Friday, February 20, 2009

ക്രിസ്തുവിലൂടെയുള്ള വീക്ഷണത്തില്‍ എക്യുമെനിക്കല്‍ ദര്‍ശനം പൂര്‍ണമാകും: മാര്‍ ക്ലീമിസ്‌ കാതോലിക്കാ ബാവ

ലോകത്തെ ക്രിസ്തുവിന്റെ ദര്‍ശനത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലൂടെയാണ്‌ എക്യുമെനിസം പൂര്‍ണമാകുന്നതെന്ന്‌ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവ. മാരാമണ്‍ കണ്‍വന്‍ഷനില്‍ നടന്ന എക്യുമെനിക്കല്‍ യോഗത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നുവെന്നു പഠിപ്പിച്ച യേശുക്രിസ്തു ലോകത്തെ എങ്ങനെ കണ്ടുവോ അതേ വീക്ഷണത്തില്‍ മറ്റുള്ളവരെ കാണാന്‍ കഴിയുന്ന രൂപാന്തരീകരണത്തെ എക്യുമെനിസമെന്നു വിശേഷിപ്പിക്കാമെന്നു കാതോലിക്കാ ബാവ പറഞ്ഞു. പഴയ നിയമത്തില്‍ മുള്‍പ്പടര്‍പ്പുകള്‍ക്കു നടുവിലും, ചെങ്കടല്‍ കടക്കുമ്പോഴുമൊക്കെ സാന്നിധ്യം അറിയിച്ച ദൈവം പുതിയ നിയമത്തില്‍ ആളുകളിലൂടെയാണ്‌ ലോകത്തില്‍ ഇടപെട്ടത്‌. ഈ ഘട്ടത്തിന്റെ അവസാനത്തില്‍ തന്റെ ഏകജാതനിലൂടെ സംസാരിക്കുകയും ചെയ്തു. ഇവിടെയെല്ലാം ബോധ്യമാകുന്നത്‌ ദൈവിക സാന്നിധ്യമാണ്‌. ദൈവം നമ്മോടുകൂടെയെന്ന സന്ദേശം പഴയനിയമ, പുതിയ നിയമ കാലഘട്ടങ്ങളില്‍ ലോകത്തിനു ബോധ്യപ്പെടുത്തി നല്‍കിയിരിക്കുന്നു.വ്യത്യസ്തതയിലും ഒന്നിച്ചു പോകാന്‍ കഴിയുന്ന നാനാത്വത്തില്‍ ഏകത്വമെന്ന സംസ്കാരത്തിനുടമകളാണ്‌ ഭാരതീയര്‍. ഇതേ സംസ്കാരം സഭകളും ഉള്‍ക്കൊള്ളാന്‍ തയാറാകണം. യേശുക്രിസ്തു കാട്ടിത്തന്ന ജീവിതത്തിനു വിരുദ്ധമായ സമീപനം ഒരു സഭയ്ക്കും സ്വീകരിക്കാന്‍ സാധ്യമല്ല. യുഗാന്ത്യത്തോളം ഞാന്‍ നിങ്ങളോടുകൂടെയുണെ്ടന്നുള്ളതാണ്‌ യേശു നല്‍കിയ സന്ദേശം. താന്‍ സ്നേഹമാകുന്നുവെന്നും പ്രഘോഷിക്കപ്പെടുന്നു. ലോകത്തെ ന്യായം വിധിക്കാനെത്തുന്നവന്‍ പറയുന്നതാകട്ടെ ധൈര്യപ്പെടുവീന്‍ ഞാന്‍ ലോകത്തെ ജയിച്ചുവെന്നതാണ്‌. ഈ ധൈര്യപ്പെടുത്തല്‍ സഭകളുടെ ഐക്യത്തിനും, അതുവഴി ലോകമെങ്ങും പോയി സുവിശേഷം അറിയിക്കുന്നതിനും കാരണമാകേണ്ടതാണെന്ന്‌ അദ്ദേഹം പറഞ്ഞു.മനുഷ്യനിര്‍മിത മതില്‍ക്കെട്ടുകള്‍ തകര്‍ത്ത്‌ ഐക്യത്തിന്റെ ആത്മാവിനെ ഉള്‍ക്കൊള്ളാന്‍ സഭകള്‍ക്കു കഴിയണമെന്ന്‌ ദേശീയ സഭാ കൗണ്‍സില്‍ പ്രസിഡന്റ്‌ ബിഷപ്‌ താരാനാഥ്‌ എസ്‌.സാഗര്‍ മുഖ്യപ്രഭാഷണത്തില്‍ ഉദ്ബോധിപ്പിച്ചു. യേശുക്രിസ്തുവില്‍ സഭാ മക്കള്‍ എല്ലാവരും ഒന്നാണെന്ന ബോധ്യം ഉണ്ടാക്കിയെടുക്കുക, ഇതിലൂടെ ദൈവം ഏല്‍പിച്ച കടമകള്‍ നിര്‍വഹിക്കുക. പ്രതിസന്ധികളെ കുരിശിലെ ആയുധമായ സ്നേഹം കൊണ്ട്‌ നേരിടുകയും ചെയ്യണം. സങ്കുചിതമായ താത്പര്യങ്ങള്‍ക്ക്‌ എക്യുമെനിസത്തില്‍ സ്ഥാനമില്ലെന്നും അദ്ദേഹം ചൂണ്ടി ക്കാട്ടി.