കര്‍ഷകന്റെ തേങ്ങലുകള്‍ തിരിച്ചറിയാനും അതിനു പരിഹാരം കണെ്ടത്താനും സഭ പരിശ്രമിക്കുമെന്നു കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തടിയമ്പാട് ചൈതന്യ കാര്‍ഷിക നഴ്സറിയില്‍ സംഘടിപ്പിച്ച ഹൈറേഞ്ച് മേഖല ഹരിതസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കര്‍ഷകരുടെ തേങ്ങലുകളില്‍ അവരോടൊപ്പം നില്‍ക്കുന്നത് ഔദാര്യമായിട്ടായിരിക്കരുതെന്നും അത് തങ്ങളുടെ കടമയാണെന്നു തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാന്‍ ഓരോരുത്തര്‍ക്കും സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈറേഞ്ചിലെ കര്‍ഷകരുടെ സമഗ്ര വികസനം ലക്ഷ്യമാക്കി അടുത്ത മൂന്നുവര്‍ഷത്തേക്കു കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സഹകരണത്തോടെ കെ.എസ്.എസ്.എസ് നടപ്പിലാക്കുന്ന തിരുഹൃദയ വികസന പാക്കേജിന്റെ ഉദ്ഘാടനവും അദ്ദേഹം ചടങ്ങില്‍ നിര്‍വഹിച്ചു.മാറുന്ന കാലാവസ്ഥയ്ക്കനുസരിച്ചു കൃഷി രീതികള്‍ മാറ്റാനും ടൂറിസംപോലുള്ള സാധ്യതകളെ പ്രയോജനപ്പെടുത്താനും ഇടുക്കിയിലെ കര്‍ഷകര്‍ പരമാവധി പരിശ്രമിക്കണമെന്നും ഇടുക്കി രൂപത മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ അധ്യക്ഷപ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു.