മദ്യത്തിന്റെ മാരകമായ പ്രത്യാഘാതങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. ജനങ്ങളുടെ ആരോഗ്യവും സമ്പത്തും മാത്രമല്ല കുടുംബസമാധാനവും സാമൂഹ്യസുസ്ഥിതിയും അനിയന്ത്രിതമായ മദ്യപാനാസക്തിയിലൂടെ തകര്‍ച്ചയെ നേരിടുകയാണ്. ഇതിനെതിരേ മദ്യനിരോധനസമിതിപോലുള്ള സംഘടനകളും ഈ സാമൂഹിക തിന്മയ്ക്കെതിരേ അക്ഷീണം പോരാടുന്ന കുറേ പ്രവര്‍ത്തകരും സന്ധിയില്ലാത്ത സമരത്തിലാണ്. അവരുടെ സമരവും ബോധവത്കരണ പരിപാടികളും സമൂഹത്തിന്റെ നന്മയ്ക്കാണെന്ന് മനസിലാക്കി അതിനെ പ്രോത്സാഹിപ്പിക്കാന്‍ ജനങ്ങള്‍ക്കും ഭരണകൂടത്തിനും ബാധ്യതയുണ്ട്. എന്നാല്‍, മദ്യപാനവും മദ്യക്കച്ചവടവും പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ എക്കാലവും സ്വീകരിച്ചുപോരുന്നത്. ചാരായ നിരോധനത്തെത്തുടര്‍ന്ന് ഉണ്ടായ മദ്യനിയന്ത്രണസംവിധാനങ്ങളെല്ലാം പിന്നീട് ദുര്‍ബലമാവുന്ന കാഴ്ചയാണ് നാം കണ്ടത്. വിദേശമദ്യ വില്‍പനയുടെ കുത്തക സര്‍ക്കാര്‍ ഏറ്റെടുത്തതോടെ സര്‍ക്കാരിന് കൂടുതല്‍ വരുമാനമുണ്ടാക്കാനുള്ള ഒരു വകുപ്പായി അതുമാറി. ഓരോ വര്‍ഷവും മദ്യവില്‍പനയിലൂടെയുള്ള വരുമാനം വര്‍ധിച്ചുവരുന്നു. വിശേഷദിവസങ്ങളോടനുബന്ധിച്ച് മദ്യവില്‍പനയുടെ റിക്കാര്‍ഡ് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ ഒരു പതിവു വിഭവമായി.നിരവധി ലഹരിവിരുദ്ധ പ്രസ്ഥാനങ്ങള്‍ കാലങ്ങളായി മദ്യനിരോധനത്തിനായി ശക്തമായി രംഗത്തുണ്ട്. ഇക്കാലമത്രയും സമരങ്ങളിലൂടെയും ബോധവത്കരണത്തിലൂടെയും മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ഏറെ പ്രചാരണം നടത്തി ജനങ്ങളില്‍ പുതിയൊരു അവബോധം സൃഷ്ടിക്കാന്‍ ഈ പ്രസ്ഥാനനങ്ങള്‍ക്കെല്ലാം കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് മദ്യവ്യാപാര മേഖലയോടു കാട്ടുന്ന സൗഹൃദമനോഭാവം സമൂഹത്തില്‍ ദൂരവ്യാപകമായ ദോഷഫലങ്ങള്‍ക്ക് കാരണമാവുകയാണ്. പഞ്ചായത്തീരാജ്-നഗരപാലികാ നിയമത്തിലെ 232, 447 വകുപ്പുകളില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് പ്രാദേശിക മദ്യനിരോധനത്തിനുള്ള അധികാരം നല്‍കിയിരുന്നു. ഇതനുസരിച്ച് മദ്യനിരോധനത്തിനും നിയന്ത്രണത്തിനും തദ്ദേശസ്ഥാപനങ്ങള്‍ക്ക് നേരിട്ട് തീരുമാനങ്ങള്‍ എടുക്കാനും അവ നടപ്പാക്കാനും സാധിക്കുമായിരുന്നു. ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലാ പഞ്ചായത്തും കേരളത്തിലെ എഴുപതിലേറെ നഗരസഭകളും പഞ്ചായത്തുകളും മദ്യനിരോധനത്തിനുള്ള നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍, 1996-ല്‍ നായനാര്‍ സര്‍ക്കാര്‍ തദ്ദേശസ്ഥാപനങ്ങളുടെ ഈ അധികാരം മരവിപ്പിച്ചു. ഇതിനെതിരേ കേരള മദ്യനിരോധന സമിതി കണ്ണൂരിലും മലപ്പുറത്തും സുദീര്‍ഘമായ സമരപരിപാടികള്‍ സംഘടിപ്പിച്ച് സര്‍ക്കാരിന്റെയും ജനങ്ങളുടെയും ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാരാകട്ടെ താത്ത്വികമായി മദ്യനിരോധനത്തോട് അനുഭാവം പ്രകടിപ്പിക്കുകയും പ്രത്യക്ഷമായും പരോക്ഷമായും മദ്യവ്യാപാരത്തേയും മദ്യമുതലാളിമാരേയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയമാണ് സ്വീകരിച്ചുപോരുന്നത്. ഭയപ്പെടുത്തുന്ന