേരിടുന്ന സഹനങ്ങളോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും പീഡിപ്പിക്കപ്പെടുന്നവര്‍ക്കു വേണ്ടിയും പശ്ചിമേഷ്യയില്‍ സമാധാനം സംജാത മാകുന്നതിനുവേണ്ടിയും പ്രാര്‍ഥിക്കുവാനും കെ.സി.ബി.സി. പ്രസിഡന്റ്‌ ആര്‍ച്ച്ബിഷപ്പ്‌ ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍, വൈസ്‌ പ്രസിഡന്റ്‌ ബിഷപ്പ്‌ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌, ജനറല്‍ സെക്രട്ടറി ആര്‍ച്ച്ബിഷപ്പ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ എന്നിവര്‍ സംയുക്തമായി ആവശ്യപ്പെട്ടു.