Saturday, February 28, 2009

ലോക്സഭാ തെരഞ്ഞെടുപ്പ്‌: കത്തോലിക്കരുടെ നിലപാട്‌ സമയമാകുമ്പോള്‍ വ്യക്തമാക്കുമെന്ന്‌ കെ.സി.ബി.സി

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കത്തോലിക്കാ സമുദായത്തിന്റെ നിലപാട്‌ സമയമാകുമ്പോള്‍ വ്യക്തമാക്കുമെന്നു കെ.സി.ബി.സി. ഇന്നലെ പി.ഒ. സി.യില്‍ ചേര്‍ന്ന കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ഏകദിന സമ്മേളനത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ്‌ കെ.സി.ബി.സി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ.സ്റ്റീഫന്‍ ആലത്തറ തീരുമാനങ്ങള്‍ അറിയിച്ചത്‌.സംസ്ഥാന -കേന്ദ്ര തെരഞ്ഞെടുപ്പുകളെക്കുറിച്ച്‌ വിശ്വാസികളെയും കേരള സമൂഹത്തെയും ബോധവത്ക്കരിക്കാന്‍ കത്തോലിക്കാ സഭയ്ക്ക്‌ ഉത്തരവാദിത്വമുണ്ട്‌. പൊതുവായി കത്തോലിക്കാ സഭ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച്‌ ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി മാര്‍ഗരേഖ തയാറാക്കിയതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനാണ്‌ തീരുമാനമെന്നും സഭയ്ക്ക്‌ കക്ഷിരാഷ്ട്രീയമില്ലെന്നും ധാര്‍മികതയിലൂന്നിയ പ്രവര്‍ത്തനമാണ്‌ നടത്തുന്നതെന്നും കെസിബിസി വ്യക്തമാക്കി. നിയമ പരിഷ്കരണ കമ്മീഷന്റെ ശിപാര്‍ശകള്‍ കത്തോലിക്കാ സഭയ്ക്ക്‌ സ്വീകാര്യമല്ല. രണ്ടു മക്കളില്‍ കൂടുതലുള്ളവരുടെ അവകാശങ്ങള്‍ നിഷേധിക്കുക, ദയാവധം അനുവദിക്കുക, ആത്മഹത്യ കുറ്റകരമല്ലാതാക്കുക, സഭാ സ്വത്തുക്കള്‍ക്ക്‌ ട്രസ്റ്റ്‌ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍, ക്രിസ്തീയ ദത്ത്‌, വിവാഹ നിയമം എന്നിവ കെസിബിസിക്ക്‌ അംഗീകരിക്കാനാവില്ല. സംസ്ഥാന നിയമ പരിഷ്കരണ കമ്മീഷന്റെ ശിപാര്‍ശകളെ കുറിച്ച്‌ മാര്‍ച്ച്‌ 21-ന്‌ രൂപതകളിലെ കാനോന്‍ നിയമ, നിയമ പണ്ഡിതന്‍മാരുടെ യോഗം വിളിച്ചു ചര്‍ച്ച നടത്തും. ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി വാര്‍ഷിക പരീക്ഷയിലെ ഹ്യൂമാനിറ്റീസ്‌ പേപ്പറിലെ രണ്ടു ചോദ്യങ്ങള്‍ സഭയെ അധിക്ഷേപിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ മന:പൂര്‍വം തയാറാക്കിയതാണെന്ന്‌ വിലയിരുത്തിയ കെസിബിസി ഇക്കാര്യത്തില്‍ പ്രതിഷേധം വ്യക്തമാക്കി. പാഠപുസ്തക പരിഷ്കരണ ത്തിലൂടെ ഈശ്വര വിശ്വാസികള്‍ക്കെതിരേ ഇടതുപക്ഷ സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ്‌ തുടങ്ങിവച്ച നീക്കത്തിന്റെ തുടര്‍ച്ചയാണിതെന്നു കെസിബിസി പറഞ്ഞു. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സഭ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ ഒറ്റക്കെട്ടായി നേരിടാനും കെസിബിസി തീരുമാനിച്ചു. മെറിറ്റടിസ്ഥാനത്തിലും സുതാര്യമായും പാവപ്പെട്ടവര്‍ക്ക്‌ സ്കോളര്‍ഷിപ്പ്‌ നല്‍കിയും നടത്തുന്ന ക്രൈസ്തവ സഭാ സ്ഥാപനങ്ങളുടെ അഫിലിയേഷന്‍, കുട്ടികളുടെ പരീക്ഷ, പ്രമോഷന്‍, പുതിയ കോഴ്സുകള്‍ എന്നിവ തടയാന്‍ ചില യൂണിവേഴ്സിറ്റികള്‍ നടത്തുന്ന ശ്രമങ്ങള്‍ നിര്‍ത്തണമെന്നു മെത്രാന്‍ സമിതി ആവശ്യപ്പെട്ടു. പിഎസ്സി നിയമനത്തില്‍ ക്രൈസ്തവര്‍ക്ക്‌ ആനുപാതികമായ പ്രാതിനിധ്യം ലഭിക്കുന്നില്ല. നിയമനങ്ങളിലെ പ്രാതിനിധ്യം, സാമൂഹ്യവശങ്ങള്‍ എന്നിവയെക്കുറിച്ച്‌ ശാസ്ത്രീയമായി പഠിക്കാന്‍ കാഞ്ഞിരപ്പള്ളി ബിഷപ്‌ മാര്‍ മാത്യു അറയ്ക്കലിനെ ചുമതലപ്പെടുത്തിയതായി കെ.സി. ബി.സി വ്യക്തമാക്കി. നാടാര്‍ സമുദായത്തിനും അവരുടെ ഉന്നമനത്തിനനുസൃതമായ സംവരണം നല്‍കണം. കെസിബിസി ജീസസ്‌ ഫ്രട്ടേര്‍ണിറ്റി സംസ്ഥാന ഡയറക്ടറായി എറണാകുളം- അങ്കമാലി അതിരൂപതാംഗം ഫാ.സെബാസ്റ്റ്യന്‍ തേക്കാനത്തിനെ നിയമിച്ചു. കെ.സി.ബി.സി. പ്രസിഡന്റ്‌ ആര്‍ച്ച്ബിഷപ്‌ ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലിന്റെ അധ്യക്ഷതയില്‍ ആയിരുന്നു യോഗം. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി (സി.ബി.സി.ഐ.)യുടെ പുനഃസംഘടന യെക്കുറിച്ചാണ്‌ പ്രധാനമായും ചര്‍ച്ച ചെയ്തത്‌. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ കാര്യങ്ങള്‍ സിബിസിഐയെ അറിയിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. ലത്തീന്‍, സീറോ മലബാര്‍, മലങ്കര എന്നീ വ്യക്തിഗത സഭകള്‍ക്ക്‌ അതീതമായ അജപാലന ശുശ്രൂഷകളില്‍ മാത്രം ദേശീയ, പ്രാദേശിക മെത്രാന്‍ സമിതികള്‍ ഏര്‍പ്പെട്ടാല്‍ മതിയെന്ന്‌ നിര്‍ദേശം വന്നതു പ്രകാരമാണ്‌ ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി പുനഃസംഘടിപ്പിക്കുന്നത്‌. കേരള കത്തോലിക്കാസഭയിലെ മുപ്പത്തിമൂന്ന്‌ മെത്രാന്മാര്‍ പങ്കെടുത്തു.