ന്യൂനപക്ഷ വിദ്യാര്‍ഥികളേയും വിദ്യാഭ്യാസ സ്ഥാപനങ്ങളേയും പീഡിപ്പിക്കുന്നതില്‍നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്റെ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ ആവശ്യപ്പെട്ടു.ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ വിദ്യാഭ്യാസ അവകാശം അടിയറവയ്ക്കാന്‍ തയാറാകാത്ത കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളജുകളിലെ വിദ്യാര്‍ഥികളെ നിരന്തരം പീഡിപ്പിക്കുന്ന നിലപാടാണു വിദ്യാഭ്യാസ മന്ത്രിയും യൂണിവേഴ്സിറ്റിയും കൈക്കൊണ്ടിരിക്കുന്നത്. ഈ അതിക്രമങ്ങളെ സമൂഹം ശക്തമായിത്തന്നെ നേരിടേണ്ട താണ്.ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ പഠിക്കു ജ്യോതി, സഹൃദയാ എന്നീ എന്‍ജിനീയറിംഗ് കോളജുകളിലെയും ജൂബിലി, അമല എന്നീ മെഡിക്കല്‍ കോളജുകളിലെയും വിദ്യാര്‍ഥികളെയാണു സര്‍ക്കാര്‍ നിരന്തരമായി പീഡിപ്പിക്കുന്നത്. വിദ്യാര്‍ഥികളുടെ പരീക്ഷ നടത്താതിരിക്കുക, പരീക്ഷാഫലം പ്രസിദ്ധീകരിക്കാതിരിക്കുക, കോളജുകളുടെ അഫിലിയേഷന്‍ റദ്ദുചെയ്യുക തുടങ്ങിയ ക്രൂരമായ പീഡനങ്ങളാണു യൂണിവേഴ്സിറ്റി ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നത്. വിദ്യാഭ്യാസമന്ത്രിയുടെ താത്പര്യ പ്രകാരം യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ആണ് ഈ പീഡനങ്ങള്‍ ആസൂത്രണം ചെയ്യുന്നതെന്നാണു നിരീക്ഷകര്‍ പറയുന്നത്. എന്‍ജിനിയറിംഗ് കോളജുകളില്‍ ഈ വരുന്ന ചൊവ്വാഴ്ച നടക്കേണ്ട പരീക്ഷകളില്‍ ഈ കോളജുകളിലെ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്താതിരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ യൂണിവേഴ്സിറ്റി നടത്തുന്നത്.ഏറ്റവും സുതാര്യവും മെരിറ്റനുസരിച്ചും ന്യായമായ ഫീസുമാത്രം ഈടാക്കിയും പ്രവര്‍ത്തിക്കുന്ന കോളജുകളെന്നു ഹൈക്കോടതി നിരീക്ഷിച്ചിട്ടുള്ള ഈ സ്ഥാപനങ്ങളുടെ ജനാധിപത്യപരമായ ന്യൂനപക്ഷാവകാശങ്ങള്‍ അടിയറവയ്പ്പിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇങ്ങനെ ബലംപ്രയോഗിച്ചും സമ്മര്‍ദത്തിലാക്കിയും ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നതു സര്‍ക്കാരിന്റെ ഏകാധിപത്യ-സര്‍വാധിപത്യ മനോഭാവത്തിന്റെ പ്രതിഫലനമായിട്ടേ കാണാനാവൂ.വിദ്യാര്‍ഥികളുടെയും കലാലയത്തിന്റെയും ഓരോ ചെറിയ കാര്യത്തിനും കോടതിയെ സമീപിക്കേ ണ്ട സാഹചര്യമാണ് കാലിക്കട്ട് യൂണിവേഴ്സിറ്റി ആസൂത്രിതമായി സൃഷ്ടിച്ചിരിക്കുന്നത്. ജനാധിപത്യ വിരുദ്ധവും കേരളത്തിന്റെ വളര്‍ച്ചയെ തകര്‍ക്കുന്നതും വിദ്യാര്‍ഥികളുടെ ഭാവി പന്താടുന്നതുമായ ഈ നീക്കങ്ങളില്‍നിന്നും വിദ്യാഭ്യാസ മന്ത്രിയും യൂണിവേഴ്സിറ്റിയും പിന്‍വാങ്ങണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.