മദ്യപാനം എന്ന തലക്കെട്ടില്‍ സി. പി. എം മുഖപത്രം മുഖപ്രസംഗംവരെ എഴുതി. ചെറുപ്പക്കാര്‍ക്കിടയിലെ കുറ്റകൃത്യങ്ങളുടെ വര്‍ധനയില്‍ മദ്യപാനം ഒരു ഘടകമാണെന്നും റോഡപകടങ്ങളിലെ പ്രധാന വില്ലന്‍ മദ്യമാണെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടി. സാമ്പത്തികവും സാമൂഹ്യവും സാംസ്കാരികവുമായ തലങ്ങളില്‍ അപകടകരമായ പ്രത്യാഘാതങ്ങളാണ് മലയാളിയുടെ വര്‍ധിക്കുന്ന മദ്യപാനശീലം സൃഷ്ടിക്കുന്നതെന്നു പാര്‍ട്ടിപത്രം എഴുതിവച്ചു. അത് പഴയ കഥ. ഇപ്പോള്‍ സി. പി. എമ്മിന്റെസമുന്നതനേതാക്കള്‍ പോലും പൊതുവേദികളില്‍ മദ്യപാനത്തിനനുകൂലമായി പരസ്യനിലപാടുകള്‍ പ്രഖ്യാപിക്കുന്നു. മദ്യം ആഹാരത്തിന്റെ ഭാഗമാകണമെന്നാണ് സി.പി.എമ്മിന്റെ ഒരു കേന്ദ്ര കമ്മിറ്റി അംഗം കണ്ണൂരില്‍ അടുത്തകാലത്തുനടന്ന ഒരു പൊതുസമ്മേളനത്തില്‍ പറഞ്ഞത്. മദ്യപാനികള്‍ അതെക്കുറിച്ചുള്ള ലജ്ജ വെടിയണമെന്നും ആ മാന്യനേതാവ് ആവശ്യപ്പെട്ടു. ഇതാണ് അദ്ദേഹത്തിന്റെ അനുയായികള്‍ സ്വീകരിക്കുന്നതെങ്കില്‍ കോട്ടയത്ത് പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപനവേദിയില്‍ നടന്ന പോലുള്ള സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിച്ചേക്കാം. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് നവകേരള മാര്‍ച്ചിന്റെ സ്വീകരണയോഗങ്ങളില്‍ പാര്‍ട്ടി കര്‍ശന മദ്യനിരോധനം ഏര്‍പ്പെടുത്തിയതെന്നും പറയുന്നു. മദ്യത്തൊഴിലാളികളുടെ വരുമാനം കുറഞ്ഞു പോകുന്നതു തടയാന്‍ പാര്‍ട്ടി പിന്തുണയ്ക്കുന്ന മദ്യനയം പതിനായിരക്കണക്കിനു കുടുംബങ്ങളെയാണ് നിത്യദുരിതത്തിലേക്ക് തള്ളിവിടുന്നതെന്ന കാര്യം മറക്കരുത്. അങ്ങിനെ നശിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും പാവങ്ങള്‍ തന്നെയാണുതാനും. കുടിച്ചു മയങ്ങുന്ന തലമുറയെ വാര്‍ത്തെടുക്കാനാണ് ഭരണകൂടവും പാര്‍ട്ടിയും ശ്രമിക്കുന്നതെങ്കില്‍ അതിനു വലിയ വില നല്‍കേണ്ടിവരും. പുതിയ മദ്യനയത്തിലും ഇത്തരം ദോഷകരമായ പല നിര്‍ദേശങ്ങളും അടങ്ങിയിട്ടുണ്ട്. കേരള മദ്യനിരോധന സമിതി ഇന്ന് നടത്തുന്ന നിയമസഭാ മാര്‍ച്ച് നിരന്തരമായ സമരങ്ങളിലൂടെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ ശ്രമിച്ച ഒരു പ്രധാന കാര്യത്തിലൂന്നിയാണ്. ഒരു പ്രദേശത്ത് മദ്യഷാപ്പ് വേണമോ വേണ്ടയോ എന്ന് അന്നാട്ടുകാര്‍ക്ക് തീരുമാനിക്കാനുള്ള അവകാശം പുനഃസ്ഥാപിക്കുക എന്നതാണ് അവര്‍ ഇപ്പോള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം. പഞ്ചായത്തീരാജ്-നഗരപാലികാ നിയമങ്ങളില്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ പ്രത്യേക നിര്‍ദേശപ്രകാരം എഴുതിച്ചേര്‍ത്ത 232, 447 വകുപ്പുകളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. നായനാര്‍ സര്‍ക്കാര്‍ എടുത്തുകളഞ്ഞ ആ വകുപ്പുകള്‍ പുന:സ്ഥാപിക്കുന്നതിലൂടെ തങ്ങളുടെ ഗ്രാമത്തിനോ നഗരത്തിനോ ആവശ്യമായ ഒരു തീരുമാനം എടുക്കാനുള്ള ജനങ്ങളുടെ അവകാശമാണ് അംഗീകരിക്കപ്പെടുന്നത്. ജനാധിപത്യത്തിന്റെ ഏറ്റവും ഉദാത്തമായ അവകാശവുമാണത്.