Thursday, February 5, 2009

ദൈവാനുഭവത്തില്‍ വളര്‍ന്ന്‌ പ്രലോഭനത്തെ അതിജീവിക്കണം: ഡോ. സൂസപാക്യം

ദൈവാനുഭവത്തിന്റെ മാധുര്യം നുകര്‍ന്ന്‌ പിശാചിന്റെ പ്രലോഭനങ്ങളെ അതിജീവിക്കണമെന്ന്‌ തിരുവനന്തപുരം അതിരൂപതാ ആര്‍ച്ച്ബിഷപ്‌ ഡോ. എം. സൂസപാക്യം ഉദ്ബോധിപ്പിച്ചു. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച നാലാമത്‌ അനന്തപുരി കാത്തലിക്‌ ബൈബിള്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവാനുഭവത്തിലേക്ക്‌ കടന്നുവരുന്നവര്‍ക്ക്‌ മാത്രമേ പിശാചിന്റെ പ്രലോഭനങ്ങളെ നേരിടാനുള്ള ശക്തി ലഭിക്കുകയുള്ളൂ.മാമ്മൂദീസയും, സ്ഥൈര്യലേപനവും സ്വീകരിച്ചു കൊണ്ട്‌ ക്രിസ്തു ശിഷ്യന്‍മാരായ നമ്മള്‍ ചെയ്ത വാഗ്ദാനം പാലിക്കേണ്ട സമയമാണിത്‌. വിശ്വാസവും പ്രാര്‍ഥനയും ഉപവാസവും ആയുധമായി ഉപയോഗിച്ച്‌ പിശാചിന്റെ പ്രലോഭനങ്ങളെ നേരിടാന്‍ സാധിക്കുമെന്ന്‌ ആര്‍ച്ച്ബിഷപ്‌ വ്യക്തമാക്കി.ദൈവരാജ്യം സ്ഥാപിക്കാനാണ്‌ യേശു ലോകത്തിലേക്ക്‌ കടന്നുവന്നത്‌. സുവിശേഷം പ്രസംഗിച്ചും, പിശാചുക്കളെ ബഹിഷ്കരിച്ചും രോഗികളെ സുഖപ്പെടുത്തിയും യേശു ലോകത്തെ നന്മയിലേക്ക്‌ നയിച്ചു കൊണ്ട്‌ കടന്നു വന്നു. യേശുവിന്റെ ശിഷ്യന്‍മാരായ നമ്മളും ഈ ദൗത്യം ഏറ്റെടുത്ത്‌ പാലിക്കാന്‍ കടപ്പെട്ടരാണ്‌. നിങ്ങള്‍ ലോകത്തിലേക്ക്‌ പോകുവിന്‍. സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നതായി അറിയിക്കുവിന്‍. രോഗികളെ സുഖപ്പെടുത്തുകയും പിശാചുക്കളെ സുഖപ്പെടുത്തുകയും ചെയ്യുവിനെന്നാണ്‌ ക്രിസ്തു അരുളിചെയ്തത്‌-ആര്‍ച്ച്ബിഷപ്‌ അറിയിച്ചു. നമ്മുടെ നാട്‌ മദ്യത്തിന്റെ പ്രലോഭനത്തിലേക്ക്‌ ആഴ്‌ന്നു കൊണ്ടിരിക്കുകയാണ്‌. കഴിഞ്ഞ ഡിസംബറില്‍ അമ്പത്കോടിയുടെ മദ്യമാണ്‌ കേരളം കുടിച്ചത്‌. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ പത്ത്‌ കോടി രൂപയുടെ കൂടുതലാണിത്‌. ഇതില്‍ ഒരു കോടി രൂപയുണ്ടായിരുന്നുവെങ്കില്‍ അമ്പത്‌ വീട്‌ വച്ച്‌ പാവപ്പെട്ടവര്‍ക്ക്‌ നല്‍കാമായിരുന്നു. 3500 കോടി രൂപയുടെ അരിയാണ്‌ ഒരു വര്‍ഷം നമ്മള്‍ ഭക്ഷിക്കുന്നത്‌. എന്നാല്‍ ഒരു വര്‍ഷം പതിനായിരം കോടിയുടെ മദ്യമാണ്‌ മലയാളി കുടിക്കുന്നത്‌. കോടികളുടെ വരുമാനം കാണുമ്പോള്‍ സര്‍ക്കാരിന്‌ സന്തോഷമാണ്‌. എന്നാല്‍ ഇതിനു പിന്നിലുള്ള മദ്യദുരന്തത്തെ കുറിച്ച്‌ നമ്മളും സര്‍ക്കാരും ചിന്തിക്കുന്നില്ല. മദ്യത്തിലൂടെ ലഭിക്കുന്ന വരുമാനത്തില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ സന്തോഷിക്കുകയാണ്‌. നമ്മള്‍ നശിച്ചാലും ഖജനാവും പാര്‍ട്ടിയും രക്ഷപ്പെടണമെന്നാണ്‌ സര്‍ക്കാരിന്റെ നിലപാടെന്ന്‌ ഡോ.സൂസപാക്യം കുറ്റപ്പെടുത്തി. അഞ്ച്‌ പേരെയെങ്കിലും മദ്യത്തില്‍ നിന്നും മോചിപ്പിക്കാന്‍ കഴിഞ്ഞാല്‍ ക്രിസ്തുവിനു നല്‍കിയ വാഗ്ദാനം പാലിക്കാന്‍ ക്രൈസ്തവരായ നമ്മള്‍ക്ക്‌ സാധിക്കും. മനുഷ്യനെ തിന്മയിലേക്ക്‌ നയിക്കുന്ന പിശാച്‌ ഉപയോഗിക്കുന്ന തന്ത്രമാണ്‌ മദ്യമെന്ന്‌ അദ്ദേഹം പറഞ്ഞു.വിശ്വാസമില്ലാത്തവരുടെ തലമുറയാണ്‌ ഇപ്പോള്‍ വളര്‍ന്നുവരുന്നത്‌. പിശാചിന്റെ തന്ത്രം തിരിച്ചറിയാന്‍ മനുഷ്യന്‌ സാധിക്കണം. സാത്താന്റെ പ്രലോഭനങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും ആര്‍ച്ച്ബിഷപ്‌ ചൂണ്ടികാട്ടി.നന്മയില്‍ ഉറച്ചുനില്‍ക്കാനും സാത്താനെ ബഹിഷ്കരിക്കാനും വിശ്വാസികളായ നമ്മള്‍ക്ക്‌ കഴിയണം. പ്രാര്‍ഥനയും ഉപവാസവും വിശ്വാസവും കൊണ്ട്‌ ഇത്‌ സാധിക്കും. ദൈവീകശക്തി നേടി മാത്രമേ പിശാചിന്റെ പ്രലോഭനങ്ങളെ അതിജീവിക്കാന്‍ നമ്മള്‍ക്ക്‌ സാധിക്കൂവെന്നും ആര്‍ച്ച്ബിഷപ്‌ കൂട്ടിച്ചേര്‍ത്തു.