ജനാധിപത്യരാജ്യത്ത് മനുഷ്യന്റെ മൗലികാവകാശങ്ങള്‍ നിഷേധിക്കുകയും നിയമത്തെ കൈയിലെടുക്കുകയും ചെയ്യുന്ന രാമസേന പോലുള്ള സംഘടനകളെ നിരോധിക്കണമെന്ന് കെ.സി.ബി.സി. ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ അഭിപ്രായപ്പെട്ടു. മംഗലാപുരത്ത് രാമസേന പ്രവര്‍ത്തകര്‍ സി.എച്ച് കുഞ്ഞമ്പു എം.എല്‍എ.യുടെ മകളെ തട്ടിക്കൊണ്ടു പോയതും അവരുടെ സഹപാഠിയുടെ സഹോദരനോട് സംസാരിച്ചതിന് അയാളെ ക്രൂരമായി മര്‍ദ്ദിച്ചതും വാലന്റൈന്‍ ദിനത്തില്‍ ബലമായി വിവാഹം നടത്തുമെന്ന പ്രഖ്യാപനവുമൊക്കെ മനുഷ്യന്റെ മൗലികാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണ്. ഇത്തരം ഹീനപ്രവര്‍ത്തി നടത്തുന്നവരെ സാമൂഹ്യവിരുദ്ധരായും ജനാധിപത്യ വിരോധികളായും മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളൂ. രാമസേനപ്രവര്‍ത്തകരെ നിയന്ത്രിച്ചില്ലായെങ്കില്‍ വഴിയിലൂടെ നടന്നുപോകുന്ന സഹോദരീ സഹോദരന്മാരെ പോലും അവര്‍ ബലമായി വിവാഹം നടത്തുവാന്‍ സാധ്യതയുണ്ട്. മാത്രമല്ല ഇത്തരം ഹീനപ്രവര്‍ത്തനങ്ങള്‍ അയല്‍സംസ്ഥാനങ്ങളിലേക്കും വ്യാപിക്കാന്‍ കാരണമാകും. ദേശീയ മനുഷ്യാവകാശ കമ്മീഷനും കേന്ദ്രമന്ത്രിസഭയും ഇടപെട്ടിട്ടുപോലും രാമസേനപ്രവര്‍ത്തകരെ നിയന്ത്രിക്കുവാന്‍ എന്തുകൊണ്ടാണ് കര്‍ണാടക സര്‍ക്കാരിനു സാധിക്കാത്തത്? ആയതിനാല്‍ മനുഷ്യന്റെ മൗലികാവകാശങ്ങളില്‍ കടന്നുകയറ്റം നടത്തുന്ന ജനാധിപത്യ വിരുദ്ധരെ നിരുത്സാഹപ്പെടുത്തുവാന്‍ സാമൂഹ്യ- സാംസ്കാരിക നേതാക്കള്‍ മുന്നോട്ട് വരണമെന്ന് കമ്മീഷന്‍ സെക്രട്ടറി ആഹ്വാനം ചെയ്തു.വ്യാഴാഴ്ച കോഴിക്കോടിനു സമീപം എരഞ്ഞിപ്പാലത്ത് വെളിച്ചവും വായുവും കടക്കാത്ത കണ്ടെയ്നര്‍ ലോറിയില്‍ കൈകുഞ്ഞുങ്ങളും അമ്മമാരുമടക്കം 40 തൊഴിലാളികളെ അവശനിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതും മനുഷ്യാവകാശലംഘനവുമാണ്. സാമൂഹ്യനീതിക്കും സമത്വത്തിനും വിലകല്‍പിക്കുന്ന നമ്മുടെ സമൂഹത്തില്‍ മനുഷ്യജീവന് യാതൊരു വിലയും കല്‍പിക്കാത്ത സംഭവമാണ് നടന്നത്. കണ്ടെയ്നര്‍ ലോറിയില്‍ മനുഷ്യക്കടത്ത് നടത്തിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. മാത്രമല്ല ഭരണാധികാരികള്‍ മനുഷ്യാവകാശ ലംഘനത്തിനെതിരേ കര്‍ശന നിലപാട് സ്വീകരിക്കണം - കമ്മീഷന്‍ സെക്രട്ടറി ആവശ്യപ്പെട്ടു.