ദയാവധം അനുവദിക്കണമെന്നും രണ്ടില്‍ക്കൂടുതല്‍ മക്കളുള്ള മാതാപിതാക്കള്‍ക്കും അവരുടെ കുഞ്ഞുങ്ങള്‍ക്കും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കണമെന്നുമുള്ള ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ നടത്തിയ നിയമ പരിഷ്ക്കരണ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ മനുഷ്യ ജീവന്റെ മേലുള്ള കടന്നുകയറ്റമാണെന്നും അതൊരിക്കലും അംഗീകരിക്കാനാവില്ലെന്നും കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ പറഞ്ഞു. ജീവന്‍ ദൈവത്തിന്റെ ദാനമാണ്. അതിനെ നശിപ്പിക്കാന്‍ മനുഷ്യന് അവകാശമില്ല. ജീവനെ സംരക്ഷിക്കുവാന്‍ മാത്രമെ മനുഷ്യനവകാശമുള്ളൂ. ജീവദാതാവായ ദൈവത്തിന്റെ സ്ഥാനത്തുനിന്നുകൊണ്ട് വിധികര്‍ത്താവാകുവാനുള്ള അവകാശം മനുഷ്യനാരും നല്‍കിയിട്ടില്ല. ഭൂരിഭാഗം മതവിശ്വാസികളായ കേരള ജനതയ്ക്ക് ദയാവധത്തെ അംഗീകരിക്കുവാനോ അതിനു കൂട്ടുനില്‍ക്കുവാനോ സാധിക്കുകയില്ല. നിയമപരിഷ്ക്കരണസമിതിയുടെ ഈ നിര്‍ദ്ദേശം മാതാപിതാക്കളെ വാര്‍ദ്ധക്യത്തില്‍ നല്ല രീതിയില്‍ പരിപാലിക്കുന്ന സാധാരണക്കാരായ മക്കള്‍ക്ക് തെറ്റായ സന്ദേശം നല്‍കുവാനേ ഉപകരിക്കുകയുള്ളൂ. രണ്ട് മക്കളില്‍ കൂടുതലുള്ള മാതാപിതാക്കള്‍ക്കും അവരുടെ കുട്ടികള്‍ക്കും സംസ്ഥാനസര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ നിഷേധിക്കുവാനുള്ള നിര്‍ദ്ദേശം മനുഷ്യാവകാശ ലംഘനവും മതവിശ്വാസത്തിന്മേലുള്ള കടന്നു കയറ്റവുമാണ്. സാമൂഹ്യനീതിയും സന്തുലിതാവസ്ഥയും സമൂഹത്തിലുണ്ടാകുവാന്‍ നിര്‍ബന്ധിത ജനനനിയന്ത്രണമല്ല വേണ്ടത്. മറിച്ച്, സമ്പത്ത് പങ്കു വയ്ക്കുവാന്‍ ജനങ്ങള്‍ക്ക് ബോധവത്ക്കരണമാണ് നല്‍കേണ്ടത്. 80 ശതമാനം ആളുകള്‍ അനുഭവിക്കേണ്ട രാജ്യത്തിന്റെ സമ്പത്തുകൊണ്ട് 20 ശതമാനം ആളുകള്‍ ആഡംബരജീവിതം നയിക്കുകയും 20 ശതമാനം ആളുകള്‍ അനുഭവിക്കേണ്ട സമ്പത്തുകൊണ്ട് 80 ശതമാനം ആളുകള്‍ പങ്കുവയ്ക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥയാണ് ഇന്ന് ഭാരതത്തില്‍ നിലനില്‍ക്കുന്ന സാമൂഹ്യ അനീതിക്കും അസന്തുലിതാവസ്ഥയ്ക്കും പ്രധാന കാരണം.മാതാപിതാക്കള്‍ക്ക് എത്ര മക്കള്‍ ഉണ്ടാകണമെന്നത് അവരുടെ സ്വകാര്യ കുടുംബ കാര്യമാണ്. അല്ലാതെ എത്രമക്കള്‍ ഉണ്ടാകണമെന്ന് തീരുമാനിക്കേണ്ടത് നിയമപരിഷ്ക്കരണ സമിതിയല്ല. ഇത്തരത്തിലുള്ള നിയമോപദേശം കുടുംബത്തിന്റെ സ്വകാര്യതയിന്മേലുള്ള കടന്നു കയറ്റവും മനുഷ്യാവകാശലംഘനവുമാണ്. ജനസംഖ്യ സന്തുലിതമായി നിലനില്‍ക്കേണ്ടതിന് ഓരോ കുടുംബത്തിനും 2.1 ശതമാനം കുട്ടികള്‍ വേണം. 10 മുതല്‍ 15 ശതമാനം വരെ വന്ധ്യത ഇന്ന് രേഖപ്പെടുത്തുന്ന പശ്ചാത്തലത്തില്‍ ശരാശരി 3 കുഞ്ഞുങ്ങള്‍ വേണ്ടതാണ്. അനേകം രാജ്യങ്ങളില്‍ കുഞ്ഞുങ്ങളുടെ എണ്ണം 2.1 -ല്‍ കുറവാണ്. കേരളത്തില്‍ സാമ്പത്തിക ഉന്നമനത്തിന്റെ ഉറവിടം മനുഷ്യസമ്പത്താണ്. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന നമ്മുടെ ആളുകളാണ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം പ്രധാനപ്പെട്ട മേഖലകളില്‍ പ്രത്യേകിച്ച് അസംഘടിത മേഖലകളില്‍ ജോലി ചെയ്യുവാന്‍ ആളുകളെ ലഭിക്കുന്നില്ല. പലപ്പോഴും അത്യാവശ്യത്തിനുള്ള ജോലികള്‍ക്കു പോലും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളത്്. ആയതിനാല്‍ ദയാവധം നടപ്പിലാക്കാനും രണ്ടില്‍ കൂടുതല്‍ മക്കളുള്ള മാതാപിതാക്കള്‍ക്കും കുഞ്ഞുങ്ങല്‍ക്കും ആനുകൂല്യം നിഷേധിക്കുവാനുള്ള നിയമ പരിഷ്ക്കരണ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ പൊതുജന നന്മയല്ല, പൊതുജന ദ്രോഹമാണ് ഉണ്ടാക്കുക. ഇതിനെതിരെ മതവിശ്വാസികള്‍ ശക്തമായി പ്രതികരിക്കും - കെ.സി.ബി. ഐക്യ-ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ അഭിപ്രായപ്പെട്ടു.