Thursday, February 26, 2009

മലയോര ഹൈവ്‌: സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം- മാര്‍ ജോര്‍ജ്‌ വലിയമറ്റം

മലയോര ജനതയുടെ ചിരകാല സ്വപ്നമായ മലയോര ഹൈവേയുടെ പണി തുടര്‍ന്നു നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന്‌ തലശേരി ആര്‍ച്ച്ബിഷപ്‌ മാര്‍ ജോര്‍ജ്‌ വലിയമറ്റം. ഇതിനായി ബജറ്റില്‍ 40 കോടി രൂപ വകയിരുത്തിയത്‌ മലയോര ജനതയ്ക്ക്‌ നേട്ടമാണ്‌.മലയോര ഹൈവേയെന്നത്‌ ഇനിയും പ്രഖ്യാപനങ്ങളിലൊതുങ്ങാതെ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള ഇച്ഛാശക്തി ഗവണ്‍മെന്റിനുണ്ടാകണമെന്ന്‌ അദേഹം ആവശ്യപ്പെട്ടു. ഹൈവേ പണി തുടരുവാനുള്ള നടപടിക്ക്‌ മുന്‍കൈയെടുത്ത പൊതുമരാമത്ത്‌ മന്ത്രി മോന്‍സ്‌ ജോസഫിനെയും എംഎല്‍എമാരെയും നേതാക്കന്മാരെയും അദേഹം അഭിനന്ദിച്ചു.ഇടതുമുന്നണിയുടെ കഴിഞ്ഞ രണ്ട്‌ ബജറ്റുകളിലും മലയോര ഹൈവേയെ അവഗണിച്ചിരുന്നുവെങ്കിലും ഈ ബജറ്റിലെങ്കിലും യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ്‌ തെറ്റുതിരുത്താന്‍ സര്‍ക്കാര്‍ മുന്നോട്ട്‌ വന്നിരിക്കുകയാണ്‌. മലയോര മേഖലയുടെ സമഗ്ര വികസനത്തിനും കക്ഷിരാഷ്ട്രീയത്തിനതീതമായ മുന്നേറ്റം അനിവാര്യമാണ്‌. ഭരണവും കക്ഷികളും മാറുമ്പോള്‍ മലയോരങ്ങളുടെ വികസനപദ്ധതിക്ക്‌ തടസം വരരുതെന്ന്‌ അദേഹം പറഞ്ഞു. രാജ്യത്തും നമ്മുടെ സംസ്ഥാനത്തും ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ സാമ്പത്തിക പ്രതിസന്ധികളെ അതിജീവിക്കാന്‍ കാര്‍ഷിക മേഖലയ്ക്കും മലയോര മേഖലയ്ക്കും മുന്‍ഗണന നല്‍കുന്ന പദ്ധതികള്‍ ഗവണ്‍മെന്റ്‌ നടപ്പാക്കണമെന്ന്‌ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.